സ്റ്റമ്പ്സ് അതിർത്തി പറത്തി ഭുവി!!! പഴയ ഭൂവിക്ക് കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം

സൗത്താഫ്രിക്കക്ക് എതിരായ രണ്ടാം ടി :20യിലും തോൽവിയോടെ നിരാശ മാത്രം സമ്മാനിച്ചു ഇന്ത്യൻ ടീം.5 മത്സര ടി :20യിൽ ഇതോടെ 2-0ന് റിഷാബ് പന്തും ടീമും പിന്നിലായി.ആദ്യ മത്സരത്തിലെ പരാജയത്തിന്റെ സമ്മർദ്ദത്തിൽ കളത്തിലിറങ്ങിയ ഇന്ത്യ, ടോസ് നഷ്ടമായി രണ്ടാം മത്സരത്തിലും ആദ്യം ബാറ്റിംഗിനിറങ്ങുകയായിരുന്നു. എന്നാൽ, ആദ്യ മത്സരത്തിൽ നിന്ന് വിപരീതമായി ചെറിയ സ്കോർ മാത്രമാണ് ഇന്ത്യക്ക് കട്ടക്കിൽ കണ്ടെത്താനായത്.

ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ, ഇഷാൻ കിഷൻ (34), ശ്രേയസ് അയ്യർ (40), ദിനേശ് കാർത്തിക് (30*) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ നിശ്ചിത ഓവറിൽ 148 റൺസാണ് നേടിയത്. എന്നാൽ, മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്കും അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. ഇന്ത്യയുടെ വെറ്ററൻ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറാണ് മികച്ച രീതിയിൽ പന്തെറിഞ്ഞ് ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽതന്നെ കനത്ത ആഘാതം നൽകിയത്.

ദക്ഷിണാഫ്രിക്കൻ നിരയിൽ പരിക്കേറ്റ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡികോക്കിന് പകരം ടീമിലെത്തിയ ഓപ്പണർ റീസ ഹെൻഡ്രിക്സിനെ (4) ഇന്നിങ്സിന്റെ ആദ്യ ഓവറിൽ തന്നെ ഒരു ഇൻസ്വിംഗ് ഡെലിവറിയിലൂടെ ക്ലീൻ ബൗൾഡ് ചെയ്താണ് ഭുവനേശ്വർ കുമാർ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ തിരിച്ചടി സമ്മാനിച്ചത്. തുടർന്ന്, തന്റെ തൊട്ടടുത്ത ഓവറിൽ ഓൾറൗണ്ടർ ഡ്വയ്ൻ പ്രിട്ടോറിയസിനെ (4) ആവേഷ് ഖാന്റെ കൈകളിൽ എത്തിച്ച് ഭുവനേശ്വർ കുമാർ ഇന്ത്യക്ക് വീണ്ടുമൊരു ബ്രേക്ക് സമ്മാനിച്ചു.

പവർപ്ലേയുടെ അവസാന ഓവറിൽ, കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ച പ്രകടനം പുറത്തെടുത്ത വാൻഡർ ഡുസ്സനെ (1) മറ്റൊരു ഇൻസ്വിംഗ് ഡെലിവറിയിലൂടെ ക്ലീൻ ബൗൾഡ് ചെയ്ത് ദക്ഷിണാഫ്രിക്കയെ കൂടുതൽ പരുക്കത്തിലേക്ക് നയിച്ചു.ഓപ്പണിങ് സ്പെല്ലിൽ മൂന്ന് ഓവർ ബൗൾ ചെയ്ത ഭുവനേശ്വർ കുമാർ 10 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.