ഓസ്ട്രേലിയയുടെ സച്ചിനും കോഹ്ലിയുമെല്ലാം ഒരാൾ മാത്രം :അപൂർവ്വ നേട്ടങ്ങൾ അറിയാം

എഴുത്ത് : രഞ്ജി ഇസബെല്ല;ടെസ്റ്റ്‌ ക്രിക്കറ്റിൽ 99.94% എന്നൊരു ആവറേജ്, നാടോടിക്കാറ്റിൽ ദാസനും വിജയനും കണ്ട സ്വപ്നം പോലെ മാത്രം ഏതൊരു ബാറ്റർക്കും കണ്ടുമറക്കാവുന്നൊരു പകൽസ്വപ്നം. എന്നാൽ അതിനെ യഥാർഥ്യമാക്കിയൊരു നരസിംഹമുണ്ടായിരുന്നു ചരിത്രത്തിൽ

ക്രിക്കറ്റ്‌ ചരിത്രം കീഴടക്കിയ ഏറ്റവും വലിയ ഇതിഹാസം, ടെസ്റ്റ്‌ ക്രിക്കറ്റിനെ ബാറ്റിംഗ് കലകൊണ്ട് വിറപ്പിച്ച ദി ഡോൺ, ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ കൈകളും ബാറ്റുമായി റൺമലകൾ ചവിട്ടികുതിച്ചു കയറിയ ആരാധ്യപുരുഷൻ സർ ഡൊണാൾഡ് ബ്രാഡ്മാൻ!!!!!1928 ൽ തന്റെ ഇരുപതാം വയസ്സിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയൻ ടീമിനായി അരങ്ങേറിയ ആ ചെറുപ്പക്കാരന് തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ ടീമിനായി പ്രത്യേകിച്ചൊന്നും ചെയ്യാനായില്ല. യഥാക്രമം 18 ഉം 1 ഉം റൺസ് എടുത്ത അദ്ദേഹത്തെ രണ്ടാം ടെസ്റ്റിൽ നിന്നും പുറത്താക്കി. മൂന്നാം ടെസ്റ്റിൽ തിരിച്ചു ടീമിൽ എത്തിയ അദ്ദേഹം തന്നെ പുറത്തിരുത്തിയതിനുള്ള മധുരപ്രതികാരമെന്നോണം ആദ്യ സെഞ്ച്വറി നേടി ക്രിക്കറ്റ്‌ ഡോണിലേക്കുള്ള കുതിപ്പ് തുടങ്ങിവെച്ചു.

1930 ആഷസ് ൽ 5 ടെസ്റ്റുകളിലെ 7 ഇന്നിങ്സുകളിലായി അദ്ദേഹം വാരിക്കൂട്ടിയത് 139.14 ശരാശരിയിൽ 974 റൺസുകളാണ്. ഓരോ സെഞ്ച്വറിയും, ട്രിപ്പിൾ സെഞ്ച്വറിയും 2 ഡബിൾ സെഞ്ച്വറികളും ഉൾപ്പെട്ട മനോഹരമായ ബാറ്റിംഗ് വിരുന്ന്. ഈ സീരീസിൽ നേടിയ 334 റൺസാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ. ഒരു കലണ്ടർ വർഷത്തിൽ 1000 എടുത്താൽ സൂപ്പർഹിറ്റാകുന്ന ഇക്കാലത്ത് നിന്ന് നോക്കുമ്പോൾ ആ കാലത്ത് ഒരു സീരീസിൽ നേടുന്ന 900 ൽ അധികം റൺസുകൾ എന്നത് മായാജാലം തന്നെയാണ്.

അദ്ദേഹത്തിന്റെ കുതിപ്പ് തടയാനായി അന്നത്തെ ഇഗ്ളീഷ് ടീം ഇറക്കിയ പുതിയ നായകൻ പരീക്ഷിച്ച ബോഡിലൈൻ ബൗളിംഗ് രീതി അദ്ദേഹത്തിലെ പ്രതിഭയെ വെല്ലുവിളിച്ചെങ്കിലും അതിനെയൊക്കെ മറികടന്ന് സ്വാഭാവിക ബാറ്റിങ് ശൈലി മാറ്റി അദ്ദേഹം അതിശക്തമായി തിരിച്ചു വന്നു.1948 ൽ ഓവലിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ മത്സരമായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കൽ മാച്ച്. ആ മത്സരത്തിൽ നേരിട്ട രണ്ടാംപന്തിൽ അദ്ദേഹം സംപൂജ്യനായി മടങ്ങി. അന്നൊരു 4 റൺസുകൾ നേടാനായിരുന്നു എങ്കിൽ അദ്ദേഹത്തിന്റെ ടെസ്റ്റ്‌ ശരാശരി 100 എന്ന മാജിക്കൽ നമ്പറിൽ എത്തിക്കാനും, അതേപോലെ 7000 റൺസുകൾ എന്ന നാഴികകല്ല് താണ്ടാനും അദ്ദേഹത്തിനായേനേ.

ഇമോഷണലി അൺസ്റ്റേബിൾ ആയി നിൽക്കുമ്പോൾ വന്ന ഗൂഗ്ലി, കണ്ണുനീർ നിറഞ്ഞ അദ്ദേഹത്തിന്റെ കാഴ്ചയെ മറച്ചു എന്നൊരു കഥ പടർന്നെങ്കിലും പിന്നീട് അദ്ദേഹം ഇതിനെപറ്റി പറഞ്ഞത്, “നാല് റൺസുകൾ കൂടി നേടിയാൽ ഇങ്ങനൊരു നേട്ടം തന്നെ തേടിയെത്തുമെന്ന് തനിക്കറിയില്ലായിരുന്നു, ഒരുപക്ഷെ ഇംഗ്ളീഷ് ബൗളേഴ്‌സിനും അത് അറിയില്ലായിരുന്നു എന്നെനിക്കു തോന്നുന്നു. അറിഞ്ഞിരുന്നെങ്കിൽ ആ നാല് റൺസുകൾ നേടാൻ അവർ തന്നെ അനുവദിച്ചേനെ” എന്നാണ്.

2001 ഫെബ്രുവരി 25 ഞായറാഴ്ച രാത്രിയോടെ ന്യൂമോണിയ എന്ന വില്ലൻ അദ്ദേഹത്തിന്റെ ജീവൻ എടുത്തു. ആ പ്രതിഭ മൺമറഞ്ഞിട്ട് ഇന്നേക്ക് 21 വർഷം. മറ്റൊരാളും കയറിയിരിക്കാൻ സാധ്യതയില്ലാത്ത ഒരു സിംഹാസനം ഒഴിച്ചിട്ടിട്ടാണ് അദ്ദേഹം യാത്ര അവസാനിപ്പിച്ചത്. അദ്ദേഹത്തിന് ഓർമപ്പൂക്കൾ.

Rate this post