അവരോട് സംസാരിക്കൂ ഉപദേശം നേടൂ!!! റിഷാബ് പന്തിന് വഴി പറഞ്ഞ് കൊടുത്ത് മുൻ താരം

ഇന്ത്യൻ വിക്കെറ്റ് കീപ്പർ ബാറ്റ്സ്മാൻ പന്തിന് ഉപദേശം നൽകിയിരിക്കുകയാണ് ബ്രാഡ് ഹോഗ്.വരാനിരിക്കുന്ന  ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യന്‍ ക്രിക്കറ്റിനെ അലട്ടുന്ന പ്രധാന പ്രശ്നം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന്റെ മോശം പ്രകടനങ്ങളാണ്. ഇപ്പോഴിതാ പന്തിന് പഴയ ഫോമിലേക്ക് തിരിച്ചു വരാൻ ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നർ ബ്രാഡ് ഹോഗ്. പന്തിന് തിരിച്ചു വരാൻ രണ്ട് ആളുകളോട് ഉപദേശം തേടാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ബ്രാഡ് ഹോഗ്.

ധോണിയോടോ കെ എല്‍ രാഹുലിനോടോ സംസാരിച്ചുകൊണ്ട് കാര്യങ്ങൾ മനസിലാക്കണമെന്നാണ് ഹോഗ് ഉപദേശിച്ചത്. ‘റിഷഭ് പന്ത് നായകനാവുന്ന മത്സരങ്ങളിൽ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരണം. റിഷഭ് നിങ്ങൾ എന്തെങ്കിലും പഠിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ധോണിയോടും കെ എല്‍ രാഹുലിനോടും സംസാരിക്കുക അവരോട് ഐഡിയകള്‍ ചോദിക്കുക. അവര്‍ എങ്ങനെയാണ് കാര്യങ്ങള്‍ ചെയ്തതെന്ന് മനസിലാക്കി നിങ്ങളുടെ രീതിയില്‍ ചെയ്യുക. ഹോഗ് നിർദേശം നൽകി.

ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയില്‍ കെ എല്‍ രാഹുൽ പരിക്കേറ്റ് പിന്മാറിയതോടെ റിഷബ് പന്തിനാണ് ക്യാപ്റ്റൻ സ്ഥാനം കിട്ടിയത്. ആദ്യ രണ്ട് മത്സരങ്ങളിലും ടീമിനെ ജയിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആ സമയങ്ങളിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ടെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചു കൊണ്ട് തിരിച്ചു വന്നിരുന്നു.

ഇന്ത്യൻ ടീം മൂന്ന് ഫോര്‍മാറ്റിലും പന്തിനെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായാണ് കാണുന്നത്. ദിനേഷ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍ എന്നീ താരങ്ങൾ തുടര്‍ച്ചയായി മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ വിക്കറ്റ് കീപ്പറായി തുടരാന്‍ പന്തിന് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കേണ്ടി വരും.