വെസ്റ്റ് ഇൻഡീസിനെതിരെ ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന രണ്ട് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരക്ക് ഫെബ്രുവരി 28ന് തുടക്കമാകും. അതിന്റെ മുന്നോടിയായി, വെസ്റ്റ് ഇൻഡീസും ദക്ഷിണാഫ്രിക്ക ഇൻവിറ്റേഷൻ ഇലവനും തമ്മിൽ ഒരു ടൂർ മാച്ച് കളിക്കുകയുണ്ടായി. ഇരു ടീമുകളും തമ്മിലുള്ള മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. എന്നാൽ, ഈ സൗഹൃദ മത്സരത്തെ ശ്രദ്ധേയമാക്കിയത് രണ്ട് യുവ താരങ്ങളാണ്.
നിലവിൽ വേസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്റെ ഭാഗമാണ്, ഇതിഹാസ താരമായ ശിവ്നറൈൻ ചന്ദ്രപോളിന്റെ മകൻ ടാഗനറൈൻ ചന്ദ്രപോൾ. ഓപ്പണർ കൂടിയായ ടാഗനറൈൻ ചന്ദ്രപോൾ, ഇപ്പോൾ മികച്ച ഫോമിലാണ് കളിക്കുന്നത്. അടുത്തിടെ സിംബാബ്‌വെക്കെതിരെ ഡബിൾ സെഞ്ച്വറി പ്രകടനം നടത്താൻ ടാഗനറൈൻ ചന്ദ്രപോളിന് സാധിച്ചിരുന്നു. എന്നാൽ, ദക്ഷിണാഫ്രിക്ക ഇൻവിറ്റേഷൻ ഇലവനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ രണ്ട് ഇന്നിംഗ്സുകളിലും ടാഗനറൈൻ ചന്ദ്രപോൾ നിറം മങ്ങിയ കാഴ്ചയാണ് കണ്ടത്.

രണ്ട് ഇന്നിങ്സുകളിലും ടാഗനറൈൻ ചന്ദ്രപോളിനെ പുറത്താക്കിയത് ഒരേ ബൗളർ തന്നെ. ദക്ഷിണാഫ്രിക്കൻ ഇതിഹാസ ഫാസ്റ്റ് ബൗളർ ആയിരുന്ന മഖായ ന്റിനിയുടെ മകൻ തണ്ടോ ന്റിനിയാണ് രണ്ട് ഇന്നിങ്സുകളിലും ടാഗനറൈൻ ചന്ദ്രപോളിന്റെ വിക്കറ്റ് വീഴ്ത്തിയത്. ഒന്നാം ഇന്നിങ്സിൽ 21 പന്തിൽ ഒരു റൺസ് മാത്രം എടുത്ത് ടാഗനറൈൻ ചന്ദ്രപോൾ പുറത്തായപ്പോൾ, രണ്ടാം ഇന്നിങ്സിൽ 12 ബോളിൽ 12 റൺസ് എടുക്കാനാണ് അദ്ദേഹത്തിന് സാധിച്ചത്.
ഒന്നാം ഇന്നിങ്സിൽ 12 ഓവർ ബോൾ ചെയ്ത തണ്ടോ ന്റിനി, 15 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോൾ, രണ്ടാം ഇന്നിങ്സിൽ 9 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളും വീഴ്ത്തി. 22-കാരനായ തണ്ടോ ന്റിനി, തന്റെ പിതാവിനെ പോലെ തന്നെ ഒരു ഫാസ്റ്റ് ബൗളർ ആണ്. 2021-ൽ സൗത്ത് ആഫ്രിക്ക എമർജിങ് മെൻസ് സ്‌ക്വാഡിൽ ഇടംപിടിച്ച തണ്ടോ ന്റിനി, ഇതുവരെ ദക്ഷിണാഫ്രിക്ക സീനിയർ ടീമിന് വേണ്ടി തന്റെ അരങ്ങേറ്റം കുറിച്ചിട്ടില്ല.