ധോണി പോയാൽ എന്താ ഞാനുണ്ടല്ലോ :ധോണിയുടെ പാരമ്പര്യം തുടരുമെന്ന് ജഡേജ

അപ്രതീക്ഷിതമായ പ്രഖ്യാപനങ്ങളുമായി ആരാധകരെ ഞെട്ടിക്കുന്നതിൽ പേരുകേട്ട താരമാണ് എംഎസ് ധോണി. യാതൊരു സൂചനയുമില്ലാതെ ദേശീയ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിലൂടെയും, ദേശീയ ടീമിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനത്തിലൂടെയും ആരാധകരെ ഞെട്ടിച്ച ധോണി, ഇപ്പോഴിതാ ഐപിഎൽ 15-ാം പതിപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ഭാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ക്രിക്കറ്റ്‌ ലോകത്ത് ഒരു ഞെട്ടൽ സൃഷ്ടിച്ചിരിക്കുകയാണ്.

ധോണി സ്ഥാനമൊഴിഞ്ഞതോടെ, രവീന്ദ്ര ജഡേജയെയാണ്‌ ചെന്നൈ സൂപ്പർ കിംഗ്‌സ് തങ്ങളുടെ പുതിയ ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. ശനിയാഴ്ച്ച ആരംഭിക്കുന്ന ഐപിഎൽ 2022 സീസണിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഉദ്ഘാടന മത്സരത്തോടെ സിഎസ്‌കെ ക്യാപ്റ്റനായി ജഡേജ തന്റെ യാത്ര ആരംഭിക്കും. ധോണിയുടെ പാരമ്പര്യം താൻ മുന്നോട്ട് കൊണ്ടുപോകുമെന്ന് ക്യാപ്റ്റനായതിന് ശേഷം ആവേശഭരിതനായ ജഡേജ സിഎസ്‌കെ ആരാധകർക്ക് ഉറപ്പ് നൽകി.നല്ല നിമിഷമായി തോന്നുന്നു, എന്നാൽ അതേ സമയം എനിക്ക് വലിയ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്,” സിഎസ്‌കെ ട്വിറ്ററിൽ പങ്കിട്ട വീഡിയോയിൽ ജഡേജ പറഞ്ഞു.

“മഹി ഭായ് ഇതിനകം ഒരു വലിയ പാരമ്പര്യം സജ്ജീകരിച്ചിട്ടുണ്ട്, അത് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്, അത് നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, എനിക്ക് വലിയ ടെൻഷനൊന്നുമില്ല, കാരണം മഹി ഭായി ഇവിടെയുണ്ട്, എനിക്ക് എന്ത് പ്രതിസന്ധിഘട്ടം വന്നാലും, ഞാൻ തീർച്ചയായും അദ്ദേഹത്തിന്റെ അടുത്തേക്ക് പോകും,” ജഡേജ പറയുന്നു.

ധോണി തന്നിലെ ക്രിക്കറ്ററെ വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് എന്നും ജഡേജ പരാമർശിച്ചു. “അദ്ദേഹം ഞാൻ എന്നാ വ്യക്തിയിലേക്കുള്ള യാത്രയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം ഇന്നും ഞങ്ങൾക്കൊപ്പം ഉണ്ട്, എന്നും ഉണ്ടാവുകയും ചെയ്യും. അതിനാൽ ഞാൻ ഈ പദവി ലഭിച്ചപ്പോഴും വലിയ രീതിയിൽ ടെൻഷൻ നേരിടുന്നില്ല,” ജഡേജ പറഞ്ഞു