ഗെയ്ലിനും വാർണർക്കും ഒപ്പമെത്തി ജോസ് ബറ്റ്ലർ ; ഇനി ലക്ഷ്യം വിരാട് കോഹ്‌ലിയുടെ റെക്കോർഡ്

പുരോഗമിക്കുന്ന ഐപിഎൽ സീസണിൽ മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്ന താരമാണ് രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് ഓപ്പണർ ജോസ് ബറ്റ്ലർ. ഇന്ന് (മെയ്‌ 7) നടന്ന പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ 16 പന്തിൽ 5 ഫോറും ഒരു സിക്സും ഉൾപ്പടെ 30 റൺസെടുത്ത ബറ്റ്ലർ തന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം തുടർന്നു.

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലെ പ്രകടനത്തോടെ ഐപിഎൽ റെക്കോർഡ് ബുക്കിൽ ഇടം നേടിയിരിക്കുകയാണ് ജോസ് ബറ്റ്ലർ.നിലവിൽ, 11 ഇന്നിംഗ്സുകൾ കളിച്ച ബറ്റ്ലർ 618 റൺസ് നേടിയിട്ടുണ്ട്. ഇതോടെ അതിവേഗം ഒരു സീസണിൽ 600 റൺസ് കണ്ടെത്തുന്ന ബാറ്റർമാരുടെ എലൈറ്റ് പട്ടികയിലാണ് ബറ്റ്ലർ ഇടം നേടിയിരിക്കുന്നത്. ഈ നേട്ടത്തിൽ, ഷോൺ മാർഷ് (2008), ക്രിസ് ഗെയ്ൽ (2011), വിരാട് കോഹ്‌ലി (2016), ഡേവിഡ് വാർണർ (2019) എന്നിവരാണ് ബറ്റ്ലർക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്നത്. എല്ലാവരും, 11 ഇന്നിംഗ്സുകളിൽ നിന്നാണ് 600 റൺസ് നേടിയിരിക്കുന്നത്.

കൂടാതെ, ഐപിഎൽ 2022-ൽ നിലവിലെ റൺ വേട്ടക്കാരുടെ പട്ടികയിൽ ബറ്റ്ലർ ബഹുദൂരം മുന്നിലാണ്. ഓറഞ്ച് ക്യാപ് റേസിൽ ഒന്നാമതുള്ള ബറ്റ്ലർ 618 റൺസ് നേടിയപ്പോൾ, രണ്ടാം സ്ഥാനത്തുള്ള കെഎൽ രാഹുലിന്റെ സമ്പാദ്യം 451 റൺസാണ് എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റർ എന്ന സർവ്വകാല റെക്കോർഡ് തകർക്കാനും ബറ്റ്ലർക്ക് സാധ്യതകൾ ഏറെയാണ്.

നിലവിൽ, 2016 സീസണിൽ 973 റൺസ് നേടിയ വിരാട് കോഹ്‌ലിയുടെ പേരിലാണ് സർവ്വകാല റെക്കോർഡ് ഉള്ളത്. തുടർന്നുള്ള സ്ഥാനങ്ങളിൽ, കെയ്ൻ വില്യംസൺ (735 റൺസ് – 2018 സീസൺ), മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരം മൈക്ക് ഹസ്സി (733 റൺസ് – 2013 സീസൺ) തുടങ്ങിയവരാണ് ബറ്റ്ലർക്ക് മുന്നിലുള്ളത്.