പ്രോ വോളിബോൾ ലീഗ് ഇന്ത്യൻ വോളിബോളിൽ കൊണ്ട് വന്ന മാറ്റങ്ങൾ

2019 ഫെബ്രുവരിയിൽ ബേസ്‌ലൈൻ വെഞ്ച്വേഴ്സിന്റെയും വി‌എഫ്‌ഐയുടെയും നേതൃത്വത്തിൽ നടന്ന പ്രൊ വോളി ലീഗ് ( പിവിഎൽ) വോളിബാളിനെ ഇന്ത്യയിലെ കായിക രംഗത്ത് മറ്റു ഇനങ്ങളോടൊപ്പം മുൻ നിരയിൽ എത്താൻ സഹായിച്ചു. പ്രൊ വോളിയുടെ ഫലമായി ഇന്ത്യൻ വോളിബാളിൽ ശക്തമായ മാറ്റങ്ങൾ വന്നു ഏഷ്യൻ അണ്ടർ 23 ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ പ്രകടനം, ഏഷ്യൻ സീനിയർ ചാമ്പ്യൻഷിപ്പ്, ഒളിമ്പിക് ക്വാളിഫൈയർസ്, ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പ് എന്നിവയിലെ ഇന്ത്യയുടെ പ്രകടനത്തിന് പിന്നിൽ പ്രൊ വോളിയുടെ സ്വാധീനം കാണാവുന്നതാണ്.

2008 ൽ ഐ‌പി‌എൽ ആരംഭിച്ചതിനുശേഷം രാജ്യത്ത് ഫുട്ബോളിലും, കബഡിയിലും, ബാഡ്മിന്റണിലും ലീഗുകൾ ആരംഭിച്ചെങ്കിലും വോളിബാളിൽ ലീഗ് ആരംഭിക്കാൻ 2019 വരെ കാത്തിരിക്കേണ്ടി വന്നു. എന്നാൽ വിജയകരമായ ഒരു സീസണ് ശേഷം അത് നിലച്ചു പോയിരിക്കുകയാണ്. വോളിബാളിൽ പ്രൊഫഷണലിസം കൊണ്ട് വരുന്നതിൽ പ്രൊ വോളി പ്രധാന പങ്കു വഹിച്ചു. വോളി താരങ്ങൾക്ക് സാമ്പത്തികമായി മികച്ച നേട്ടം കൈവരിക്കാനും, മികച്ച പരിശീലകർക്ക് കീഴിൽ കഴിവുകൾ വളർത്താനും, ഫിസിക്കൽ ട്രെയിനിങ്, വീഡിയോ അനാലിസിസ്, മികച്ച ഫിസിയോ സേവനങ്ങൾ എന്നി ഇന്ത്യൻ വോളീബോൾ താരങ്ങൾക്ക് പരിചയമില്ലാത്ത പലതും പ്രൊ വോളിയിലൂടെ കാണാൻ സാധിച്ചു. ഒളിമ്പിക്സ് ,വേൾഡ് ചാമ്പ്യൻഷിപ്പ് , യൂറോപ്യൻ ലീഗ് എന്നിവ കളിച്ച താരങ്ങൾക്കൊപ്പം കളിക്കാനും ഡ്രസിങ് റൂം പങ്കിടാൻ സാധിച്ചതും ഇന്ത്യൻ താരങ്ങളെ സംബന്ധിച്ചു വലിയ നേട്ടമാണ്.

ആരാധകരെ സംബന്ധിച്ച് ആദ്യമായി നിലവാരമുള്ള കോർട്ടിൽ ടെലിവിഷനിൽ മത്സരം ആസ്വദിക്കാൻ സാധിച്ചു. ഇന്ത്യൻ കളിക്കാരായ ജെറോം വിനിത്ത്, അജിത് ലാൽ, മോഹൻ ഉക്രപാണ്ഡിയൻ, കാർത്തിക് എ, രഞ്ജിത് സിംഗ്, സക്ലെയ്ൻ താരിഖ് എന്നിവരുടെ കഥകൾ രാജ്യവ്യാപകമായി ശ്രദ്ധ നേടി, കായികരംഗത്തെ അവരുടെ മികച്ച കഴിവുകളെക്കുറിച്ച് ഇന്ത്യക്കാർ ചർച്ച ചെയ്യാൻ തുടങ്ങി. മാധ്യമങ്ങളിൽ താരങ്ങളുടെ അഭിമുഖങ്ങളും വലിയ ചിത്രങ്ങളും വരാൻ തുടങ്ങി. വോളിബാളിനു അധികം വേരോട്ടമില്ലാത്ത സംസ്ഥാനങ്ങളിൽ നിന്നും പോലും താരങ്ങൾ പ്രൊ വോളി കളിയ്ക്കാൻ എത്തിയത് ഇതിന്റെ വിജയത്തെ സൂചിപ്പിക്കുന്നു.

ആദ്യ സീസണിലെ പോരായ്മകൾ പരിഹരിച്ചു രണ്ടാം സീസണ് വേണ്ടി ഫ്രാഞ്ചൈസികൾ തയ്യാറെടുക്കണ സമയത്താണ് വോളീബോൾ ഫെഡറേഷന്റെ കെടു കാര്യസ്ഥത മൂലം രണ്ടാമത്തെ സീസൺ നടക്കാതെ പോയത്. ആറു ടീമുകൾ പങ്കെടുത്ത ആദ്യ സീസണിൽ കൊച്ചിയിയിലെയും, ചെന്നൈയിലെയും സ്റ്റേഡിയത്തിലെ കാണികളുടെ പങ്കാളിത്തം ലീഗിന്റെ മഹത്തായ വിജയത്തെ സൂചിപ്പിക്കുന്നു . വോളിബാളിനെ കുറിച്ച് കൂടുതൽ ശ്രദ്ദിക്കാത്തവർ പോലും പ്രൊ വോളി ടെലിവിഷനിൽ കാണുന്നു ,സോഷ്യൽ മീഡിയകളിൽ അവർ കളിയെ കുറിച്ച് ചർച്ച ചെയ്യുന്നു എന്നിവയെല്ലാം നമുക്ക് ആദ്യ സീസണിൽ കാണാം സാധിച്ചു.

