26 റൺസ്‌!!!ബിഷ്ണോയിക്ക് ഇത്‌ ഉറക്കമില്ലാത്ത രാത്രി 😱😱കണ്ണുതള്ളി ലക്ഷ്മൺ

ഐപിഎൽ പോയിന്റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാർ ഏറ്റുമുട്ടുന്ന എലിമിനേറ്റർ മത്സരത്തിൽ താരമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ യുവ ബാറ്റർ രജത് പാട്ടിദാർ. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ പുരോഗമിക്കുന്ന മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി, 28-കാരനായ പാട്ടിദാർ തന്റെ ടി20 കരിയറിലെ ആദ്യ സെഞ്ച്വറി നേടി.

ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലിസിസിന്റെ (0) വിക്കറ്റ് നഷ്ടമായത് ആർസിബിക്ക് വലിയ തിരിച്ചടിയാവും എന്ന് തോന്നിപ്പിച്ചെങ്കിലും, മൂന്നാമനായി ക്രീസിലെത്തിയ രജത് പാട്ടിദാർ ടീമിന്റെ ബാറ്റിംഗ് ഉത്തരവാദിത്വം പൂർണമായി ഏറ്റെടുത്ത് സ്കോർബോർഡ് ചലിപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. രണ്ടാം വിക്കറ്റിൽ വിരാട് കോഹ്‌ലിയുമായി ചേർന്ന് 66 റൺസ് കൂട്ടിച്ചേർത്ത പാട്ടിദാർ, അഞ്ചാം വിക്കറ്റിൽ ദിനേശ് കാർത്തിക്കുമായി ചേർന്ന് 92 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

ആർസിബിയുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് തകർക്കാൻ എൽഎസ്ജി ക്യാപ്റ്റൻ കെഎൽ രാഹുൽ പല പരീക്ഷണങ്ങൾ നടത്തിയെങ്കിലും, അവയൊന്നും ഫലം കണ്ടില്ല എന്ന് മാത്രമല്ല ചില പരീക്ഷണങ്ങൾ വലിയ തിരിച്ചടിയാവുകയും ചെയ്തു. അതിലൊന്നായിരുന്നു ഇന്നിംഗ്സിന്റെ 16-ാം ഓവർ സ്പിന്നർ രവി ബിഷ്‌ണോയിയെ ഏൽപ്പിച്ചത്. അതുവരെ, 3 ഓവറിൽ 18 റൺസ് മാത്രം വഴങ്ങിയ ബിഷ്‌ണോയിയെ കൊണ്ടുവന്ന തീരുമാനം യുക്തിസഹമായിരുന്നുവെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു.

16-ാം ഓവർ എറിയാനെത്തിയ ബിഷ്‌ണോയിയുടെ ആദ്യ പന്തിൽ കാർത്തിക് സിംഗിൾ എടുത്തു. തുടർന്ന്, സ്ട്രൈക്കിലെത്തിയ പാട്ടിദാർ അതിശയകരമായ ആക്രമണം അഴിച്ചുവിട്ടു. ബിഷ്‌ണോയിയുടെ അടുത്ത 5 പന്തിൽ 3 സിക്‌സും 2 ഫോറും പറത്തി 26 റൺസാണ് പാട്ടിദാർ അടിച്ചുകൂട്ടിയത്. പാട്ടിദാറിന്റെ വെടിക്കെട്ട് ബാറ്റിംഗ് കണ്ട സ്റ്റാൻഡിൽ ഉണ്ടായിരുന്ന മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ വരെ അമ്പരന്നുപോയി. ഒടുവിൽ ഓവർ പൂർത്തിയാകുമ്പോൾ, തന്റെ 4 ഓവറിൽ 45 റൺസാണ് ബിഷ്‌ണോയ് വഴങ്ങിയത്.