ഫിഫ്റ്റിക്ക് ശേഷം ബട്ട്ലർ വൈകാരിക പ്രവർത്തി 😱😱ആദരവിൽ കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം

പുരോഗമിക്കുന്ന ഐപിഎൽ 2022 സീസണിൽ റൺ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് ഓപ്പണർ ജോസ് ബറ്റ്ലർ. ടൂർണമെന്റിൽ ഇതിനകം 3 സെഞ്ചുറികൾ നേടിയ ബറ്റ്ലർ, 9 ഇന്നിംഗ്സുകളിൽ നിന്ന് 70.75 ശരാശരിയിൽ 566 റൺസുമായി, ഓറഞ്ച് ക്യാപ് റേസിൽ രണ്ടാം സ്ഥാനത്തുള്ള ലഖ്നൗ സൂപ്പർ ജിയന്റ്സ് ക്യാപ്റ്റൻ കെഎൽ രാഹുലിനേക്കാൾ (374) ഏറെ മുന്നിലാണ്.

ശനിയാഴ്ച്ച (ഏപ്രിൽ 30), മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും തമ്മിൽ സീസണിൽ രണ്ടാം തവണ ഏട്ടുമുറ്റിയപ്പോഴും, ബറ്റ്ലർ തന്റെ മികച്ച ഫോം തുടർന്നു. 128.85 സ്‌ട്രൈക്ക് റേറ്റിൽ 52 പന്തിൽ 5 ഫോറും 4 സിക്സും സഹിതം 67 റൺസാണ് താരം നേടിയത്. നേരത്തെ സീസണിൽ ഇതേ എതിരാളിക്കെതിരെ ബറ്റ്ലർ മിന്നുന്ന സെഞ്ച്വറി നേടിയിരുന്നു.

നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ഇന്നിംഗ്സിന്റെ 16-ാം ഓവറിൽ യുവതാരം ഹൃത്വിക് ഷോക്കീനെതിരേ നാല് ബാക്ക് ടു ബാക്ക് സിക്സറുകൾ അടിച്ച ബറ്റ്ലർ, തന്റെ ഫിഫ്റ്റി തികച്ച ശേഷം നടത്തിയ സെലിബ്രേഷൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ ബറ്റ്ലർ തന്റെ ജേഴ്‌സിക്ക് നേരെ ഒരു ആംഗ്യം കാണിച്ചാണ് സെലിബ്രേഷൻ നടത്തിയത്.

തങ്ങളുടെ ആദ്യ ക്യാപ്റ്റൻ ഷെയ്ൻ വോണിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിന്റെ ഭാഗമായി രാജസ്ഥാൻ റോയൽസ് ഇന്നലെ പ്രത്യേക ജേഴ്സിയാണ്‌ അണിഞ്ഞിരുന്നത്. രാജസ്ഥാൻ റോയൽസ് താരങ്ങൾ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ അണിഞ്ഞിരുന്ന ജേഴ്സിയിൽ, അവർ ഇതിഹാസ സ്പിന്നർക്ക് ആദരാഞ്ജലി അർപ്പിക്കാൻ SW23 എന്ന് അച്ചടിച്ചിരുന്നു. അതിനാൽ ജോസ് ബട്ട്‌ലർ തന്റെ ഫിഫ്റ്റി പൂർത്തിയാക്കിയ ശേഷം ജേഴ്സിയിലെ SW23-യെ ചൂണ്ടിക്കാണിച്ച് തന്റെ ഫിഫ്റ്റി മുൻ നായകന് സമർപ്പിക്കുകയായിരുന്നു.