റാഞ്ചിയിൽ ആദ്യമായി ട്വന്റി20 മറന്ന് ഇന്ത്യ. ന്യൂസിലാൻഡിനെതിരായ ആദ്യ ട്വന്റി20യിൽ 21 റൺസിന്റെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യയെ പിടിച്ചു കെട്ടാൻ ന്യൂസിലാൻഡിന് സാധിച്ചു. ഡാരിൽ മിച്ചലിന്റെയും ഡെവൻ കോൺവേയുടെയും ഉഗ്രൻ ബാറ്റിംഗ് പ്രകടനമായിരുന്നു മത്സരത്തിൽ ന്യൂസിലാൻഡിന് കരുത്തായി മാറിയത്. റാഞ്ചിയിലെ ഇന്ത്യയുടെ ആദ്യ ട്വന്റി20 പരാജയത്തിന് കൂടെയാണ് മത്സരം സാക്ഷ്യം വഹിച്ചത്.
മത്സരത്തിൽ ടോസ് നേടിയ ഹാർദിക് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികവാർന്ന രീതിയിൽ തന്നെയായിരുന്നു ന്യൂസിലാൻഡ് ഇന്നിങ്സ് ആരംഭിച്ചത്. ഓപ്പണർ കോൺവെ 35 പന്തുകളിൽ 52 റൺസ് നേടി കരുത്തുകാട്ടി. ഒപ്പം അവസാന ഓവറുകളിൽ മിച്ചലിന്റെ വെടിക്കെട്ട് കൂടെയായപ്പോൾ കിവികളുടെ സ്കോർ ഉയർന്നു. അവസാന ഓവറിൽ അർഷദീപ് സിംഗിനെ മിച്ചൽ അടിച്ചു തൂക്കി. മത്സരത്തിൽ വെറും 30 പന്തുകളിൽ മൂന്നു ബൗണ്ടറികളും 5 സിക്സറുകളുമടക്കം 59 റൺസാണ് മിച്ചൽ നേടിയത്.
176 എന്ന വിജയലക്ഷം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് ഞെട്ടിപ്പിക്കുന്ന ഒരു തുടക്കം തന്നെയാണ് ലഭിച്ചത്. മികച്ച ഫോമിൽ ഉണ്ടായിരുന്ന ഗില്ലിന്റെയും(7) കിഷന്റെയും(4) ത്രിപാതി(0)യുടെയും വിക്കറ്റുകൾ ന്യൂസിലാൻഡ് പവർപ്ലെയിൽ തന്നെ വീഴ്ത്തി. ശേഷം സൂര്യകുമാർ യാദവ്(47) അല്പം വീര്യം കാട്ടിയെങ്കിലും ന്യൂസിലാന്റിന്റെ സ്പിൻ കുരുക്കിൽ വീണു. അവസാന ഓവറുകളിൽ വാഷിംഗ്ടൺ സുന്ദറിന്റെ അത്യുഗ്രൻ ഷോട്ടുകൾ ഇന്ത്യയ്ക്ക് പോസിറ്റീവ് ആയി മാറി. 28 പന്തുകളിൽ 50 റൺസ് ആണ് സുന്ദർ നേടിയത്.
“വിക്കറ്റ് അങ്ങനെ കളിക്കുമെന്ന് ആരും കരുതിയില്ല, ഇരു ടീമുകളും അമ്പരന്നു. എന്നാൽ അവർ ഇതിൽ മികച്ച ക്രിക്കറ്റ് കളിച്ചു, അതുകൊണ്ടാണ് ഫലം അങ്ങനെയാകുന്നത്. യഥാർത്ഥത്തിൽ പുതിയ പന്ത് പഴയതിനേക്കാൾ കൂടുതൽ തിരിയുകയായിരുന്നു, അത് കറങ്ങുന്ന രീതി, അത് കുതിച്ചുയരുന്ന രീതി, അത് ഞങ്ങളെ അത്ഭുതപ്പെടുത്തി.”ക്യാപ്റ്റൻ തുറന്ന് പറഞ്ഞു.എന്നിരുന്നാലും വിജയലക്ഷ്യം ഒരുപാട് അകലെയായിരുന്നു. അങ്ങനെ 155 റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിക്കുകയും, 21 റൺസിന്റെ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഈ പരാജയത്തോടെ മൂന്നു മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇന്ത്യ 0-1 ന് പിന്നിലായിട്ടുണ്ട്.