റിക്കവറി വീഡിയോ പങ്കുവെച്ച് ജസ്പ്രീത് ബൂമ്ര; മടങ്ങിവരവിനായി ആകാംഷയോടെ ആരാധകർ

ഇന്ത്യയുടെ ഒന്നാം നമ്പർ പേസർ ജസ്പ്രീത് ബൂമ്ര നല്ലൊരു മടങ്ങിവരവിനായി തയ്യാറെടുക്കുന്നു. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം നടന്ന വെസ്റ്റിൻഡീസ്, സിംബാബ്‌വെ പരമ്പരകളിൽ താരത്തിന് ടീം മാനേജ്മെന്റ് വിശ്രമം അനുവദിച്ചിരുന്നു. ഏഷ്യ കപ്പ് മത്സരങ്ങൾക്കായി തയ്യാറെടുക്കുമ്പോഴാണ് അദ്ദേഹത്തിന് ബാക്ക് ഇഞ്ചുറി ഉണ്ടായത്. ഇതോടെ ഏഷ്യ കപ്പ് ടീമിൽ ഇടം പിടിക്കാൻ സാധിച്ചില്ല.

കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ അവിസ്മരണീയമായ പ്രകടനം നടത്തി മികച്ച ഫോമിലായിരുന്നു അദ്ദേഹം. രോഹിതിന്റെയും രാഹുലിന്റെയും അഭാവത്തിൽ ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ അവസാന ടെസ്റ്റിൽ ഇന്ത്യയെ നയിക്കാനുള്ള ദൗത്യം ബുമ്രക്കായിരുന്നു. തന്റെ കന്നി നായകദൗത്യത്തിൽ വളരെ മികച്ച രീതിയിൽ തന്നെ ഇന്ത്യയെ നയിച്ചെങ്കിലും മത്സരത്തിൽ ഇന്ത്യ തോൽവി സമ്മതിച്ചിരുന്നു.

പരമ്പരയിൽ ആകെ 23 വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ട് മണ്ണിലെ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ബോളറുടെ റെക്കോർഡ് സ്വന്തമാക്കിയ താരം ഇന്ത്യൻ ടീമിൽ നിന്നും പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ സ്റ്റുവർട്ട് ബ്രോഡ് എറിഞ്ഞ ഒരോവറിൽ 29 റൺസ് അടിച്ചുകൂട്ടി ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരവുമായി. എക്സ്ട്രാസ് ഉൾപ്പെടെ ആ ഒരോവറിൽ പിറന്നത് 35 റൺസ് ആണ്, അതും റെക്കോർഡാണ്. പിന്നീട് നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 7.2 ഓവറിൽ വെറും 19 റൺസ് വഴങ്ങി 6 വിക്കറ്റ് നേടി തന്റെ കരിയറിലെ മികച്ച ഏകദിന ബോളിങ് പ്രകടനവും നടത്തിയിരുന്നു.

ഇപ്പോൾ ബാംഗ്ലൂരിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ റിഹാബിലിറ്റേഷൻ പ്രക്രിയ തുടർന്നുപോരുന്നതിനിടെയാണ് ‘ഒരു ഹർഡിലും വലുതല്ല’ എന്ന അടിക്കുറിപ്പോടെ താരം ഇൻസ്റ്റാഗ്രാമിൽ റിക്കവറി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ താരം ഹർഡിലുകൾ അനായാസം ചാടിക്കടക്കുന്നതും വളരെ വേഗത്തിൽ ഓടുന്നതുമൊക്കെ കാണാം. ഏഷ്യ കപ്പിന് ശേഷം ഉടനെതന്നെ അദ്ദേഹം ഇന്ത്യൻ ടീമിൽ മടങ്ങി എത്തണമെന്നും ഒക്ടോബർ മാസത്തിൽ ഓസ്ട്രേലിയയിൽവെച്ച് നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യൻ ബോളിങ് നയിക്കണമെന്നും ആരാധകർ വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നുണ്ട്.

Rate this post