നാണക്കേട് തലയിൽ ചുമന്ന് ഭുവി 😱😱ശ്രീശാന്തും സഹീർ ഖാനും കൂട്ടിനുണ്ടെന്നത് ആശ്വാസം
ഐപിഎല്ലിൽ പുരോഗമിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് – സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ നാണക്കേടിന്റെ റെക്കോർഡിട്ട് സൺറൈസേഴ്സ് ഹൈദരാബാദിന്റെ സീനിയർ പേസർ ഭൂവനേശ്വർ കുമാർ. മത്സരത്തിൽ, ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 162/7 എന്ന ടോട്ടൽ കണ്ടെത്തി. ഇന്നിംഗ്സിൽ 4 ഓവറിൽ 37 റൺസ് വഴങ്ങി ഭൂവനേശ്വർ കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തി.
എന്നാൽ, ഇന്നിംഗ്സിന്റെ ഒന്നാം ഓവറിലാണ് ഭൂവനേശ്വർ കുമാറിനെ തേടി നാണക്കേടിന്റെ റെക്കോർഡ് എത്തിയത്. ഗുജറാത്ത് ടൈറ്റൻസിനെതിരെ ബൗളിംഗിന് തുടക്കമിട്ട ഇന്ത്യയുടെ വെറ്റെറൻ ഫാസ്റ്റ് ബൗളർ, 9 പന്തുകൾ എറിഞ്ഞാണ് ആദ്യ ഓവർ പൂർത്തിയാക്കിയത്. ഇതോടെ, ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്നിംഗ്സിലെ ആദ്യ ഓവർ പൂർത്തീകരിക്കാൻ ഏറ്റവും കൂടുതൽ ബൗൾ എറിഞ്ഞ ബൗളർമാരുടെ പട്ടികയിൽ ഭൂവനേശ്വർ കുമാർ ഇടം നേടി.

മാത്യു വേഡിനെതിരെ എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്ത് തന്നെ ഭൂവനേശ്വർ കുമാർ ബൗണ്ടറി വഴങ്ങി. രണ്ടാമത്തെ ബോൾ ഒരു വൈഡ് ആയി പോവുകയും, വിക്കറ്റ് കീപ്പർ നികോളാസ് പൂരന്റെ കൈകളിൽ പന്ത് ഒതുങ്ങാതെ വന്നതോടെ അത് 5 റൺസിൽ കലാശിച്ചു. ഇതോടെ ഒരു ബോളിൽ തന്നെ ഭൂവനേശ്വർ കുമാർ 9 റൺസ് വഴങ്ങി. മൂന്ന് വൈഡ് ഉൾപ്പടെ 9 എറിഞ്ഞ ആദ്യ ഓവറിൽ 17 റൺസാണ് ഹൈദരാബാദ് ഫാസ്റ്റ് ബൗളർ വഴങ്ങിയത്.
ഭൂവനേശ്വർ കുമാറിനെ കൂടാതെ നിരവധി ബൗളർമാർ ഇതിന് മുമ്പും ഐപിഎല്ലിൽ ആദ്യ ഓവർ 9 ബോളുകൾ എറിഞ്ഞ് പൂർത്തീകരിച്ചിട്ടുണ്ട്. 2008 ഐപിഎൽ സീസണിൽ എസ് ശ്രീശാന്ത് ആണ് ആദ്യമായി ഈ നാണക്കേടിന്റെ ഭാഗമായത്. തുടർന്ന്, ഡിർക് നാനസ് (2009), സഹീർ ഖാൻ (2011), നുവാൻ കുളശേഖര (2012), ഷോൺ ടൈറ്റ് (2013), മുഹമ്മദ് ഷമി (2014), മോർനെ മോർക്കൽ (2016), പ്രസിദ് കൃഷ്ണ (2019), ഉമേഷ് യാദവ് (2022) എന്നിവരും ഐപിഎൽ ചരിത്രത്തിലെ ഈ മോശം പട്ടികയിൽ ഇടം നേടിയവരാണ്.