ഇംഗ്ലണ്ടിനെ ഞങ്ങൾ അവരുടെ നാട്ടിൽ ചെന്ന് പരാജയപ്പെടുത്തിയതാണ് ; ആത്മവിശ്വാസം പങ്കുവെച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ടി20 ലോകകപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ പാകിസ്ഥാൻ വിജയിച്ചിരിക്കുകയാണ്. നാളെ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിൽ, ഇന്ത്യക്ക് വിജയിക്കാനായാൽ ഒരു ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് ക്രിക്കറ്റ് ലോകത്തിന് സാക്ഷികളാവാം. ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിന് മുൻപ് മാധ്യമങ്ങളെ കണ്ട ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ, ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താൻ ആകും എന്ന ആത്മവിശ്വാസം പങ്കുവെച്ചിരിക്കുകയാണ്.

“ടി20 ക്രിക്കറ്റിന്റെ പ്രകൃതം ശരിക്കും ഞങ്ങൾക്ക് അറിയാം. പക്ഷേ ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടിൽ പരാജയപ്പെടുത്തുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. എന്നാൽ ഞങ്ങളത് മറികടന്നിട്ടുണ്ട്, അത് ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നു. തീർച്ചയായും, ഞങ്ങൾക്ക് എന്താണ് വേണ്ടത് അത് തെളിയിക്കാനുള്ള ഒരു അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. ഞങ്ങൾ ഈ ടൂർണമെന്റിൽ ഇതുവരെ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്,” രോഹിത് ശർമ്മ പറയുന്നു.

“ഞങ്ങൾക്ക് ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന ഈ പ്രകടനം ഇനിയും തുടരേണ്ടതുണ്ട്, ഞങ്ങൾ ഇതുവരെ ചെയ്തതിൽ വിശ്വാസം അർപ്പിക്കുന്നു,” രോഹിത് ശർമ്മ പറഞ്ഞു. നോക്കൗട്ട് ഘട്ടം ടീമിന് എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണ് എന്നതിനെക്കുറിച്ചും ഇന്ത്യൻ ക്യാപ്റ്റൻ സംസാരിച്ചു. “നോക്കൗട്ട് മത്സരങ്ങൾ എപ്പോഴും പ്രധാനമാണ്. ഓരോ നോക്കൗട്ട് മത്സരങ്ങളിലും മികച്ചത് ചെയ്യേണ്ടത് നിർബന്ധമാണ്, പക്ഷേ ഒരു മത്സരത്തിലെ ഫലം ഒരു ടീമിനെ മൊത്തത്തിൽ വിലയിരുത്താൻ ഉപയോഗിക്കരുത്,” രോഹിത് പറയുന്നു.

“ഒരു കളിക്കാരൻ എന്ന നിലയിൽ മികച്ച കളി പുറത്തെടുക്കേണ്ടത് എന്റെ ബാധ്യതയാണ്, എന്നിട്ട് സ്വയം ബഹുമാനം കണ്ടെത്തണം. ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിൽ ഞങ്ങൾ നല്ല റിസൾട്ടിനായി മികച്ച രീതിയിൽ കളിക്കും. ഒരു നോക്കൗട്ട് മത്സരത്തിൽ നന്നായി കളിക്കാൻ സാധിച്ചാൽ, അത് ടീമിന്റെ ആത്മവിശ്വാസം വളരെയധികം ഉയർത്തും,” ഇന്ത്യയുടെ ഓപ്പണർ ബാറ്റർ കൂടിയായ രോഹിത് ശർമ്മ പറഞ്ഞു. ഈ വർഷം ജൂലൈയിൽ ഇംഗ്ലണ്ടിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കിയിരുന്നു.