ട്രിപ്പ് പോകാം റെഡി!! തലൈവ വിളികളുമായി ഗെയ്ക്ഗ്വാദ്!! വൈറൽ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ കാണാം

ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയില്ല എന്ന നിരാശയൊന്നും മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ അലട്ടിയിട്ടില്ല. ഒരുപക്ഷെ, ഈ തഴയൽ തന്റെ കരിയറിൽ ഒരു പുതുമയുള്ള കാര്യം അല്ലാത്തതുകൊണ്ടായിരിക്കാം, സെലക്ടർമാരുടെ തീരുമാനത്തിൽ സഞ്ജു ഇതുവരെ യാതൊരു തരത്തിലും ഓവർ റിയാക്ട് ചെയ്തിട്ടില്ല. നേരത്തെ, കഴിഞ്ഞ ലോകകപ്പ് സ്‌ക്വാഡിൽ നിന്ന് യുസ്വേന്ദ്ര ചഹലിനെ പുറത്താക്കിയപ്പോൾ, ചഹൽ പരിഹാസം നിറഞ്ഞ പോസ്റ്റുകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

എന്നാൽ, അത്തരത്തിലുള്ള പ്രതികരണങ്ങൾക്ക് പകരം, തനിക്ക് ലഭിച്ച ഈ ഒഴിവുകാലം സോളോ ട്രിപ്പ്‌ നടത്താനാണ് സഞ്ജു തിരഞ്ഞെടുത്തിരിക്കുന്നത്. നേരത്തെ, ഏഷ്യ കപ്പ്, ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര, പുരോഗമിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര എന്നിവക്കുള്ള ടീമിൽ ഒന്നും തന്നെ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. മറിച്ച്, ചെന്നൈയിൽ നടന്ന ഇന്ത്യ എ – ന്യൂസിലാൻഡ് എ ഏകദിന പരമ്പരക്കുള്ള ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായിയാണ് ബിസിസിഐ സഞ്ജുവിനെ നിയമിച്ചത്.

തന്നിൽ അർപ്പിച്ച ഉത്തരവാദിത്തം സഞ്ജു മനോഹരമായി നിർവഹിക്കുകയും ചെയ്തു. ന്യൂസിലാൻഡ് എ -ക്കെതിരായ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര തൂത്തുവാരിയതിനോടൊപ്പം, പരമ്പരയിലെ ടോപ് സ്കോറർ ആയും സഞ്ജു മാറി. ഇപ്പോൾ, പരമ്പരയ്ക്കുശേഷം വീട്ടിൽ തിരിച്ചെത്തിയ സഞ്ജു ഒരു യാത്രക്ക് ഒരുങ്ങുകയാണ്. ബാഗ് പാക്ക് ചെയ്ത് നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് സഞ്ജു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ബാഗ് പാക്ക് ചെയ്ത് എല്ലാവരും റോഡിലേക്ക് ഇറങ്ങൂ’ എന്ന ക്യാപ്ഷനോട് കൂടിയാണ് സഞ്ജു ചിത്രം പങ്കുവെച്ചത്.

സഞ്ജു പങ്കുവെച്ച പോസ്റ്റിന്റെ കമന്റ് ബോക്സിൽ ‘തലൈവ’ എന്നാണ് ഇന്ത്യൻ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് കുറിച്ചത്. അതേസമയം, കഴിഞ്ഞ ദിവസം രാത്രി സമയത്ത് സഞ്ജു കോഴിക്കോട് ബീച്ചിൽ കറങ്ങിനടക്കുന്നതിന്റെ വീഡിയോ സഞ്ജുവിന്റെ സുഹൃത്തും സംവിധായകനുമായ ബേസിൽ ജോസഫ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചിരുന്നു. എന്തുതന്നെയായാലും, സഞ്ജു ദക്ഷിണാഫ്രിക്കെതിരായ ഏകദിന പരമ്പരയിൽ ടീമിൽ ഉണ്ടാകുമെന്ന് നേരത്തെ ബിസിസിഐ പ്രസിഡന്റ്‌ സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു.