മുടികെട്ടി വെച്ചൊരു വരവുണ്ട് 😱പരിക്കിനാൽ പൊലിഞ്ഞു പോയ താരോദയം

ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് കാലാകാലങ്ങളായി നിരവധി മികച്ച കളിക്കാരെ സംഭാവന ചെയ്യുന്ന നഗരമാണ് ന്യൂ സൗത്ത് വെയിൽസ്. അത്തരത്തിൽ, ന്യൂ സൗത്ത് വെയിൽസ് ഓസ്ട്രേലിയൻ ക്രിക്കറ്റിന് നൽകിയ ക്രിക്കറ്റർമാരിൽ ഒരാളാണ് നഥാൻ ബ്രാക്കൻ. ആഭ്യന്തര ക്രിക്കറ്റിൽ ന്യൂ സൗത്ത് വെയിൽസിന് വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങളിലൂടെ, ഇടംകൈയ്യൻ സീമർ തന്റെ അന്താരാഷ്ട്ര കരിയറിന് തുടക്കമിട്ടു. തുടക്കം വളരെ പതുക്കെ ആയിരുന്നെങ്കിലും, ടീമിലെ തന്റെ സ്ഥാനം ഉറപ്പിക്കാൻ ബ്രാക്കൻ അതിവേഗ മുന്നേറ്റങ്ങൾ നടത്തി.

ഉയരവും മെലിഞ്ഞതുമായ ശരീരപ്രകൃതിയുള്ള ഇടംകയ്യൻ പേസർക്ക്‌, പന്ത് ഇരുവശത്തേക്കും സ്വിങ് ചെയ്യിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നു. ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ ടീമിന്റെ ഒരുകാലത്തെ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് ആയിരുന്നു നഥാൻ ബ്രാക്കൻ. 2001-ൽ തന്റെ ഏകദിന അരങ്ങേറ്റം കുറിച്ച ഈ ന്യൂ സൗത്ത് വെയിൽസ് താരം, ഭാവിയിൽ ഓസ്‌ട്രേലിയൻ ഏകദിന ടീമിലെ ഒരു പ്രധാന സാന്നിധ്യമായി മാറി. എന്നാൽ, കാൽമുട്ടുകൾക്ക് സംഭവിക്കുന്ന അടിക്കടിയുള്ള പരിക്കുകൾ ബ്രാക്കന്റെ ക്രിക്കറ്റ്‌ കരിയറിനെ സാരമായി ബാധിച്ചു.

അതുകൊണ്ട് തന്നെ, 2003-ൽ ടെസ്റ്റ്‌ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ബ്രാക്കന്റെ ടെസ്റ്റ്‌ കരിയർ താരതമ്യേന ഹ്രസ്വമായിരുന്നു. രണ്ട് വർഷ കാലയളവിൽ 5 ടെസ്റ്റ്‌ മത്സരങ്ങൾ കളിച്ച ബ്രാക്കൻ 12 വിക്കറ്റുകൾ നേടിയെങ്കിലും, പരിക്കുകൾ അദ്ദേഹത്തിന്റെ ടെസ്റ്റ്‌ കരിയറിന് 2005-ൽ തിരശീലയിട്ടു. എന്നിരുന്നാലും, ഏകദിന ഫോർമാറ്റിൽ ബ്രാക്കൻ മികച്ച പ്രകടനം നടത്തി. 2006-ൽ 46 വിക്കറ്റുകളോടെ, ആ വർഷം ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ലോകത്തിലെ രണ്ടാമത്തെ ബൗളറായിരുന്നു ബ്രാക്കൻ. 2008-ൽ ഏകദിന ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ ബ്രാക്കൻ, ഏറ്റവും വേഗത്തിൽ 100 ഏകദിന വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ ബൗളറാണ്.

നിർണായക സമയങ്ങളിൽ ഓസ്‌ട്രേലിയയുടെ വിജയങ്ങളിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. കരിയറിൽ കത്തി നിൽക്കുന്ന സമയത്ത് പരിക്കുകൾ ഒരു തുടർക്കഥ ആയതോടെ, 2009-ന് ശേഷം ബ്രാക്കന് ഓസ്ട്രേലിയൻ ജേഴ്‌സിയിൽ കളിക്കാൻ സാധിച്ചില്ല. ഒടുവിൽ, 2011-ൽ, പരിക്കിന്റെ ആഘാതം താങ്ങാൻ കഴിയാതെ വന്നതോടെ, എല്ലാത്തരം ഗെയിമുകളിൽ നിന്നും നഥാൻ ബ്രാക്കൻ വിരമിക്കൽ പ്രഖ്യാപിച്ചു. ഏകദിനത്തിൽ 174 വിക്കറ്റുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്.