ഇന്ത്യൻ ടീമിനെ നാണംകെടുത്തി നാറ്റിച്ചു… ഒടുവിൽ രാജി തീരുമാനം

വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ആരോപണങ്ങൾക്കുമൊടുവിൽ ഇന്ത്യയുടെ ചീഫ് സെലക്ടർ ചേതൻ ശർമ തന്റെ രാജി സമർപ്പിച്ചു. രാജിക്കുള്ള അപേക്ഷ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ശർമ കൈമാറി എന്നാണ് ഒരു പ്രമുഖ ന്യൂസ് ചാനൽ റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സീ ന്യൂസ്‌ സ്റ്റിംഗ് ഓപ്പറേഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷമാണ് ചേതൻ ശർമയുടെ രാജി സമർപ്പണം.

ഇന്ത്യൻ ക്രിക്കറ്റിനെ വളരെയധികം ഞെട്ടിച്ച സംഭവങ്ങളായിരുന്നു കഴിഞ്ഞദിവസം സീ ന്യൂസിന്റെ ഒളിക്യാമറ ഓപ്പറേഷനിൽ കാണാൻ സാധിച്ചത്. ഇന്ത്യയുടെ സെലക്ടർ ചേതൻ ശർമ ടീമിനെയും ഇന്ത്യൻ കളിക്കാരെയും സംബന്ധിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തുകയുണ്ടായി. ഇന്ത്യൻ താരങ്ങൾ ഫിറ്റ്നസ് തെളിയിക്കുന്നതിന്റെ ഭാഗമായി കൃത്രിമമായി ഇഞ്ചക്ഷൻ എടുക്കാറുണ്ടെന്നും, അതിനായി അവർ വ്യക്തിഗത ഡോക്ടർമാരെ നിയമിച്ചിട്ടുണ്ടെന്നും ചേതൻ ശർമ്മ പറഞ്ഞു.

ഒപ്പം ഇന്ത്യയുടെ നായകൻ രോഹിത് ശർമയും ഹാർദിക് പാണ്ട്യയും അടക്കമുള്ളവർ തന്റെ വീട്ടിൽ സ്ഥിരം സന്ദർശനം നടത്താറുണ്ടെന്നും, ടീം സെലക്ഷനെപ്പറ്റി തങ്ങൾ ആലോചിക്കാറുണ്ടെന്നും ചേതൻ പറയുകയുണ്ടായി. ഗാംഗുലിയും കോഹ്ലിയും തമ്മിലുള്ള പ്രശ്നങ്ങളെപ്പറ്റിയും ചേതൻ ശർമ്മ പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള ശത്രുതയാണ് വിരാട് കോഹ്ലിക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകാൻ കാരണമായത് എന്ന രീതിയിലായിരുന്നു ചേതൻ സംസാരിച്ചത്.

ഇത്തരം കാര്യങ്ങൾ പുറത്തുവന്നതോടുകൂടി വലിയ രീതിയിലുള്ള വിമർശനങ്ങൾ ചേതൻ ശർമക്കെതിരെ ഉയർന്നിരുന്നു. അതിനാൽ തന്നെ ബിസിസിഐ ശർമക്കെതിരെ ശക്തമായ നടപടിയെടുക്കും എന്നത് ഉറപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് ചേതൻ ശർമയുടെ രാജി. എന്തായാലും ഇത് വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചയാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Rate this post