പ്രൊ വോളി പ്രാരംഭ സീസൺ ലോകത്തെ 33 രാജ്യങ്ങളിലായി 21 ദശലക്ഷം വ്യൂവർഷിപ്പ് നേടി. ആദ്യ ഏഴ് മത്സരങ്ങൾ ശരാശരി 2.9 ദശലക്ഷം കാഴ്ചക്കാരെ നേടി, ചുരുങ്ങിയ സമയത്തിനുള്ളിൽ ലീഗ് വലിയ ജനപ്രീതി നേടി .ഓരോ ഗെയിമിലും രണ്ട് ദശലക്ഷത്തിലധികം കാഴ്ചക്കാർ ടൂർണമെന്റിലേക്ക് കാഴ്ചക്കാരായി മാറി. ആദ്യ സീസണിൽ രാജ്യത്തെ മറ്റ് പ്രമുഖ കായിക ലീഗുകളായ പ്രോ കബഡി ലീഗ്, പ്രോ റെസ്‌ലിംഗ് ലീഗ്, പ്രീമിയർ ബാഡ്‌മിന്റൺ ലീഗ് അൾട്ടിമേറ്റ് ടേബിൾ ടെന്നീസ് എന്നിവയെക്കാൾ കാഴ്ചക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് പ്രൊ വോളി നേടിയത്. പ്രൊ വോളിയുടെ വരവോടെ രാജ്യത്ത് കൂടുതൽ കുട്ടികൾ വോളിബാളിലേക്ക് വരുന്നത് കാണാൻ സാധിച്ചു.

ആദ്യ സീസണ് ശേഷം താരങ്ങൾ രണ്ടാം സീസൺ ലക്‌ഷ്യം വെച്ച് കഠിന പരിശീലനം വരെ ആരംഭിച്ചു കഴിഞ്ഞിരുന്നു. പ്രൊ വോളിയുടെ രണ്ടാമത്തെ സീസൺ 2019 ഒക്ടോബര് -നവംബർ മാസങ്ങളിൽ നടക്കുമെന്ന് വോളിബാൾ ഫെഡറേഷൻ അറിയിച്ചെങ്കിലും അത് സാധ്യമായില്ല . 2020 ഫെബ്രുവരിയിൽ ആസൂത്രണം ചെയ്‌തെങ്കിലും അത് സാധ്യമായില്ല. വോളിബാൾ ഫെഡറേഷനിലെ കെടുകാര്യസ്ഥതയും ,പടലപ്പിണക്കവും ,തൊഴുത്തിൽകുത്തും, അധികാര മോഹവും ലോകത്തിനു മുൻപിൽ ഇന്ത്യൻ വോളിബാളിനെ തല ഉയർത്തി പിടിക്കാൻ സാധിക്കുന്ന ഉദ്യമത്തെ മനോഹരമായി നശിപ്പിച്ചിരിക്കുകയാണ്.

പ്രൊ വോളിയിൽ ടീമുകൾ എടുത്ത ആറു ഫ്രാഞ്ചൈസികളെ കുറിച്ച് പറയാതെ അവസാനിപ്പിക്കാൻ സാധിക്കില്ല. വർഷങ്ങളോളം നീണ്ടു നിൽക്കുന്ന ലീഗായി മാറുമെന്ന വിശ്വാസത്തോടെ കോടികൾ മുടക്കി ടീമുകളെ സ്വന്തമാക്കിയ ഫ്രാഞ്ചൈസികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ വോളി ഫെഡറേഷൻസ് സാധിക്കുന്നില്ല. വോളിബാൾ എന്ന കളിയോടുള്ള താല്പര്യം മുൻനിർത്തി ടീമിനെ സ്വന്തമാക്കിയ കാലിക്കറ്റ് ഹീറോസ് ഉടമ സഫീർ പി.ടി യെ പോലുള്ളവർ തൽസ്ഥിതി തുടർന്നാൽ വോളിബാൾ ഫെഡറേഷനുമായി സഹകരിക്കുമോ എന്നത് സംശയമാണ്. ഭീമമായ സാമ്പത്തിക നഷ്ടമാണ് പല ഫ്രാഞ്ചൈസികളും നേരിടേണ്ടി വന്നത്.

പ്രൊ വോളി നടത്തിപ്പുകാരായ ബേസ് ലൈൻ വെഞ്ച്വേഴ്സിന് കരാർ ലംഘിച്ചത് മൂലം വോളിബാൾ ഫെഡറേഷൻ 4 കോടി നഷ്ടപരിഹാരം കൊടുക്കണം എന്ന വിധി കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. പുതുതായി ചുമലയേറ്റ വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യ ഈ വര്ഷം തന്നെ പുതിയ ലീഗ് നടത്തുമെന്ന പ്രഖ്യാപനവുമായാണ് അധികാരത്തിലേറിയത്. ഈ വർഷമെങ്കിലും ഇന്ത്യൻ വോളിയയുടെ തലവര മാറ്റിമറക്കാവുന്ന വോളി ലീഗ് നടക്കണമെന്നാണ് ഒരു വോളി ആരാധകനും ,താരങ്ങളും ആഗ്രഹിക്കുന്നത്.