ക്യാപ്റ്റൻ രോഹിത് ശർമ പിഴവുകൾ ആവർത്തിക്കുന്നു; ഇനിയും ഈ പിഴവ് ആവർത്തിച്ചാൽ ഇന്ത്യ വലിയ വില കൊടുക്കേണ്ടി വരും

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലെ പരാജയം ഇന്ത്യൻ ടീമിനെ ഞെട്ടിച്ചിരിക്കുകയാണ്. എന്നിരുന്നാലും, ഈ പരാജയത്തിലൂടെ ഇന്ത്യൻ ടീം കൂടുതൽ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ പ്രധാനമായും ഇന്ത്യയ്ക്ക് വീഴ്ച പറ്റിയത് ക്യാപ്റ്റൻ രോഹിത് ശർമയുടെ ഒരു തീരുമാനത്തിലെ പിഴവാണ്. അതായത് രോഹിത് അഞ്ചാം ബൗളറെ കൃത്യമായി ഉപയോഗിക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

മത്സരത്തിൽ ഇന്ത്യ താരതമ്യേനെ ചെറിയ വിജയലക്ഷ്യമാണ് ഉയർത്തിയതെങ്കിലും, ദക്ഷിണാഫ്രിക്കക്കെതിരെ മത്സരം ഇന്ത്യയുടെ വരുതിയിൽ നിർത്തുന്ന രീതിയിലാണ് ബൗളർമാർ ആദ്യ പത്ത് ഓവറുകൾ പൂർത്തീകരിച്ചത്. പവർപ്ലേയിൽ തന്നെ ദക്ഷിണാഫ്രിക്കയുടെ 3 ടോപ്പ് ഓർഡർ ബാറ്റർമാരെയും പുറത്താക്കാനും ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചിരുന്നു. എന്നാൽ, കളി ഇന്ത്യയുടെ വരുതിയിൽ നിൽക്കുമ്പോഴും, പരീക്ഷണങ്ങൾക്ക് മുതിരാതെ പ്രധാന ബൗളർമാരെ തുടരെ തുടരെ ഉപയോഗിക്കുകയാണ് ക്യാപ്റ്റൻ രോഹിത് ശർമ ചെയ്തത്.

ദീപക് ഹൂഡ എന്ന ഓപ്ഷൻ ക്യാപ്റ്റന് ഉണ്ടായിരുന്നെങ്കിലും, അത് ഉപയോഗിക്കാതെ, ടീമിലെ 5 ബൗളർമാരെ മാത്രം മാറിമാറി ഉപയോഗിക്കാനാണ് രോഹിത് ശർമ തീരുമാനിച്ചത്. ഇതോടെ, മത്സരത്തിന്റെ നിർണായകമായ 18-ാം ഓവർ എറിയാൻ സ്പിന്നർ ആർ അശ്വിൻ മാത്രമേ രോഹിത്തിന് ലഭ്യമായിരുന്നുള്ളൂ. അശ്വിന്റെ ഓവറിൽ രണ്ട് സിക്സ് അടിച്ച് ഡേവിഡ് മില്ലർ മത്സരം പൂർണമായും ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കി. നിർണായക ഓവറിൽ അശ്വിനെ ഉപയോഗിക്കാൻ നിർബന്ധിതനായ സാഹചര്യം രോഹിത്തിന് ഒഴിവാക്കാമായിരുന്നു.

ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം, സമാനമായ ഒരു പിഴവ് വരുത്തിയിരുന്നു. ഇന്നിംഗ്സിന്റെ അവസാന ഓവർ എറിയാൻ സ്പിന്നർ മുഹമ്മദ് നവാസിനെ ബാബർ നിയോഗിച്ചതാണ് ഇന്ത്യക്ക് മത്സരത്തെ അനുകൂലമാക്കിയത്. അതുകൊണ്ടുതന്നെ ഇനിയുള്ള മത്സരങ്ങളിലെങ്കിലും, ലഭ്യമായ പാർട് ടൈം ബൗളർമാരെ ഇന്നിംഗ്സിന്റെ മധ്യ ഓവറുകളിൽ ഉപയോഗിച്ചാൽ, അവസാന ഓവറുകളിൽ കൃത്യമായ പ്ലാനിങ്ങോടെ ബോൾ ചെയ്യാൻ ആവശ്യമായ ബൗളർമാരുടെ ലഭ്യത ഉറപ്പിക്കാനാവും.