മൂന്നു നാല് മാറ്റങ്ങൾ പ്രതീക്ഷിക്കാം; ലോകകപ്പ് ടീമിനെ കുറിച്ച് സൂചന നൽകി നായകൻ രോഹിത് ശർമ

ഈ വർഷം ഒക്ടോബർ മാസത്തിൽ ഓസ്ട്രേലിയയിൽവെച്ച് നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പ് മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ അവസരം കാത്ത് കഴിയുന്ന ഒരുപറ്റം യുവതാരങ്ങൾക്ക് ആശ്വാസമായി നായകൻ രോഹിത് ശർമയുടെ വാക്കുകൾ. ഇപ്പോഴത്തെ ട്വന്റി ട്വന്റി ടീമിൽ നിന്ന് തീർച്ചയായും മാറ്റങ്ങൾ ഉണ്ടാകുമെന്ന് രോഹിത് വ്യക്തമാക്കി.

ഇന്ത്യയുടെ ട്വന്റി ട്വന്റി ലോകകപ്പ് ടീമിന്റെ 80-90 ശതമാനം പേരും ഏറെക്കുറെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. എങ്കിലും അതിൽ മൂന്നോ നാലോ മാറ്റങ്ങൾ ഉണ്ടായേക്കാം. ലോകകപ്പിനായി ഇനിയും ഏതാണ്ട് രണ്ടര മാസക്കാലം ബാക്കിയുണ്ട്. അതിനിടയിൽ ഏഷ്യ കപ്പ് ടൂർണമെന്റ് നടക്കുന്നുണ്ട്. അതിനു ശേഷം ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളുടെ ഇന്ത്യൻ പര്യടനം കൂടി നടക്കും. ഇതെല്ലാം വിലയിരുത്തിയാകും അന്തിമ തീരുമാനം എടുക്കുന്നത്.

പ്രധാനമായും സാഹചര്യങ്ങൾക്ക്‌ അനുസൃതമായ ഒരു മികച്ച ടീമിനെ തിരഞ്ഞെടുക്കാനാണു മാനേജ്മെന്റ് ശ്രമിക്കുന്നത്. ഏഷ്യ കപ്പ് നടക്കുന്നത് യുഎഇയിൽ വെച്ചാണ്. പിന്നീടുള്ള ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക പരമ്പരകൾ ഇന്ത്യൻ പിച്ചിലും. എന്നാൽ ട്വന്റി ട്വന്റി ലോകകപ്പ് നടക്കുന്നതാകട്ടെ ഓസ്ട്രേലിയൻ വിക്കറ്റിലുമാണ്. അതുകൊണ്ടുതന്നെ ഓസ്ട്രേലിയൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഉള്ള ഒരു സ്ക്വാഡ് തന്നെയായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നത്, രോഹിത് വ്യക്തമാക്കി.

ഇഷാനും മലയാളി താരം സഞ്ജു സാംസനും അടക്കമുള്ള താരങ്ങൾക്ക് ഏഷ്യ കപ്പ് ടീമിൽ ഇടം പിടിക്കാൻ കഴിഞ്ഞിരുന്നില്ല. പരിക്കിൽ നിന്ന് മുക്തനായി മടങ്ങിയെത്തുന്ന ദീപക് ചാഹർ വെറും ഒരു ബാക്കപ്പ് താരമായാണ് ഏഷ്യ കപ്പ് ടീമിൽ ഉള്ളത്. ഇവരെല്ലാം ഉൾപ്പെടുന്ന ഏതാനും യുവതാരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവെച്ചാൽ തീർച്ചയായും ലോകകപ്പ് സ്ക്വാഡിൽ ഒരിടം നേടാൻ കഴിയും എന്നുതന്നെയാണ് രോഹിതിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സിംബാബ്‌വെ ഏകദിന പരമ്പരയിലെ പ്രകടനവും സെലക്ടർമാർ വിലയിരുത്തുന്നുണ്ട്. യുവതാരങ്ങൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള ഒരു മികച്ച അവസരമാണിത്.