സഞ്ജുവിന്റെ പ്രകടനം ഞങ്ങൾക്ക് ആത്മവിശ്വാസം നൽകി ; മത്സരശേഷം സഞ്ജുവിനെ വാഴ്ത്തി യുസ്വേന്ദ്ര ചഹൽ

ക്വീൻസ് പാർക് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന മത്സരം, അവസാന ബോൾ വരെ നീണ്ടുനിന്ന ഒരു ത്രില്ലർ മത്സരമായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, 308 റൺസ് എന്ന കൂറ്റൻ ടോട്ടൽ കണ്ടെത്തിയെങ്കിലും, മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ അവസാന ബോൾ വരെ ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പരത്തി.

ഒടുവിൽ, അവസാന ഓവറിൽ ജയിക്കാൻ വെസ്റ്റ് ഇൻഡീസിന് 15 റൺസ് വേണം എന്നിരിക്കെ, ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാൻ പേസർ മുഹമ്മദ്‌ സിറാജിനെയാണ്‌ വിശ്വസിച്ച് പന്തേൽപ്പിച്ചത്. ഓവറിൽ ഒരു ബൗണ്ടറി വഴങ്ങിയെങ്കിലും, സിറാജിന്റെ യോർക്കറുകൾ വിജയം കണ്ടു. മത്സരശേഷം, സിറാജിന്റെ പ്രകടനത്തെ സ്പിന്നർ യുസ്വേന്ദ്ര ചഹൽ പ്രത്യേകം പരാമർശിക്കുകയും ചെയ്തു.

“മത്സരത്തിന്റെ അവസാന ഓവർ ഞങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മുഹമ്മദ് സിറാജിനെ ഏൽപ്പിച്ചത്. അവസാന ഓവറുകളിൽ ഒന്നോ രണ്ടോ പിഴച്ചത് ഒഴിച്ചാൽ, സിറാജിന്റെ യോർക്കറുകൾ മത്സരത്തിൽ ഫലം കണ്ടിരുന്നു. അതുകൊണ്ട് തന്നെ അവസാന ഓവറിൽ സിറാജിന് 15 റൺസ് ഡിഫെൻഡ് ചെയ്യാൻ സാധിക്കും എന്ന് ഞങ്ങൾ വിശ്വസിച്ചു,” ചഹൽ പറഞ്ഞു.

അതേസമയം, അവസാന ഓവറിൽ സിറാജ് എറിഞ്ഞ വൈഡ് ബോൾ, ബൗണ്ടറി കടക്കാതെ ഫീൽഡ് ചെയ്ത വിക്കറ്റ് കീപ്പർ സഞ്ജു സാംസണെയും ചഹൽ പരാമർശിച്ചു. “വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ എല്ലാ സമയത്തും ഞങ്ങൾക്ക് നല്ല ഭീഷണി ഉയർത്തിയിരുന്നു. അവസാന ഓവറിലെ സഞ്ജുവിന്റെ ഫീൽഡിംഗ് പ്രകടനം ഞങ്ങൾക്ക് ആത്മവിശ്വാസം നൽകി,” മത്സരശേഷം യുസ്വേന്ദ്ര ചഹൽ പറഞ്ഞു. വിക്കറ്റ് കീപ്പർ എന്ന നിലയിൽ സഞ്ജുവിന് തിളങ്ങാൻ ആയെങ്കിലും, ബാറ്റ്‌ കൊണ്ട് സഞ്ജു കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ നിരാശപ്പെടുത്തി.