ജോസേട്ടന് ആരുടേയും ഓഷാരം വേണ്ട!!!! ബറ്റ്ലറിന്റെ പ്രവർത്തിക്ക് കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം

വ്യാഴാഴ്ച്ച ഡോ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 37 റൺസിന് തോൽപ്പിച്ച് ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത്‌ ടൈറ്റൻസ് ടൂർണമെന്റിലെ 4-ാം ജയം സ്വന്തമാക്കി. ഇതോടെ ഒരു തോൽവി മാത്രമറിഞ്ഞ ടൈറ്റൻസ്‌, 5 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. 5 കളിയിൽ നിന്ന് 6 പോയിന്റുള്ള രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

മത്സരത്തിലേക്ക് വന്നാൽ, ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (87), അഭിനവ് മനോഹർ (43), ഡേവിഡ് മില്ലെർ (31) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത്‌ ടൈറ്റൻസ് 20 ഓവറിൽ 192 റൺസ് കണ്ടെത്തിയിരുന്നു. എന്നാൽ, മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസ് നിരയിൽ ജോസ് ബറ്റ്ലർ (54) തിളങ്ങിയെങ്കിലും നിശ്ചിത ഓവറിൽ 155 റൺസ് നേടാനെ റോയൽസിനയൊള്ളു. ആദ്യം ബാറ്റ് ചെയ്ത ടൈറ്റൻസിന് ടോപ് ഓർഡർ ബാറ്റർമാരെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും, നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ ഹാർദിക് ടീമിന്റെ ബാറ്റിംഗ് ചുമതല ഏറ്റെടുക്കുകയായിരുന്നു.

52 പന്തിൽ 8 ഫോറും 4 സിക്സും ഉൾപ്പടെയാണ് ഹാർദിക് 87 റൺസ് നേടിയത്. ഇതോടെ, മത്സരത്തിന് മുമ്പ് ടൂർണമെന്റിലെ റൺ വേട്ടക്കാരുടെ പട്ടികയിൽ ആദ്യ പത്തിൽ പോലും ഇല്ലാതിരുന്ന ഹാർദിക് ഒറ്റ ഇന്നിംഗ്സോടെ പട്ടികയിൽ ഒന്നാമതെത്തി. ഈ നിമിഷം മറ്റൊരു മനോഹര കാഴ്ച്ചയ്ക്ക് കൂടി ക്രിക്കറ്റ്‌ ലോകം സാക്ഷികളായി. നേരത്തെ, 218 റൺസുമായി ബറ്റ്ലർ ആയിരുന്നു ഓറഞ്ച് ക്യാപ് റേസിൽ ഒന്നാമത്. എന്നാൽ, ടൈറ്റൻസിന്റെ ബാറ്റിംഗ് ഇന്നിംഗ്സിലെ പ്രസിദ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിലെ രണ്ടാം ബോൾ സിക്സ് പറത്തിയതോടെ ഹാർദിക് റൺ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി.

ഇതിന് പിന്നാലെ ബറ്റ്ലർ അദ്ദേഹം ധരിച്ചിരുന്ന ഓറഞ്ച് ക്യാപ് അഴിച്ചുവെച്ചു. യഥാർത്ഥത്തിൽ ഇന്നിംഗ്സ് കഴിഞ്ഞാൽ മാത്രമെ ഓറഞ്ച് ക്യാപ് മാറ്റേണ്ട ആവശ്യം ഉണ്ടായിരുന്നൊള്ളുവെങ്കിലും, ബറ്റ്ലറിന്റെ മാന്യതക്ക് ക്രിക്കറ്റ്‌ ലോകം കയ്യടിച്ചു. എന്നിരുന്നാലും, അതേ മത്സരത്തിൽ തന്നെ ബറ്റ്ലർ തന്റെ ഓറഞ്ച് ക്യാപ് തിരിച്ചുപ്പിടിക്കുകയും ചെയ്തു.