ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ അഞ്ചാം വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ബംഗളുരുവിനെ കീഴടക്കിയത്. ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ,ലെസ്കോവിക് ,ജിയാനു എന്നിവരാണ് ഗോൾ നേടിയത്.ദിമിത്രിയോസിന്റെ തുടർച്ചയായ അഞ്ചാം മത്സരത്തിന്റെ അഞ്ചാം ഗോളായിരുന്നു ഇന്ന് നേടിയത്.
തുടർച്ചയായ അഞ്ചാം ജയം തേടിയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ഇറങ്ങിയത്. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. നാലാം മിനുട്ടിൽ അഡ്രിയാൻ ലൂണയുടെ പാസിൽ നിന്നും ബോക്സിന് പുറത്ത് നിന്നും ദിമിത്രിയോസ് ഡയമന്റകോസിന്റെ ഇടം കാൽ ഷോട്ട് കീപ്പർ രക്ഷപെടുത്തി. 11 ആം മിനുട്ടിൽ പെനാൽറ്റി ഏരിയയിൽ ഒരു ഫൗളിന് ശേഷം പ്രഭ്സുഖൻ ഗിൽ പെനാൽറ്റി വഴങ്ങി.പന്തുമായി ബോക്സിലേക്ക് ഓടിക്കയറിയ സുനില്‍ ഛേത്രിയെ ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ പ്രഭ്സുഖന്‍ ഗില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. എന്നാല്‍ പന്ത് കൃത്യമായി ഗില്‍ ക്ലിയര്‍ ചെയ്തതായി റീപ്ലേകളില്‍ നിന്ന് വ്യക്തമായിരുന്നു. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ അത് പെനാല്‍റ്റി അല്ലെന്ന് വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. കിക്കെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ഒരു പിഴവും കൂടാതെ പന്ത് വലയിലെത്തിച്ച് ബംഗളുരുവിനെ മുന്നിലെത്തിച്ചു.

20 ആം മിനുട്ടിൽ അഡ്രിയാൻ ലൂണയുടെ പാസിൽ നിന്നും രാഹുലിന്റെ ശ്രമം ഗോളായി മാറിയില്ല. 25-ാം മിനിറ്റില്‍ മാര്‍ക്കോ ലെസ്കോവിച്ചിലൂടെ ബ്ലാസ്റ്റേഴ്സ് ഗോള്‍ മടക്കി. അഡ്രിയാന്‍ ലൂണയെടുത്ത ഒരു ഫ്രീ കിക്ക് പോസ്റ്റിലിടിച്ച് സന്ദീപ് സിങ്ങിലേക്ക്. പിന്നാലെ സന്ദീപ് ബോക്സിലേക്ക് നീട്ടിയ പന്ത് ബെംഗളൂരു ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ലെസ്കോവിച്ച് വലയിലെത്തിക്കുകയായിരുന്നു. 24 ആം മിനുട്ടിൽ അഡ്രിയാൻ ലൂണയുടെ ഫ്രീകിക്ക് ക്രോസ്സ് ബാറിൽ തട്ടി മടങ്ങി. 29 ആം മിനുട്ടിൽ രാഹുലിന്റെ ഹെഡർ കീപ്പർ രക്ഷപെടുത്തി. 43 ആം മിനുട്ടിൽ ദിമിത്രിയോസ് ഡയമന്റക്കോസിലൂടെ ലീഡെടുത്ത് ബ്ലാസ്റ്റേഴ്സ്.അഡ്രിയാൻ ലൂണയുടെ പാസിൽ നിന്നുമാണ് ദിമിത്രിയോസ് ഗോൾ നേടിയത് സ്കോർ 2-1 ആയി ഉയർത്തി.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് മുന്നേറ്റം തുടർന്ന് കൊണ്ടിരുന്നു. എന്നാൽ സമനില ഗോളിനായി ബംഗളുരു ശ്രമം തുടർന്ന് കൊണ്ടേയിരുന്നു. 70 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ജിയാനുവിലൂടെ മൂന്നാം ഗോൾ നേടി ബ്ലാസ്റ്റേഴ്സ്. ദിമിത്രിയോസിന്റെ പാസിൽ നിന്നും മികച്ചൊരു ഫിനിഷിലൂടെ ഓസ്ട്രേലിയൻ ഗോൾ കണ്ടെത്തി. 73 ആം മിനുട്ടിൽ അപ്പോസ്തോലോസ് ജിയാനോയുടെ പാസിൽ നിന്നും ദിമിത്രിയോസ് ഡയമന്റകോസിന്റെ ഷോട്ട് ഗോൾ കീപ്പർ രക്ഷപെടുത്തി.80 ആം മിനുട്ടിൽ ബംഗളുരു രണ്ടാം ഗോൾ നേടി. ഹെവി ഫെർണാണ്ടസ് മികച്ചൊരു ഇടം കാൽ ഷോട്ടിലൂടെയാണ് ഗോൾ നേടിയത്.