ജയമെല്ലാം സൂപ്പർ പക്ഷേ ചിലത് സെറ്റാക്കാനുണ്ട് : തുറന്ന് പറഞ്ഞ് ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇംഗ്ലണ്ട് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലും വിജയകോടി പാറിച്ച് ഇന്ത്യൻ ടീം. അത്യന്തം വാശി നിറഞ്ഞ അവസാന ഏകദിനത്തിൽ 5 വിക്കറ്റിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ട് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര 2-1ന് സ്വന്തമാക്കിയത്. ഈ ജയത്തോടെ ഇംഗ്ലണ്ട് മണ്ണിലെ ടെസ്റ്റ്‌ പരമ്പര (2-2) ടി :20 പരമ്പര (2-1), ഏകദിന പരമ്പര (2-1) എന്നിവയെല്ലാം കരസ്ഥമാക്കാൻ ഇന്ത്യൻ സംഘത്തിന് കഴിഞ്ഞു.

നിർണായക കളിയിൽ സെഞ്ച്വറി നേടിയ റിഷാബ് പന്തും വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ഹാർദിക്ക് പാണ്ട്യയുമാണ് ഇന്ത്യക്ക് ജയം ഒരുക്കിയത്. ഇംഗ്ലണ്ട് ടീം 259 റൺസ്‌ നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ നാല് വിക്കറ്റിന് 72 റൺസ്‌ എന്നുള്ള നിലയിൽ തകർന്ന ഇന്ത്യക്ക് കരുത്തായി മാറിയത് റിഷാബ് പന്ത് (125* ) ഹാർദിക്ക് പാണ്ട്യ (71 റൺസ്‌ )എന്നിവർ തന്നെ. റിഷാബ് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയപ്പോൾ ആൾറൗണ്ട് മികവുമായി തിളങ്ങിയ ഹാർദിക്ക് പാണ്ട്യയാണ് മാൻ ഓഫ് ദി സീരീസ് അവാർഡ് നേടിയത്.ഇംഗ്ലണ്ട് മണ്ണിൽ ഇന്ത്യൻ ടീമിന്റെ മൂന്നാമത്തെ മാത്രം ഏകദിന പരമ്പര നേട്ടമാണ് ഇത്.

“ടീമിന്റെ പ്രകടനത്തിൽ ഏറെ ഹാപ്പിയാണ്. വൈറ്റ് ബോളിൽ ഗ്രൂപ്പായി എന്തെങ്കിലും ഒക്കെ നേടണമെന്ന് ആഗ്രഹിച്ചാണ് ഞങ്ങൾ ഇത്തവണ വന്നത്. കഴിഞ്ഞ തവണ ഇതേ പോലെ ഞങ്ങൾ ഇവിടെ ഉണ്ടായിരുന്നു എങ്കിലും കളികൾ ജയിക്കാൻ എളുപ്പമുള്ള സ്ഥലമല്ല ഇതെന്നത് സത്യം ഇതൊരു നല്ല പിച്ചായിരുന്നു, പക്ഷേ മുൻ‌കൂട്ടി വിക്കറ്റുകൾ നഷ്‌ടപ്പെട്ടാൽ രറൺസ്‌ പിന്തുടരുക അത്ര എളുപ്പമല്ലെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു ” രോഹിത് ശർമ്മ മത്സരശേഷം അഭിപ്രായം വിശദമാക്കി.

“വിക്കറ്റുകൾ തുടരെ നഷ്ടമായി എങ്കിലും ഒരു ഘട്ടത്തിലും അവർ പരിഭ്രാന്തരായതായി ഞങ്ങൾക്ക് തോന്നിയില്ല. അവർ സ്വയം അവരുടെ കളിയിൽ വിശ്വസിച്ചാണ് ക്രിക്കറ്റ് ഷോട്ടുകൾ കളിച്ചത്.” റിഷാബ് പന്ത് : ഹാർദിക്ക് പാണ്ട്യ ജോഡിയുടെ ഇന്നിംഗ്സ് കുറിച്ച് ക്യാപ്റ്റൻ രോഹിത് ഇപ്രകാരം വാചാലനായി. ടോപ് ഓർഡർ മോശം ഫോം കുറിച്ച് ആശങ്കകൾ ഇല്ലെന്ന് പറഞ്ഞ ക്യാപ്റ്റൻ രോഹിത് ശർമ്മ ലോകക്കപ്പ് അടക്കം മുന്നിൽ നിൽക്കേ ചില കാര്യങ്ങൾ മുന്നേറണം എന്നും വിശദമാക്കി.