സാക്ഷാൽ കപിൽ ദേവിനൊപ്പമെത്തി ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറ ; ഒരേ ദിവസം നിരവധി റെക്കോർഡുകൾ

ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ ശ്രീലങ്ക ടെസ്റ്റ്‌ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ (പിങ്ക് ബോൾ ടെസ്റ്റ്‌) രണ്ടാം ദിനത്തിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഒരു തകർപ്പൻ സ്പെൽ പുറത്തെടുത്ത് ശ്രീലങ്കൻ ടീമിനെ അതിവേഗം കൂടാരം കയറ്റി. 4 മെയ്ഡൻ ഓവർ ഉൾപ്പടെ 10 ഓവർ എറിഞ്ഞ ബുംറ 24 റൺസ് വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ പേസർ തന്റെ കരിയറിൽ ഇത്‌ 8-ാം തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.

ഇതോടെ, ഇന്ത്യൻ പേസർ ഇതിഹാസതാരം കപിൽ ദേവിന്റെ നേട്ടത്തിനൊപ്പം എത്തിയിരിക്കുകയാണ്. തന്റെ 29-ാം ടെസ്റ്റ്‌ മത്സരത്തിൽ ശ്രീലങ്കൻ ബാറ്റർ നിരോഷൻ ഡിക്ക്വെല്ലയുടെ വിക്കറ്റ് വീഴ്ത്തി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബുംറ, 29 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 8 അഞ്ച് വിക്കറ്റ് നേട്ടം എന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ റെക്കോർഡിനൊപ്പമാണ് എത്തിയിരിക്കുന്നത്. കരിയറിൽ 29 ടെസ്റ്റ്‌ മത്സരങ്ങൾ പിന്നിടുമ്പോൾ, ബുംറക്ക്‌ മുന്നേ കപിൽ ദേവ് മാത്രമാണ് ഇന്ത്യൻ സീമർമാരിൽ 8 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നത്.

എന്നിരുന്നാലും, ജസ്‌പ്രീത് ബുംറ ഇന്ത്യൻ മണ്ണിൽ നേടുന്ന ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇന്ന് ശ്രീലങ്കക്കെതിരെ സ്വന്തമാക്കിയത്. ബുംറയുടെ എട്ട് അഞ്ച് വിക്കറ്റ് നേട്ടങ്ങളിൽ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ രണ്ട് വീതവും ഓസ്‌ട്രേലിയയിലും ഇന്ത്യയിലും ഒരെണ്ണം വീതവും ഉൾപ്പെടുന്നു. ശ്രീലങ്കക്കെതിരെ ബുംറ എറിഞ്ഞ 24/5 എന്ന സ്പെൽ, ശ്രീലങ്കയ്‌ക്കെതിരെ ഒരു ഇന്ത്യൻ സീമർ രേഖപ്പെടുത്തിയ ഏറ്റവും മികച്ച സ്പെൽ കൂടിയാണ്. 2015ൽ കൊളംബോയിൽ 54/5 എന്ന ഇഷാന്ത്‌ ശർമ്മയുടെ സ്പെൽ ആണ് ബുംറ മറികടന്നത്.

ശ്രീലങ്കക്കെതിരെ നേടിയ അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഇന്ത്യയുടെ സ്റ്റാർ പേസർ ഇപ്പോൾ 29 ടെസ്റ്റുകളിൽ നിന്ന് 120 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്, ഇന്ത്യൻ ബൗളർമാരുടെ ഈ പട്ടികയിൽ 18-ാം സ്ഥാനത്താണ് ബുംറ. മാത്രമല്ല, അക്‌സർ പട്ടേൽ, ഇഷാന്ത് ശർമ, ഉമേഷ് യാദവ് എന്നിവർക്ക് ശേഷം ഡേ-നൈറ്റ് ടെസ്റ്റിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ ഇന്ത്യൻ ബൗളറായും ബുംറ മാറി.