ഗോൾ വഴങ്ങി തോൽവി വാങ്ങും!! വീണ്ടും നിരാശപെടുത്തി ബ്ലാസ്റ്റേഴ്‌സ്

തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് സീസണിലെ ആദ്യ എവേ മത്സരത്തിനിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ ഒഡിഷ എഫ്സിയാണ് കീഴടക്കിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഒഡിഷയുടെ ജയം. ഒരു ഗോൾ ലീഗ് നേടിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് പരാജയം രുചിച്ചത് . കഴിഞ്ഞ മത്സരത്തിലും ലീഡ്‌ നേടിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്.

കഴിഞ്ഞ മത്സരത്തിൽ എടികെക്കെതിരെ ഇറങ്ങിയ അതെ ഇലവനുമായാണ് ബ്ലാസ്റ്റേഴ്‌സ് ഒഡീഷയെ നേരിടാനെത്തിയത്. ആദ്യം മുതൽ തന്നെ ഇരു ടീമുകളും ആക്രമിച്ചാണ് കളിച്ചത്.കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിലും ശ്രദ്ധ കൊടുത്താണ് ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്. എട്ടാം മിനിറ്റില്‍ ഒഡിഷയുടെ ജെറി ഗോളടിച്ചെങ്കിലും റഫറി അത് അനുവദിച്ചില്ല.

ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്ലിനെ ഫൗള്‍ചെയ്തതിനെത്തുടര്‍ന്നാണ് ഗോള്‍ അസാധുവായത്. 35-ാം മിനിറ്റില്‍ പ്രതിരോധതാരം ഹര്‍മന്‍ജോത് ഖാബ്രയാണ് മഞ്ഞപ്പടയ്ക്ക് വേണ്ടി വലകുലുക്കിയത്. ബോക്‌സിന് വെളിയില്‍ നിന്ന് അഡ്രിയാന്‍ ലൂണ നല്‍കിയ മനോഹരമായ പാസിന് കൃത്യമായി തലവെച്ച ഖാബ്ര മികച്ച ഹെഡ്ഡറിലൂടെ വലതുളച്ചു. കഴിഞ്ഞ വർഷവും ലീഗിൽ ഖാബ്ര ഒഡിഷക്കെതിരെ ഗോൾ നേടിയിരുന്നു.

ഒഡിഷയുടെ ആക്രമണത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. മൗറീഷ്യോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് പോസ്റ്റിലിടിച്ച് കടന്നുപോയി. 53 ആം മിനുട്ടിൽ ഒഡിഷ സമനില ഗോൾ നേടി.ജെറിയിലൂടെയാണ് ഒഡിഷ സമനില ഗോൾ കണ്ടെത്തിയത്. 60 ആം മിനുട്ടിൽ സഹലിനു പകരമായി രാഹുലിനെ പരിശീലകൻ ഇറക്കി. ഗോൾ വീണതോടെ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ഉണർന്നു കളിച്ചു.ഒഡീഷ പ്രതിരോധത്തിന്റെ വലതുഭാഗം ലക്ഷ്യമാക്കി കെ.ബി.എഫ്.സി ആക്രമണം തുടർന്നു.വിജയം നേടാമെന്ന പ്രതീക്ഷയിൽ രണ്ട് മാനേജർമാരും അവരുടെ കളിക്കാരെയും ഫോര്മേഷനുകളും മാറ്റി. 76 ആം മിനുട്ടിൽ ഗോൾ നേടാനുള്ള സുവർണാവസരം പാഴാക്കി ജെറി.ഒഡീഷ കൂടുതൽ ആക്രമിച്ചു കളിക്കുകയും കൗണ്ടർ അറ്റാക്കിൽ ഗോളടിക്കാൻ ശ്രമം തുടങ്ങുകയും ചെയ്തു.മത്സരം അവസാന പത്തു മിനുട്ടിലേക്ക് കടന്നതോടെ ഇരു ടീമുകളും കൂടുതൽ ആക്രമിച്ചു കളിക്കാൻ തുടങ്ങി.എന്നാൽ ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷ തകർത്ത് കൊണ്ട് ഒഡിഷ ലീഡ് നേടി.പെഡ്രോ മാർട്ടിനാണ് ഒഡിഷക്ക് വേണ്ടി ഗോൾ നേടിയത്.