ഇന്ത്യ പാകിസ്ഥാൻ ഫൈനൽ നടക്കാൻ ഞങ്ങൾ അനുവദിക്കില്ല; ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ

ടി20 ലോകകപ്പിലെ ആദ്യ സെമി ഫൈനൽ മത്സരത്തിന് ഇന്ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് വേദിയാവുകയാണ്. സൂപ്പർ 12-ലെ ഗ്രൂപ്പ്‌ 1 ചാമ്പ്യന്മാരായ ന്യൂസിലാൻഡും ഗ്രൂപ്പ്‌ 2-ലെ രണ്ടാം സ്ഥാനക്കാരായ പാകിസ്ഥാനും തമ്മിലാണ് ഒന്നാം സെമിഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ഒന്നാം സെമി ഫൈനൽ മത്സരത്തിലെ വിജയികൾ, നാളെ നടക്കാനിരിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം സെമിഫൈനൽ മത്സരത്തിലെ വിജയികളുമായി ആയിരിക്കും ഫൈനലിൽ ഏറ്റുമുട്ടുക.

അതുകൊണ്ട് തന്നെ, ഒരു ഇന്ത്യ പാകിസ്ഥാൻ ഫൈനൽ മത്സരം കാണാൻ ക്രിക്കറ്റ് ആരാധകർക്ക് സാധ്യതയുണ്ട്. 2007-ലെ പ്രഥമ ടി20 ലോകകപ്പിൽ ആണ് ആദ്യമായി അവസാനമായും, ഒരു ലോകകപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടിയിരിക്കുന്നത്. എന്നാൽ, ഇന്ത്യ പാകിസ്ഥാൻ ഫൈനൽ മത്സരം നടത്താൻ തങ്ങൾ അനുവദിക്കില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ. തങ്ങൾക്ക് ഇന്ത്യ പാകിസ്ഥാൻ ഫൈനൽ കാണാൻ താല്പര്യമില്ല എന്നാണ് ബട്ലർ മത്സരത്തിനു മുന്നേ മാധ്യമങ്ങളോട് പറഞ്ഞത്.

“ഇന്ത്യ പാക്കിസ്ഥാൻ ഫൈനൽ കാണാൻ തീർച്ചയായും ഞങ്ങൾക്ക് താല്പര്യമില്ല, ആ സാധ്യതയെ ഞങ്ങൾ നശിപ്പിക്കുകയും ചെയ്യും,” ബട്ട്ലർ പറഞ്ഞു. “ഇന്ത്യ മികച്ച ടീമാണ്. എന്നാൽ ഞങ്ങൾക്ക് എന്താണ് വേണ്ടത് അവിടെയാണ് ഞങ്ങൾ ഇപ്പോൾ നിൽക്കുന്നത്. എല്ലാവരും ഈ സെമിഫൈനൽ മത്സരം കളിക്കാനുള്ള ആവേശത്തിലാണ്. തീർച്ചയായും ഇന്ത്യയുമായി ഒരു മികച്ച മത്സരം കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അങ്ങനെയൊരു സാഹചര്യം വരുന്നതിനെ ഞങ്ങൾ ഇഷ്ടപ്പെടുന്നു,” ബട്ട്ലർ പറഞ്ഞു.

ടീമിലെ പ്രധാന താരങ്ങളുടെ ഫിറ്റ്നസിനെ കുറിച്ചും ക്യാപ്റ്റൻ വിശദീകരിച്ചു. “മലനും വുഡും നാളത്തെ മത്സരം കളിക്കുന്നത് സംശയമാണ്. പക്ഷേ മത്സരത്തിന്റെ മുന്നേ എന്തു വരുമെന്ന് നമുക്ക് നോക്കാം. ഞങ്ങളുടെ സ്ക്വാഡിലെ എല്ലാവരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഏറ്റവും ഒടുവിൽ നടന്ന പാക്കിസ്ഥാൻ ടൂറിൽ, ഞങ്ങളുടെ യുവതാരങ്ങൾ മികച്ച പ്രകടനം നടത്തിയിരുന്നു. ഫിൽ സാൾട്ട് നല്ല മാനസികാവസ്ഥയിലാണ്, പ്രത്യേകിച്ച് ടി20 യിൽ അവൻ മിടുക്കനാണ്,” ബട്ട്ലർ പറഞ്ഞു.