
ചെപ്പോക്ക് മണ്ണിൽ ചെന്നൈ ആറാട്ട്!! ലക്ക്നൗ എതിരെ 12 റൺസ് ജയം | Chennai Super Kings
Chennai Super Kings;ഐപിഎല്ലിന്റെ 2023ലെ സീസണിൽ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. ചെന്നൈയിൽ നടന്ന മത്സരത്തിൽ ലക്നൗവിനെതിരെ 12 റൺസിന്റെ വിജയമാണ് മഞ്ഞപ്പട സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റസിനോട് പരാജയമേറ്റുവാങ്ങിയ ചെന്നൈയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം തന്നെയാണ് ഈ വിജയം നൽകിയിരിക്കുന്നത്. ബാറ്റിംഗിൽ മുൻനിരയുടെ തകർപ്പൻ വെടിക്കെട്ടും, ബോളിങ്ങിൽ മൊയീൻ അലിയുടെ സ്പിന്നിങ് തന്ത്രങ്ങളുമാണ് ചെന്നൈ സൂപ്പർ കിങ്സിനെ മത്സരത്തിൽ വിജയത്തിലെത്തിച്ചത്.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ സൂപ്പർ ജെയന്റ്സ് ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ഋതുരാജും കോൺവെയും ചെന്നൈയ്ക്ക് നൽകിയത്. ആദ്യ വിക്കറ്റിൽ 110 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് സൃഷ്ടിച്ചത്. ഋതുരാജ് 31 പന്തുകളിൽ 57 റൺസെടുത്തപ്പോൾ, കോൺവെ 29 പന്തുകളിൽ 47 റൺസ് നേടി. പിന്നാലെയെത്തിയ ശിവം ദുബെയും(27) അമ്പട്ടി റായിഡുവും(27) ചെന്നൈക്കായി കളം നിറഞ്ഞപ്പോൾ വമ്പൻ സ്കോറിലേക്ക് ചെന്നൈ കുതിക്കുകയായിരുന്നു. അവസാന ഓവറിൽ ധോണിയുടെ രണ്ട് സിക്സർ കൂടി പിറന്നതോടെ ചെന്നൈ 217 ന് 7 എന്ന സ്കോറിൽ എത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ലക്നൗവിന് ഒരു വെടിക്കെട്ട് തുടക്കം തന്നെയാണ് കൈൽ മേയെഴ്സ് നൽകിയത്. ചെന്നൈയുടെ മുൻനിര ബോളർമാരെ പഞ്ഞിക്കിട്ട മേയേഴ്സ് 22 പന്തുകളിൽ 53 റൺസ് നേടി. ഇന്നിംഗ്സിൽ എട്ടു ബൗണ്ടറികളും രണ്ട് സിക്സറുകളുമാണ് ഉൾപ്പെട്ടത്. എന്നാൽ മേയേഴ്സ് കൂടാരം കയറിയതിനു ശേഷം ചെന്നൈ മത്സരത്തിലേക്ക് തിരികെ വരുകയായിരുന്നു. മോയിൻ അലിയുടെയും മിച്ചൽ സാന്റ്നറുടെയും സ്പിന്നിന്റെ മികവിൽ ചെന്നൈ മത്സരത്തിൽ കൃത്യമായ ആധിപത്യം സ്ഥാപിച്ചു. അവസാന ഓവറുകളിൽ നിക്കോളാസ് പൂറൻ(31) അടക്കമുള്ള ബാറ്റർമാർ പൊരുതിയെങ്കിലും ചെന്നൈയുടെ സ്കോർ മറികടക്കാൻ സാധിച്ചില്ല. മത്സരത്തിൽ 12 റൺസിന്റെ വിജയമാണ് ചെന്നൈ നേടിയത്.
എന്നിരുന്നാലും മത്സരത്തിൽ ചെന്നൈയുടെ ബോളിഗ് നിരയുടെ ബലഹീനത വീണ്ടും വ്യക്തമായിരുന്നു. ആദ്യ ഓവറുകളിൽ കൈൽ മേയേഴ്സ് ചെന്നൈ ബോളർമാരെ പൊങ്കാലയിടുന്നത് തന്നെയാണ് കാണാൻ സാധിച്ചത്. വരും മത്സരങ്ങളിൽ സീം ബോളിംഗ് നിര ഈ നിലവാരം തുടരുകയാണെങ്കിൽ ചെന്നൈ സൂപ്പർ കിങ്സിന് പ്ലേഓഫിൽ എത്തുക എന്നത് ഒരു സ്വപ്നമായി തന്നെ അവസാനിക്കും.Chennai Super Kings