തോറ്റെങ്കിലും അഭിമാന നേട്ടം ചാഹലിന് സ്വന്തം!! അപൂർവ്വ നേട്ടത്തിൽ ലോർഡ്‌സിൽ ചാഹൽ

പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തിലും കരുത്തുകാട്ടി ഇന്ത്യൻ ബൗളർമാർ. ഇന്ത്യൻ ബൗളർമാർ ഒരിക്കൽ കൂടി മികച്ച പ്രകടനം പുറത്തെടുത്തതോടെ, ലോഡ്സിലും 50 ഓവർ തികയും മുമ്പ് ഇംഗ്ലീഷ് ബാറ്റിംഗ് നിര കൂടാരം കയറി. ആദ്യ മത്സരത്തിൽ ജസ്‌പ്രീത് ബുംറയാണ്‌ ഇന്ത്യൻ നിരയിൽ തിളങ്ങിയതെങ്കിൽ, പുരോഗമിക്കുന്ന മത്സരത്തിൽ സ്പിന്നർ യുസ്വേന്ദ്ര ചഹലിന്റെ വിക്കറ്റ് വേട്ടക്കാണ് ക്രിക്കറ്റ്‌ ലോകം സാക്ഷികളായത്.

10 ഓവറിൽ 47 റൺസ് വഴങ്ങി 4 വിക്കറ്റാണ് ചഹൽ വീഴ്ത്തിയത്. ഇതോടെ, ഏകദിന ഫോർമാറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ലോഡ്സിലെ ഏറ്റവും മികച്ച ബൗളിംഗ് ഫിഗർ ചഹലിന്റെ പേരിലായി. ഇംഗ്ലണ്ട് ടോപ് ഓർഡർ ബാറ്റർമാരായ ജോണി ബെയർസ്റ്റോ (38), ജോ റൂട്ട് (11), ഓൾ റൗണ്ടർമാരായ ബെൻ സ്റ്റോക്സ്‌ (21), മൊയീൻ അലി (47) എന്നിവരുടെ വിക്കറ്റുകളാണ് ചഹൽ വീഴ്ത്തിയത്.

ചഹലിനൊപ്പം പേസർമാരായ ജസ്‌പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും 2 വീതം വിക്കറ്റുകളും, മുഹമ്മദ്‌ ഷമിയും പ്രസിദ് കൃഷ്ണയും ഓരോ വിക്കറ്റും വീഴ്ത്തിയതോടെ ഇംഗ്ലീഷ് കോട്ട പൂർത്തിയായി. 49 ഓവറിൽ 246 റൺസാണ് ഇംഗ്ലണ്ട് നേടിയത്. 47 റൺസെടുത്ത മൊയീൻ അലിയാണ്‌ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.

അതേസമയം മത്സരത്തിൽ ഇന്ത്യൻ ടീം 100 റൺസ്‌ തോൽവി വഴങ്ങി.ഇംഗ്ലണ്ട് പേസർ റീസ് ടോപ്ലി 6 വിക്കറ്റുകൾ വീഴ്ത്തിയാപ്പോൾ ഇന്ത്യൻ ബാറ്റിങ് നിരക്ക് പ്രതീക്ഷിച്ച മികവിലേക്ക് എത്താനായി കഴിഞ്ഞില്ല. ജൂലൈ 17നാണ് ഏകദിന പരമ്പരയിലെ അവസാന മത്സരം. മത്സരം ജയിക്കുന്നവർ ഏകദിന പരമ്പര നേടും.