ബൗണ്ടറി ലൈനിൽ പറക്കും ബട്ട്ലർ ചാടും പരാഗ്!! വൈറൽ ക്യാച്ച് വീഡിയോ കാണാം

മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022-ലെ 63-ാം മത്സരത്തിൽ ലഖ്നൗ സൂപ്പർ ജിയന്റ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 24 റൺസ് ജയം. പ്ലേഓഫ് ഉറപ്പിക്കാൻ ഇരു ടീമുകൾക്കും നിർണ്ണായകമായ മത്സരത്തിൽ, എൽഎസ്ജി ഓൾറൗണ്ടർ ക്രുനാൾ പാണ്ഡ്യയുടെ വിക്കറ്റ് വീഴ്ത്താൻ ആർആർ താരം ജോസ് ബറ്റ്ലർ പുറത്തെടുത്ത ഫീൽഡിംഗ് പ്രകടനം ശ്രദ്ധേയമായി.

മത്സരത്തിൽ, രാജസ്ഥാൻ റോയൽസ് ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ എൽഎസ്ജിക്ക് ഇന്നിംഗ്സിന്റെ തുടക്കത്തിലേ ഓപ്പണർമാരെ നഷ്ടമായെങ്കിലും, ഓൾറൗണ്ടർ ദീപക് ഹൂഡ അർധ സെഞ്ച്വറി പ്രകടനവുമായി ക്രീസിൽ ഉറച്ചു നിന്നത് എൽഎസ്ജിക്ക് ആശ്വാസമായി. മാത്രമല്ല, നാലാം വിക്കറ്റിൽ ഹൂഡ ഓൾറൗണ്ടർ ക്രുനാൾ പാണ്ഡ്യയുമായി ചേർന്ന് മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയും ചെയ്തു.

എന്നാൽ, ഇന്നിംഗ്സിന്റെ 14-ാം ഓവറിൽ, സ്പിന്നർ അശ്വിൻ ക്രുനാൾ പാണ്ഡ്യയുടെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ആ കൂട്ടുകെട്ട് തകർത്തു. അശ്വിന്റെ ഓഫ് ബ്രേക്ക് ഡെലിവറി, ലോങ്ങ്‌ ഓഫിലേക്ക് തൊടുത്തുവിട്ട ക്രുനാളിനെ ഒരു തകർപ്പൻ കുതിച്ചു ചാട്ടത്തിലൂടെ ബറ്റ്ലറാണ് ആദ്യം കൈപ്പിടിയിൽ ഒതുക്കിയത്, തുടർന്ന് തന്റെ ബാലൻസ് നഷ്ടമായ ബറ്റ്ലർ ലോങ്ങ്‌ ഓഫിൽ നിന്ന് ഓടി വരുന്ന പരാഗിന് ബോൾ കൈമാറി. ബറ്റ്ലറുടെ കൈമാറ്റവും പരാഗിന്റെ അസിസ്റ്റും മികച്ചതായതോടെ ക്രുനാൾ പവലിയനിലേക്ക് മടങ്ങി.

മത്സരത്തിലേക്ക് വന്നാൽ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസ് ഓപ്പണർ യശസ്വി ജയിസ്വാൾ (41), ക്യാപ്റ്റൻ സഞ്ജു സാംസൺ (32), ദേവ്ദത് പടിക്കൽ (39) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ നിശ്ചിത ഓവറിൽ 178 റൺസ് കണ്ടെത്തിയിരുന്നു. മറുപടി ബാറ്റിംഗിൽ എൽഎസ്‌ജി നിരയിൽ ദീപക് ഹൂഡക്ക് (59) മാത്രമേ കാര്യമായ സംഭാവന ചെയ്യാൻ സാധിച്ചൊള്ളു.

Rate this post