ഇനിയും ലോകകപ്പ് കളിക്കാം!!അവന്റെ കരിയർ പ്രധാനം : ബുംറ പരിക്കിൽ ക്യാപ്റ്റൻ വാക്കുകൾ ഇപ്രകാരം

ഇന്ത്യൻ ബോളിങ് നിരയുടെ കുന്തമുനയായ പേസർ ജസ്പ്രീത് ബൂംറ പരിക്കേറ്റ് ട്വന്റി ട്വന്റി ലോകകപ്പ് ടൂർണമെന്റിൽ നിന്നും പുറത്തായി എന്ന വാർത്ത ഞെട്ടലോടെയാണ് ഇന്ത്യൻ ടീമിന്റെ ലോകമെമ്പാടുമുള്ള ആരാധകർ ശ്രവിച്ചത്. കാരണം ടീം ഇന്ത്യക്ക് അത്രമാത്രം നിർണായകമായിരുന്നു ബൂംറയുടെ സാന്നിധ്യം. കഴിഞ്ഞ എഷ്യ കപ്പിൽ അദ്ദേഹത്തിന്റെ അഭാവത്തിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായിരുന്നു.

ബൂംറയെക്കുറിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ വിശദമായി പറയുകയുണ്ടായി. ഓസ്ട്രേലിയയിലെ മെൽബണിൽ വച്ച് നടന്ന ട്വന്റി ട്വന്റി ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി ടീമുകളുടെ നായകന്മാരുടെ ഫോട്ടോ സേഷന് ശേഷം നടന്ന പത്രസമ്മേളനത്തിൽ വച്ചായിരുന്നു പരാമർശം. ബൂംറ ഇന്ത്യയുടെ മികച്ച താരമാണെന്നും അദ്ദേഹത്തിന്റെ സേവനങ്ങൾ ലോകകപ്പിൽ ഇന്ത്യക്ക് നഷ്ടമായത് വളരെ ദൗർഭാഗ്യകരമായിപ്പോയെന്നും രോഹിത് പറഞ്ഞു.

ലോകകപ്പിൽ പങ്കെടുക്കുന്നതിനേക്കാൾ പ്രധാനം ബൂംറയുടെ കരിയറിന് ആണെന്ന് പറഞ്ഞ രോഹിത് ഈ ഒരു ടൂർണമെന്റ് മാത്രമല്ല, വരാനിരിക്കുന്ന ഒരുപാട് മത്സരങ്ങൾക്ക് അദ്ദേഹത്തിന്റെ കരുത്തുറ്റ സേവനം ടീം ഇന്ത്യക്ക് വളരെ അത്യാവശ്യമാണെന്നും വ്യക്തമാക്കി. വെറും 27-28 വയസ്സ് മാത്രമേ ആയിട്ടുള്ളൂ, അതുകൊണ്ട് തന്നെ ഇനിയും ഒരുപാട് ക്രിക്കറ്റ് അദ്ദേഹത്തിൽ ബാക്കിയുണ്ട്. വിദഗ്ധരുമായി ചർച്ച ചെയ്തു എടുത്ത തീരുമാനമാണിതെന്നും രോഹിത് കൂട്ടിച്ചേർത്തു.

ബാക്ക് ഇഞ്ചുറി മൂലം ലോകകപ്പ് നഷ്ടമായ ബൂംറക്ക് പകരം സീനിയർ താരം മുഹമ്മദ് ഷമിയെയാണ് ബിസിസിഐ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. കഴിഞ്ഞ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ഒരു അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരവും അദ്ദേഹം കളിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. എങ്കിലും പേസും ബൗൺസും നിറഞ്ഞ ഓസ്ട്രേലിയൻ പിച്ചുകളിൽ കളിച്ച് പരിചയമുള്ള അദ്ദേഹത്തിന് അവിടെ തിളങ്ങാൻ കഴിയും എന്നാണ് ബിസിസിഐ വിലയിരുത്തുന്നത്.