ലേലദിനം ചെന്നൈക്ക് ഫാഫ് ഡ്യൂപ്ലസിസിന്റെ മറുപടി ; പൊട്ടിച്ചിരിച്ച് ആർസിബി

ഐപിഎൽ 2022 താരലേലത്തിന്റെ ആദ്യ ദിനം, ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകരെ നിരാശരാക്കിയ ഒരു വാർത്തയായിരുന്നു അവരുടെ ഏറ്റവും മികച്ച ഓപ്പണർ ആയിരുന്ന ഫാഫ് ഡ്യൂപ്ലസിസിനെ ലേലത്തിൽ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ സ്വന്തമാക്കിയത്. 2011 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമായ ഡ്യൂപ്ലസിസ്‌, സിഎസ്കെയ്ക്കൊപ്പം 9 സീസണുകൾ കളിച്ച താരമാണ്.

2 കോടി അടിസ്ഥാന വില ഉണ്ടായിരുന്ന ദക്ഷിണാഫ്രിക്കൻ താരത്തെ 7 കോടി രൂപയ്ക്കാണ് ആർസിബി സ്വന്തമാക്കിയത്. ലേലത്തിൽ, സിഎസ്കെയാണ് ബിഡ്ഡിംഗിന് തുടക്കമിട്ടതെങ്കിലും, ആർസിബിയും ലക്നൗ സൂപ്പർ ജിയന്റ്സുമാണ് ഡ്യൂപ്ലസിസിന് വേണ്ടിയുള്ള ലേലത്തിൽ വാശിയേറിയ മത്സരം കാഴ്ചവെച്ചത്. എബി ഡിവില്ല്യേഴ്സ്‌ പോയ ഒഴിവിലേക്കാണ് ആർസിബി പരിചയസമ്പന്നനായ മറ്റൊരു ദാക്ഷാനിഫ്രിക്കൻ താരത്തെ ടീമിൽ എത്തിച്ചിരിക്കുന്നത്.

എന്നാൽ, തന്റെ കഴിവിൽ വിശ്വാസം അർപ്പിക്കാത്ത സിഎസ്കെ മാനേജ്മെന്റിന് തകർപ്പൻ തിരിച്ചടി നൽകിയിരിക്കുകയാണ് ഫാഫ് ഡ്യൂപ്ലസിസ്‌. ഇന്നലെ, ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ നടന്ന കൊമില്ല വിക്ടോറിയൻസ് കുൽന ടൈഗേഴ്സ്‌ മത്സരത്തിൽ, ആദ്യം ബാറ്റ് ചെയ്ത കൊമില്ല വിക്ടോറിയൻസിന് വേണ്ടി നാലാമനായി ക്രീസിൽ എത്തിയ ഡ്യൂപ്ലസിസ്‌, 54 പന്തിൽ 101 റൺസ് എടുത്ത്, ഒരു തകർപ്പൻ സെഞ്ച്വറി തികച്ചു.

12 ഫോറും 3 സിക്സും സഹിതം 187.04 സ്ട്രൈക്ക് റേറ്റിൽ ആണ് ഡ്യൂപ്ലസിസിന്റെ സെഞ്ച്വറി നേട്ടം. ഇതിലെ മറ്റൊരു കാര്യം എന്തെന്നാൽ, ബാംഗ്ലൂരിൽ നടന്ന ഐപിഎൽ താരലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഡ്യൂപ്ലസിസിനെ കയ്യൊഴിഞ്ഞ സാഹചര്യത്തിൽ, ആർസിബി ദക്ഷിണാഫ്രിക്കൻ താരത്തിനായി തകൃതിയിൽ ലേലം വിളിക്കുമ്പോഴാണ്, ഇന്ത്യയുടെ അയൽ രാജ്യമായ ബംഗ്ലാദേശിൽ ഡ്യൂപ്ലസിസ്‌ ഈ തകർപ്പൻ പ്രകടനം നടത്തിയത് എന്നതാണ് കൗതുകകരം.