അവർക്ക് അവരുടെ പ്രതിഭ തെളിയിക്കാൻ കൂടുതൽ അവസരങ്ങൾ നൽകും;ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ

ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരം വെല്ലിങ്ടൺ റീജിയണൽ സ്റ്റേഡിയത്തിൽ നടക്കും. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി തുടങ്ങിയ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ തുടങ്ങിയ താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. രോഹിത്തിന്റെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യ ആണ് ടീമിന്റെ ക്യാപ്റ്റൻ.

പരമ്പരക്ക് മുന്നോടിയായി നടന്ന പ്രസ് മീറ്റിൽ ഹാർദിക് പാണ്ഡ്യ, ടീമിലെ യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുമെന്ന് ഉറപ്പു നൽകിയിരിക്കുകയാണ്. “ടി20 ലോകകപ്പ് വലിയ നിരാശയായിരുന്നു എന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ, നാമെല്ലാം പ്രൊഫഷണലുകളാണ്. തോൽവി ഉൾക്കൊള്ളാനും, അതിന്റെ കാരണം മനസ്സിലാക്കാനും, തെറ്റുകൾ തിരുത്തി മുന്നേറാനും സാധിക്കണം. അതിന് വേണ്ടിയുള്ള ശ്രമങ്ങൾ ഇപ്പോഴേ ആരംഭിക്കുന്നു,” ഹാർദിക് പറയുന്നു.

അടുത്ത ടി20 ലോകകപ്പിന് മുൻപായി യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകി മികച്ച ഒരു ടീമിനെ വാർത്തെടുക്കേണ്ടതുണ്ട് എന്നും ഹാർദിക് പറഞ്ഞു. “അടുത്ത ടി20 ലോകകപ്പിന് ഇനി രണ്ട് വർഷത്തോളം സമയം ഉണ്ട്. എന്നാൽ അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഇപ്പോഴേ തുടങ്ങുകയാണ്. ലോകകപ്പിന് മുൻപായി ഇന്ത്യ നിരവധി മത്സരങ്ങൾ കളിക്കും. ഇപ്പോൾ ടീമിലുള്ള യുവതാരങ്ങൾ എല്ലാം കഴിഞ്ഞ 1-2 വർഷമായി കളിച്ച് പരിചയമുള്ളവരാണ്. അവർക്ക് അവരുടെ പ്രതിഭ തെളിയിക്കാൻ കൂടുതൽ അവസരങ്ങൾ നൽകും,” ഹാർദിക് പറഞ്ഞു.

സീനിയർ താരങ്ങൾ ഒപ്പം ഇല്ലെങ്കിലും എല്ലാ പരമ്പരകളും ടീമിന് വളരെ പ്രധാനമാണ് എന്നും ക്യാപ്റ്റൻ പറഞ്ഞു. “എല്ലാ പരമ്പരകളും വളരെ പ്രധാനമാണ്. ഒരു അന്താരാഷ്ട്ര മത്സരത്തെയും നിസ്സാരമായി കാണാൻ സാധിക്കില്ല. എല്ലാ രാജ്യന്തര മത്സരങ്ങളും പ്രധാനമാണ്. അടുത്തവർഷം ഏകദിന ലോകകപ്പ് നടക്കും. അതുകൊണ്ടുതന്നെ സീനിയർ താരങ്ങളുടെ അഭാവത്തിൽ യുവ താരങ്ങൾക്ക് അവരുടെ മിടുക്ക് തെളിയിക്കാൻ സാധിച്ചാൽ, ടീം തിരഞ്ഞെടുപ്പിലേക്ക് അവരുടെ പേര് ശക്തമായി വെക്കാൻ സാധിക്കും,” ഹാർദിക് പാണ്ഡ്യ പറഞ്ഞു.