പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന പഞ്ചാബ് കിംഗ്സ് – മുംബൈ ഇന്ത്യൻസ് മത്സരത്തിൽ പഞ്ചാബ് കിംഗ്സ് കൂറ്റൻ ടോട്ടൽ കണ്ടെത്തി. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ്, ഓപ്പണർമാരായ ശിഖർ ധവാൻ (70), മായങ്ക് അഗർവാൾ (52) എന്നിവരുടെ ബാറ്റിംഗ് പിൻബലത്തിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി.
199 റൺസ് പിന്തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസിനായി ക്യാപ്റ്റൻ രോഹിത് ശർമ്മ (28) മികച്ച തുടക്കം നൽകിയെങ്കിലും, രോഹിത്തിന്റെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ, ഫോമിലുള്ള വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന്റെയും (3) മുംബൈക്ക് നഷ്ടമായി. ടീം ടോട്ടൽ 32 -ൽ എത്തിയപ്പോഴേക്കും, പ്രധാന ബാറ്റർമാരെ നഷ്ടമായ മുംബൈ സമ്മർദ്ദത്തിലായി.

എന്നാൽ, ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കൻ യുവ ബാറ്റർ ഡെവാൾഡ് ബ്രെവിസ് കാര്യങ്ങൾ മാറ്റിമറിച്ചു. 24 പന്തിൽ 4 ഫോറും 5 സിക്സും സഹിതം ബ്രെവിസ് 49 റൺസ് നേടി. ഇതിൽ, പഞ്ചാബ് കിംഗ്സ് സ്പിന്നർ രാഹുൽ ചാഹറിന്റെ രോവോറിൽ 4 സിക്സ് പറത്തിയത് ഉൾപ്പെടുന്നു. ചാഹർ എറിഞ്ഞ ഇന്നിംഗ്സിലെ 9-ാം ഓവറിന്റെ അവസാന നാല് ബോളുകളാണ് ബ്രെവിസ് ബൗണ്ടറി ലൈനിന് മുകളിലൂടെ പറത്തിയത്.
😱😱😱😱 pic.twitter.com/Gg5rJG1ylX
— king Kohli (@koh15492581) April 13, 2022
ഓവറിലെ 3-ാം ബോൾ ലോങ്ങ് ഓണിലേക്ക് സിക്സ് പറത്തിയാണ് ‘ബേബി എബി’ തന്റെ വെടിക്കെട്ടിന് തുടക്കമിട്ടത്. തുടർന്ന്, 4-ഉം 5-ഉം ബോളുകൾ ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ ബ്രെവിസ് സ്റ്റേഡിയത്തിലേക്ക് ഉയർത്തിയടിച്ചു. ഓവറിലെ അവസാന ബോൾ ഒരു നോ-ലുക്ക് ഷോട്ടിലൂടെ ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ കാണികളിലേക്ക് എത്തിച്ച് യുവ ബാറ്റർ തന്റെ കോട്ട പൂർത്തിയാക്കി.