ഏട്ടല്ല പതിനാറിന്റെ പണിയാണ് അത്‌ 😱😱ഇന്ത്യൻ സ്‌ക്വാഡിലെ പ്രശ്നം ചൂണ്ടികാട്ടി മുൻ കോച്ച്

ടി20 ലോകകപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡ് തിരഞ്ഞെടുപ്പിലെ അപാകത ചൂണ്ടിക്കാണിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ ബൗളിംഗ് കോച്ച് ഭരത് അരുൺ. ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുത്ത ബൗളിംഗ് ഡിപ്പാർട്ട്മെന്റിൽ സെലക്ടർമാർ കാണിച്ച മണ്ടത്തരം ആണ് ഭരത് അരുൺ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നിലവിൽ മൂന്ന് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആർ അശ്വിൻ, യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ എന്നീ സ്പിന്നർമാർക്കൊപ്പം പാർട്ട് ടൈം സ്പിന്നർ ആയ ദീപക് ഹൂഡയും ചേരുന്നതോടെ ഇന്ത്യയുടെ സ്പിൻ ഡിപ്പാർട്ട്മെന്റ് ശക്തമാണ്. എന്നാൽ, ഓസ്ട്രേലിയൻ പിച്ചിൽ കളിക്കാൻ ഇറങ്ങുന്ന ഇന്ത്യക്ക് ഇത്രയധികം സ്പിന്നർമാരെ ആവശ്യമുണ്ടോ എന്നാണ് ഭരത് അരുൺ ചോദിക്കുന്നത്. ഒരു സ്പിന്നർക്ക് പകരം ഒരു ഫാസ്റ്റ് ബൗളറെ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ അതായിരിക്കും ഇന്ത്യക്ക് കൂടുതൽ മികച്ചതായിരിക്കുക എന്നും ഭരത് അരുൺ പറഞ്ഞു.

“ഓസ്ട്രേലിയൻ പിച്ചിൽ സ്പിന്നർമാരെ ആവശ്യമുണ്ട്. അവിടെ ബൗൺസ് ഉണ്ട്, വലിയ ഗ്രൗണ്ടുകളും ആണ്. അതുകൊണ്ടുതന്നെ സ്പിന്നർമാർക്ക് ഓസ്ട്രേലിയൻ പിച്ചുകളിൽ അവരുടേതായ റോൾ ഉണ്ട്. എന്നാൽ, ഓസ്ട്രേലിയയിൽ പ്ലെയിങ് ഇലവനിൽ പരമാവധി ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറെ മാത്രമേ ഉൾപ്പെടുത്താൻ സാധിക്കൂ. അതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത് ഇത്രയധികം സ്പിന്നർമാരെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തേണ്ടതുണ്ടായിരുന്നൊ,” ഭരത് അരുൺ പറഞ്ഞു.

“ഉമ്രാൻ മാലിക് വളരെ മികച്ച ഒരു ബൗളർ ആണ്. കൂടുതൽ അവസരം നൽകുമ്പോൾ, അവൻ ഐപിഎല്ലിൽ കാഴ്ചവച്ച അത്ഭുതങ്ങൾ ദേശീയ ടീമിലും പ്രകടിപ്പിക്കും. ഓസ്ട്രേലിയൻ പിച്ചിൽ ഒരു ഫാസ്റ്റ് ബൗളർ കൂടി അധികം ഉണ്ടായിരിക്കുന്നതായിരിക്കാം ടീമിന് കൂടുതൽ മികച്ചത് എന്ന് എനിക്ക് തോന്നുന്നു. ഒരു സ്പിന്നർക്ക് പകരം ഉമ്രാൻ മാലിക്കിനെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ, അത് ഇന്ത്യൻ ടീമിന് കൂടുതൽ ഗുണം ചെയ്യുമായിരുന്നു എന്ന് ഞാൻ കരുതുന്നു,” ഭരത് അരുൺ പറഞ്ഞു.