ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യ – പാകിസ്ഥാൻ ഏഷ്യ കപ്പ് മത്സരം ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7:30-ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. ചിരവൈരികളുടെ പോരാട്ടത്തിന് ഇരു ടീമുകളുടെയും ആരാധകർ വളരെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഈ ഏഷ്യ കപ്പിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ തേടി നിരവധി റെക്കോർഡുകൾ ആണ് കാത്തിരിക്കുന്നത്.
കഴിഞ്ഞ വർഷം അവസാനമാണ്, വിരാട് കോഹ്ലിയിൽ നിന്ന് ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ഫോർമാറ്റ് നായകസ്ഥാനം രോഹിത് ശർമ ഏറ്റെടുത്തത്. അതിന് ശേഷം ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത്തിന് കീഴിൽ ഗംഭീര പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. എന്നാൽ ഒരു ബാറ്റർ എന്ന നിലയിൽ ഇപ്പോൾ മോശം ഫോമിലാണ്. ഈ വർഷം കളിച്ച 13 മത്സരങ്ങളിൽ നിന്ന് 24.16 ശരാശരിയിൽ 290 റൺസ് മാത്രമേ ഹിറ്റ്മാന് നേടാൻ ആയിട്ടുള്ള.
എന്നാൽ, ഏഷ്യ കപ്പിൽ അദ്ദേഹത്തെ കാത്തിരിക്കുന്നത് വലിയ നാഴികക്കല്ലുകൾ ആണ്. മുഴുവൻ സമയം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശേഷവും, അതിന് മുൻപ് വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചിരുന്ന സമയത്ത് ഇന്ത്യയുടെ ക്യാപ്റ്റൻ ആയിരുന്നതും ഉൾപ്പെടെ 29 ടി20 മത്സരങ്ങളിൽ രോഹിത് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചിട്ടുണ്ട്. രണ്ട് ടി20 ജയങ്ങൾ കൂടി നേടുന്നതോടെ വിരാട് കോഹ്ലി (31) ടി20 വിജയ റെക്കോർഡ് രോഹിത്തിന് മറികടക്കാം. എന്നാൽ, ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ ടി20 ജയങ്ങൾ ഉള്ളത് എംഎസ് ധോണിക്കാണ് (41).
കൂടാതെ, ഏഷ്യ കപ്പിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ഒരു റെക്കോർഡ് മറികടക്കാൻ കൂടി രോഹിത്തിന് അവസരമുണ്ട്. നിലവിൽ ഏശ കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റർ സച്ചിൻ ആണ്. 23 കളികളിൽ നിന്ന് 971 റൺസാണ് സച്ചിന്റെ സമ്പാദ്യം. അതേസമയം, നിലവിൽ 27 കളികളിൽ നിന്ന് 883 റൺസുള്ള രോഹിത്തിന് ഈ റെക്കോർഡ് മറികടക്കാൻ എളുപ്പമാണ്.