കിഷൻ കിടു ഫോം….സഞ്ജുവിന് ഇനി ഇന്ത്യൻ ടീമിൽ സ്ഥാനമില്ല;ചേതന്‍ ശര്‍മയുടെ വെളിപ്പെടുത്തല്‍
ഇന്ത്യൻ ക്രിക്കറ്റ് ലോകത്തുനിന്ന് ഞെട്ടിക്കുന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. ദേശീയ ചീഫ് സെലക്ടർ ആയ ചേതൻ ശർമയെ ദേശീയ മാധ്യമമായ സീ ന്യൂസ് ഒളിക്യാമറ ട്രാപ്പിൽ പെടുത്തിയിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ആണ് ചേതൻ ശർമ നടത്തിയിരിക്കുന്നത്. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുമ്ര തുടങ്ങിയവരുടെ പേരുകൾ എല്ലാം ചേതൻ ശർമ പരാമർശിക്കുന്നുണ്ട്.
വിരാട് കോഹ്ലിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഒഴിവാക്കിയത് അന്നത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ താല്പര്യപ്രകാരമായിരുന്നു എന്ന് ചേതൻ ശർമ വെളിപ്പെടുത്തി. കോഹ്ലി ബിസിസിഐയോട് ചോദിക്കാതെ ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതാണ്, ഗാംഗുലിക്ക് കോഹ്ലിയോടുള്ള മതിപ്പ് നഷ്ടമാകാൻ കാരണമായത് എന്നും ചേതൻ ശർമ പറഞ്ഞു. സഞ്ജു സാംസൺ ഇനി ഇന്ത്യൻ ടീമിൽ ഉണ്ടാകില്ല എന്നാണ് ചേതൻ ശർമ നടത്തിയ മറ്റൊരു വെളിപ്പെടുത്തൽ.

ക്രിക്കറ്റ് താരങ്ങളുടെ ഭാവിയും വർത്തമാനവും താൻ ഉൾപ്പെടെയുള്ള 5 സെലക്ടർമാരുടെ കയ്യിൽ ആണെന്ന് ചേതൻ ശർമ പറയുന്നു. ഇഷാൻ കിഷൻ ഡബിൾ സെഞ്ചുറി നേടിയതോടെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സഞ്ജു സാംസണിന്റെ സാധ്യതകൾ അവസാനിച്ചു എന്നാണ് ചേതൻ ശർമ പറഞ്ഞത്. സഞ്ജുവിന് ഇന്ത്യൻ ടീമിൽ ഇനി സ്ഥാനം ഇല്ല എന്നും വീഡിയോയിൽ ദേശീയ സെലക്ടർ പരാമർശിക്കുന്നു. ഫിറ്റ്നസ് കൃത്രിമമായി തെളിയിക്കുന്നതിനായി കളിക്കാർ ഇഞ്ചക്ഷൻ ഉപയോഗിക്കുന്നു എന്ന മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ചേതൻ ശർമ നടത്തിയിരിക്കുന്നത്.
പൂർണ്ണ ഫിറ്റ്നസ് നേടുന്നതിന് മുന്നേ തന്നെ, ബിസിസിഐയുടെ ടെസ്റ്റ് പാസാകുന്നതിന് വേണ്ടി കളിക്കാർ ഇഞ്ചക്ഷൻ ഉപയോഗിക്കുന്നുണ്ട് എന്നും, അവർ ഉപയോഗിച്ച മരുന്ന് മറ്റൊരു ടെസ്റ്റിലും കണ്ടെത്താൻ സാധിക്കില്ല എന്നും ചേതൻ ശർമ പറയുന്നു. ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര ഉൾപ്പെടെയുള്ള താരങ്ങളുടെ പേര് പരാമർശിച്ചു കൊണ്ടാണ് ചേതൻ ശർമ വലിയ വിവാദങ്ങൾക്ക് വഴിവെക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.