ദക്ഷിണാഫ്രിക്കൻ ബാറ്റർമാരോട് നിരന്തരം വഴക്കിട്ട് ഇന്ത്യൻ ബൗളർമാർ ; സഹികെട്ട് ദക്ഷിണാഫ്രിക്കൻ നായകന്റെ തിരിച്ചടി

ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്‌സിൽ നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ 7 വിക്കറ്റിന്റെ വിജയം സ്വന്തമാക്കി ആതിഥേയർ മൂന്ന് ടെസ്റ്റുകളുടെ പരമ്പര 1-1 ന് സമനിലയിലാക്കി. രണ്ടാം ഇന്നിംഗ്സിൽ 240 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക്‌ വേണ്ടി ക്യാപ്റ്റൻ ഡീൻ എൽഗർ ബാറ്റിംഗിൽ നിയന്ത്രണം ഏറ്റെടുത്ത് നേതൃത്വം നൽകിയപ്പോൾ, ഒരു ദിവസം ഭാക്കി നിൽക്കെയാണ് ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയത്.

എന്നാൽ, പ്രോട്ടീസ് ടീമിനെ വിജയത്തിലേക്ക് നയിച്ച എൽഗർ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജുമായി കടുത്ത വാക്വാദത്തിൽ ഏർപ്പെട്ടത് ശ്രദ്ധേയമായി. മത്സരത്തിൽ, ബുംറയുടെയും മുഹമ്മദ്‌ ഷമിയുടെയും വെടിയുണ്ടകളെ ക്ഷമയോടെ നേരിട്ട് 6 മണിക്കൂറോളം ക്രീസിൽ നിലയുറപ്പിച്ച പ്രോട്ടീസ് നായകൻ, 96 റൺസ് എടുത്ത് പുറത്താകാതെ നിന്നെങ്കിലും, മത്സരത്തിന്റെ അവസാന ഓവറുകളിലാണ് എൽഗറിന്റെ നിയന്ത്രണം വിട്ട് പോയത്.

മത്സരത്തിന്റെ 65-ാം ഓവറിലാണ് വാക്വാദം അരങ്ങേറിയത്. മുഹമ്മദ് സിറാജിന്റെ 65-ാം ഓവറിലെ ആദ്യ രണ്ട് പന്തുകളും എൽഗർ ബൗണ്ടറി കടത്തുകയായിരുന്നു. ആദ്യ പന്ത് ലെഗ് സൈഡിലേക്കും, പിന്നീട് ഓഫ് സൈഡിലൂടെയും ബൗണ്ടറി നേടിയ എൽഗറിന് നേരെ, അൽപ്പം നിയന്ത്രണം നഷ്ടപ്പെട്ട സിറാജ് ഒരു ഷോർട്ട് ബോൾ എറിയുകയായിരുന്നു. എന്നാൽ, സിറാജിന്റെ ആ പന്തും സ്ലിപ്പിന് മുകളിലൂടെ ബൗണ്ടറിയിലേക്ക് പായിച്ച എൽഗർ, അതിന് ശേഷം നോൺ-സ്ട്രൈക്കിൽ നിന്നിരുന്ന ടെംബ ബാവുമയുടെ അടുത്തേക്ക് നടക്കുമ്പോഴാണ് സിറാജുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടത്.

ഫീൽഡ് അമ്പയറും, കെഎൽ രാഹുലും ഇടപെട്ടാണ് ഇരുവരെയും വേർപെടുത്തിയത്.തുടർന്ന്, മത്സരത്തിന്റെ 67-ാം ഓവറിലും സമാനമായ ഒരു സംഭവം അരങ്ങേറി. ദക്ഷിണാഫ്രിക്കൻ ബാറ്റർ ടെംബ ബാവുമക്കെതിരെ പന്തെറിയാൻ ഷാർദുൽ താക്കൂർ ഓടി വരുന്നതിന്റെ അവസാന നിമിഷം ബാവുമ ക്രീസിൽ നിന്ന് പുൾ ഔട്ട്‌ ചെയ്തതാണ് ഇന്ത്യൻ പേസറുടെ ക്ഷമ പരീക്ഷിച്ചത്. ബാവുമക്ക്‌ നേരെ താക്കൂർ ഒരു തെറി പ്രയോഗം നടത്തുകയും, ഇത്‌ സ്റ്റംപ് മൈക്കിലൂടെ വ്യക്തമായി കേൾക്കുകയും ചെയ്തു.

ഉടനെ, ഫീൽഡ് അമ്പയർ ഇന്ത്യൻ പേസർക്ക്‌ ഒരു വാണിംഗ് നൽകുകയും ചെയ്തു. അടിസ്ഥാനപരമായി മത്സരത്തിന്റെ അവസാന ഓവറുകളിൽ, ഇന്ത്യൻ ബോളർമാർ വളരെ നിരാശയിലും സമ്മർദ്ദത്തിലും ആയതാണ്, കളിക്കാർ പെട്ടെന്ന് പ്രകോപിതരായത്.