തുടക്കം പതറി പിന്നെ കിടുക്കി!!! ഓറഞ്ച് ക്യാപ്പ് ബട്ട്ലർ വെടിക്കെട്ട്

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ക്വാളിഫയർ 1 ൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 189 റൺസ് വിജയലക്ഷ്യമുയർത്തി രാജസ്ഥാൻ റോയൽസ്. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് ഓപ്പണർ ജോസ്‌ ബറ്റ്ലറുടെയും ക്യാപ്റ്റൻ സഞ്ജു സാംസണിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് മികച്ച സ്കോർ സമ്മാനിച്ചത്. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ റോയൽസ് 188 റൺസ് നേടിയത്.

ഇന്നിംഗ്സിന്റെ തുടക്കത്തിൽതന്നെ ഓപ്പണർ യശാവി ജയിസ്വാളിനെ (3) നഷ്ടമായത് രാജസ്ഥാൻ റോയൽസിന് തിരിച്ചടിയായെങ്കിലും, രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ സഞ്ജു സാംസണും (47), ജോസ് ബറ്റ്ലറും ചേർന്ന് കെട്ടിപ്പടുത്ത കൂട്ടുകെട്ട് രാജസ്ഥാൻ റോയൽസിന് മികച്ച തുടക്കം സമ്മാനിച്ചു. 68 റൺസാണ് ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ സ്കോർബോർഡിൽ ചേർത്തത്. സഞ്ജുവിന്റെ പുറത്താകലിന് പിന്നാലെ ടീമിന്റെ ബാറ്റിംഗ് ഉത്തരവാദിത്വം പൂർണമായി ഏറ്റെടുത്ത ബറ്റ്ലർ, തന്റെ ആക്രമണ വീര്യം പുറത്തെടുത്തു.

സിക്സർ പറത്തുന്നതിലും പ്രാധാന്യം ബൗണ്ടറികൾക്ക് നൽകിയ ബറ്റ്ലർ, 56 പന്തിൽ 12 ബൗണ്ടറികളുടെയും 2 സിക്സറുകളുടെയും അകമ്പടിയോടെ 89 റൺസ് നേടി. അവസാന ഓവറുകളിൽ യാഷ് ദയാലിനേയും അൽസാരി ജോസഫിനെയും മുഹമ്മദ് ഷമിയേയും കണക്കിന് ശിക്ഷിച്ച ബറ്റ്ലർ ഇന്നിംഗ്സിന്റെ അവസാന ഓവറിൽ റൺഔട്ടിൽ കുടുങ്ങി പുറത്താവുകയായിരുന്നു. എന്നിരുന്നാലും, ഈ ഇന്നിംഗ്സോടെ ഐപിഎൽ 15-ാം പതിപ്പിൽ 700 റൺസ് കണ്ടെത്തുന്ന ആദ്യ ബാറ്ററായി ബറ്റ്ലർ മാറി.

15 കളികളിൽനിന്ന് മൂന്ന് സെഞ്ച്വറികളും നാല് അർദ്ധ സെഞ്ച്വറികളും സഹിതം 718 റൺസാണ് ബറ്റ്ലറുടെ സമ്പാദ്യം. ഇതോടെ റൺ വേട്ടക്കാരിൽ ഒന്നാമനായ ബറ്റ്ലർ ഇതിനോടകം ഓറഞ്ച് ക്യാപ് ചേസിൽ രണ്ടാമതുള്ള കെഎൽ രാഹുലിനെക്കാൾ 181 റൺസ് മുന്നിലെത്തി. ടൂർണ്ണമെന്റിൽ ഇതുവരെ 39 സിക്സുകൾ പറത്തിയ ബറ്റ്ലർ തന്നെയാണ് സിക്സ്‌ നേട്ടക്കാരുടെ പട്ടികയിലും ഒന്നാമൻ.

Rate this post