ഓസ്ട്രേലിയയിലെ എയർപോർട്ടിൽ നിലത്ത് കിടന്ന് ഉറങ്ങുന്ന ഇന്ത്യൻ താരങ്ങൾ; ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

ടി20 ലോകകപ്പിലെ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ നാണംകെട്ട പരാജയത്തിന്റെ ഓർമ്മകൾ ഇപ്പോഴും ആരാധകരുടെ മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല. എന്നിരുന്നാലും, ജയപരാജയങ്ങൾ ക്രിക്കറ്റിന്റെ ഭാഗമായതിനാൽ തന്നെ, മോശം റിസൾട്ടുകളിൽ തല താഴ്ത്താതെ, വരാനിരിക്കുന്ന പരമ്പരകളിലും ടൂർണമെന്റ്കളിലും മികച്ച പ്രകടനം നടത്തി മുന്നേറാനാണ് ഇന്ത്യൻ ടീം ലക്ഷ്യമിടുന്നത്. ലോകകപ്പിന് ശേഷം ന്യൂസിലാൻഡ് പര്യടനത്തിനാണ് ടീം ഇന്ത്യ ഇപ്പോൾ തയ്യാറെടുക്കുന്നത്.

മൂന്ന് ടി20-കളും മൂന്ന് ഏകദിന മത്സരങ്ങളും അടങ്ങുന്ന പരമ്പരയ്ക്ക്, നവംബർ 18-ന് തുടക്കമാവും. വെല്ലിങ്ടൺ റീജിയണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ടി20 മത്സരത്തോടെയാണ് പരമ്പരയ്ക്ക് തുടക്കമാവുക. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഹാർദിക് പാണ്ഡ്യ ആണ് നയിക്കുന്നത്. ശേഷം നടക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യൻ നായകന്റെ ചുമതല ശിഖർ ധവാന് ആണ്.

ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമംഗങ്ങൾ രണ്ട് ഫ്ലൈറ്റുകളിൽ ആയിയാണ് ഓസ്ട്രേലിയയിൽ നിന്ന് മടങ്ങിയത്. ന്യൂസിലാൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ താരങ്ങൾ, ഓസ്ട്രേലിയയിൽ നിന്ന് ന്യൂസിലാൻഡിലേക്ക് തിരിച്ചപ്പോൾ, പര്യടനത്തിൽ ഉൾപ്പെടാത്ത ഇന്ത്യൻ താരങ്ങൾ തിരികെ ഇന്ത്യയിലേക്ക് മടങ്ങി. ന്യൂസിലാൻഡിലേക്ക് യാത്ര ചെയ്യാനായി, ഓസ്ട്രേലിയയിലെ എയർപോർട്ടിൽ കാത്തിരിക്കുന്ന ഇന്ത്യൻ താരങ്ങളായ യുസ്വേന്ദ്ര ചഹൽ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് എന്നിവരുടെ രസകരമായ ഒരു ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

എയർപോർട്ടിൽ നിലത്ത് ഇരുന്ന് ഉറങ്ങുന്ന സൂര്യകുമാർ യാദവിന്റെ, കളികളിൽ തല വെച്ച് ഋഷഭ് പന്തും, പന്തിന്റെ വയറിൽ തല വെച്ച് യുസ്വേന്ദ്ര ചഹലും ഉറങ്ങുന്നതിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ചഹലിന്റെ ഭാര്യ ധനശ്രീ വർമ്മയാണ് ഈ ചിത്രം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ന്യൂസിലാൻഡ് പര്യടനത്തിനുള്ള സഞ്ജു സാംസൺ ഉൾപ്പെടെയുള്ള ലോകകപ്പ് സ്ക്വാഡിൽ ഇല്ലാതിരുന്ന ഇന്ത്യൻ താരങ്ങൾ, ഉടനെ ഇന്ത്യയിൽ നിന്ന് ന്യൂസിലാൻഡിലേക്ക് യാത്ര തിരിക്കും.