ഗ്രൗണ്ടിലേക്ക് സ്കൂട്ടർ ഓടിച്ച് കളിച്ച് കുട്ടി 😱😱അമ്പരപ്പിക്കുന്ന വീഡിയോ വൈറൽ

തത്സമയ ക്രിക്കറ്റ് മത്സരങ്ങൾക്കിടയിൽ ചിലപ്പോൾ കാണികളിൽ ചിലർ ബോധപൂർവം മൈതാനത്തിറങ്ങി തടസ്സം സൃഷ്ടിക്കാറുണ്ട്. എന്നാൽ, ഒരു തത്സമയ ക്രിക്കറ്റ് മത്സരത്തിനിടെ കാണികളിൽ ഒരാൾ വാഹനം ഓടിച്ച് മൈതാനത്തിറങ്ങുന്നത് ഒരു വിചിത്ര കാഴ്ച്ചയാണ്. അത്തരത്തിൽ ഒരു വിചിത്ര വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീഡിയോയിൽ, ഒരു കുട്ടി മത്സരം നടന്നുക്കൊണ്ടിരിക്കുന്നതിനിടയിൽ മൈതാനത്തിന് നടുവിലൂടെ ഒരു സ്കൂട്ടർ ഓടിക്കുന്നതായി കണ്ടു.

ഇംഗ്ലണ്ട് റെഡ് ബോൾ സീസണിലെ, സതാംപ്ടണിൽ നടന്ന ക്ലബ് മത്സരത്തിനിടെയാണ് സംഭവം. വൈറൽ വീഡിയോയിൽ കാണുന്നത്, ഇംഗ്ലണ്ടിലെ ഒരു ആഭ്യന്തര മത്സരം അൽപ്പ നേരം നിർത്തിവെച്ചപ്പോൾ ഒരു കുട്ടി ഗ്രൗണ്ടിൽ പ്രവേശിച്ച് പിച്ചിന്റെ മധ്യത്തിലൂടെ സ്‌കൂട്ടർ ഓടിക്കുന്നതാണ്. അമ്പയറും ഗ്രൗണ്ടിലുണ്ടായിരുന്ന കളിക്കാരും കൗതുകത്തോടെ കുട്ടിയെ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം.

വിചിത്രമായ ചില തടസ്സങ്ങൾ മുൻകാലങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും, ഇത് അവയിൽ ഏറ്റവും കൗതുകം ഉണർത്തുന്ന ഒന്നായിരിക്കണം. കുട്ടി പിച്ചിൽ പ്രവേശിച്ച ശേഷം, അമ്പയർമാർക്കും ഗ്രൗണ്ടിലുള്ള കളിക്കാർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, മാത്രമല്ല കുട്ടിയെ ഗ്രൗണ്ട് വിടാൻ അനുവദിക്കുകയും ചെയ്തു. സതാംപ്ടൺ യൂണിയൻ ക്രിക്കറ്റ് ക്ലബ് (എസ്‌യുസിസി) ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ പിന്നീട് സോഷ്യൽ മീഡിയകളിൽ വൈറലായി.

ക്രിക്കറ്റിൽ മുമ്പും ഇത്തരം വിചിത്രമായ കാഴ്ചകൾ കണ്ടിട്ടുണ്ട്. ഉദാഹരണത്തിന്, കുറച്ച് വർഷങ്ങൾക്ക് മുമ്പ് 2017-ൽ ന്യൂഡൽഹിയിലെ എയർഫോഴ്‌സ് ഗ്രൗണ്ടിൽ നടന്ന ഗൗതം ഗംഭീർ, സുരേഷ് റെയ്‌ന, ഇഷാന്ത് ശർമ്മ തുടങ്ങിയ ചില പ്രമുഖ താരങ്ങൾ അണിനിരന്ന ഡൽഹിയും ഉത്തർപ്രദേശും തമ്മിൽ നടന്ന ഒരു രഞ്ജി ട്രോഫി മത്സരത്തിനിടെ ഒരാൾ തന്റെ കാറുമായി ഗ്രൗണ്ടിന്റെ നടുവിലേക്ക് കയറിയിരുന്നു. ഇത്‌ അന്ന് ഇന്ത്യൻ ക്രിക്കറ്റിൽ, സുരക്ഷ വീഴ്ച്ചയുടെ പേരിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.