ഹോട്ടലിന്റെ 15-ാം നിലയിൽ നിന്ന് താഴേക്കിടാൻ ശ്രമിച്ചു ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തി സ്പിന്നർ യുസ്വേന്ദ്ര ചാഹൽ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചു തുടങ്ങിയത് മുതലാണ്, യുസ്വേന്ദ്ര ചാഹൽ എന്ന ലെഗ് സ്പിന്നറെ ക്രിക്കറ്റ്‌ ലോകം തിരിച്ചറിയുന്നത്. എന്നാൽ, ആർസിബിയിൽ ചേരുന്നതിന് മുന്നേ ചാഹൽ, 5 തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്നു എന്ന് പലർക്കും അറിയില്ല. ഇപ്പോൾ, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആറാം പതിപ്പിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുമ്പോൾ തനിക്ക് അനുഭവപ്പെട്ട ഒരു ഭയാനകമായ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ലെഗ് സ്പിന്നർ.

പുതിയ ടീമംഗങ്ങളായ രവിചന്ദ്രൻ അശ്വിനും കരുണ് നായർക്കുമൊപ്പം നടത്തിയ സംഭാഷണത്തിൽ, മദ്യപിച്ചെത്തിയ ഒരു മുംബൈ ഇന്ത്യൻസ്‌ കളിക്കാരൻ, തന്നെ ഹോട്ടൽ കെട്ടിടത്തിന്റെ 15-ാം നിലയിലെ ബാൽക്കണിക്ക് പുറത്ത് അപകടകരമായ നിലയിൽ നിർത്തിയ സംഭവമാണ് ചാഹൽ വിശദീകരിച്ചത്. “ഞാൻ ഈ കഥ ഇതിന് മുമ്പ് എവിടെയും പറഞ്ഞിട്ടില്ല. ഇന്ന് അത് എല്ലാവരും അറിയും. 2013-ൽ ഞാൻ മുംബൈ ഇന്ത്യൻസിനൊപ്പമുള്ളപ്പോൾ, ഞങ്ങൾക്ക് ബാംഗ്ലൂരിൽ ഒരു മത്സരം ഉണ്ടായിരുന്നു. അതിനുശേഷം ഹോട്ടലിൽ ഒരു ഒത്തുചേരൽ ഉണ്ടായിരുന്നു,” ചാഹൽ പറഞ്ഞു.

“അപ്പോൾ ഒരു കളിക്കാരൻ വളരെ മദ്യപിച്ചിരുന്നു. അവന്റെ പേര് ഞാൻ പറയില്ല. അവൻ എന്നെ വളരെ നേരം നോക്കിയിരുന്നു, എന്നിട്ട് അവൻ എന്നെ വിളിച്ചു, ശേഷം അവൻ എന്നെ പുറത്തേക്ക് കൊണ്ടുപോയി, എന്നെ ബാൽക്കണിയിൽ കൈകൾ ഇങ്ങനെയാക്കി [ആംഗ്യങ്ങൾ] തൂക്കി. ഞാൻ 15-ാം നിലയിലായിരുന്നു,എനിക്ക് പിടി നഷ്ടപ്പെട്ടാൽ പിന്നെ എന്ത് സംഭവിക്കുമെന്ന് പറയേണ്ടല്ലോ,” ചാഹൽ തുടർന്നു.

“പെട്ടെന്ന് അവിടെയുണ്ടായിരുന്ന പലരും വന്ന് ആ സാഹചര്യം കൈകാര്യം ചെയ്തു. ഞാൻ ബോധരഹിതനായി, അവർ എനിക്ക് വെള്ളം തന്നു. എവിടെ പോയാലും നമ്മൾ എത്രമാത്രം ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അപ്പോൾ എനിക്ക് മനസ്സിലായി. അതിനാൽ എനിക്ക് ഒരു പാഠം പഠിപ്പിച്ചു തന്ന സംഭവമായിരുന്നു ഇത്. ചെറിയ ഒരു മിസ്റ്റേക്ക് പറ്റിയിരുന്നെങ്കിൽ ഞാൻ താഴെ വീണേനെ,” അദ്ദേഹം വെളിപ്പെടുത്തി.