എല്ലാം മാറിമറിയും!!പകരക്കാരെ സൃഷ്ടിക്കും : വാചാലനായി ക്യാപ്റ്റൻ രോഹിത് ശർമ്മ

ടീമിന് വേണ്ടി ഏത് ഘട്ടത്തിലും കളിക്കാൻ തയ്യാറായിരിക്കുന്ന ഒരു മികച്ച പകരക്കാരുടെ ബെഞ്ച് സൃഷ്ടിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് സൂചിപ്പിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഭാവിയെ കൂടി മുന്നിൽക്കണ്ടുകൊണ്ട് ഒരു മികച്ച താരനിരയെ വാർത്തെടുക്കേണ്ടതുണ്ട്, കൂടാതെ പരിക്കുകളും ജോലിഭാരം ലഘൂകരിക്കലും കണക്കിലെടുക്കണം.

ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ ഒഫീഷ്യൽ ബ്രോഡ്കാസ്റ്റിംഗ് ചെയ്യുന്ന സ്റ്റാർ സ്പോർട്സ് നിർമിച്ച ‘ഫോളോ ദ് ബ്ലൂസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങൾ ഒരുപാട് മത്സരങ്ങൾ കളിക്കുന്നുണ്ട്; അതുകൊണ്ടുതന്നെ പരിക്കുകളും അമിത ജോലിഭാരവും സാധാരണമാണ്. അപ്പോൾ തീർച്ചയായും താരങ്ങളെ റോട്ടൈറ്റ്‌ ചെയ്തു കളിപ്പിക്കേണ്ടിവരും. ഇത് തങ്ങളുടെ ബെഞ്ച് സ്ട്രെങ്ങ്‌ത് പരിശോധിക്കാനും പുതുതാരങ്ങൾക്ക്‌ അന്താരാഷ്ട്ര തലത്തിൽ കളിച്ച് പരിചയസമ്പത്ത് കൈവരിക്കാനും ഉപകരിക്കും.

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമായ കൈകളിൽ ആണെന്ന് ഞങ്ങൾക്ക് ഉറപ്പുവരുത്തണം. അതിനായുള്ള ആസൂത്രണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരു ടീം എന്ന നിലയിൽ മെച്ചപ്പെടുക എന്നതാണ്. ജയമായാലും പരാജയമായാലും അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വിഷയമല്ല; ഒരു ടീമെന്ന നിലയിൽ മെച്ചപ്പെട്ടിട്ടുണ്ടോ എന്നതാണ് ഞങ്ങൾ പരിശോധിക്കുന്നത്, രോഹിത് വ്യക്തമാക്കി.

കഴിഞ്ഞ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പ് നടന്നതിന് ശേഷം സ്ഥാനമൊഴിഞ്ഞ മുൻ നായകൻ വിരാട് കോഹ്‌ലി, പരിശീലകൻ രവി ശാസ്ത്രി എന്നിവർക്ക് പകരം ചുമതല ഏറ്റെടുത്തതാണ് നായകൻ രോഹിത് ശർമയും കോച്ച് രാഹുൽ ദ്രാവിഡും. ഈ വർഷം ഒക്ടോബർ മാസത്തിൽ ഓസ്ട്രേലിയയിൽ വെച്ചാണ് ട്വന്റി ട്വന്റി ലോകകപ്പ് നടക്കുന്നത്. അതിനു മുമ്പ് യുഎഇയിൽ ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെയാണ് ഏഷ്യ കപ്പ് ടൂർണമെന്റ് നടക്കുന്നത്. ഇന്ത്യ തങ്ങളുടെ എട്ടാം ഏഷ്യ കപ്പ് കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.