സാം മുത്താണ് , കേരളത്തിന്റെ സൂപ്പർ സെറ്റർ .

തമിഴ്‌നാട് തഞ്ചാവൂർ സ്വദേശിയായ മുത്ത് സാം ഇന്ത്യൻ വോളിക്ക് ഒട്ടനവധി പ്രതിഭാധരരായ താരങ്ങളെ സംഭാവന ചെയ്ത ചെന്നൈ SRM യൂണിവേഴ്സിറ്റിയിൽ നിന്നാണ് പ്രൊഫെഷണൽ വോളിബോളിലേക്ക് കാലെടുത്തു വെക്കുന്നത് , 2013 ൽ പ്ലസ് ഒൺ പഠനത്തിന് വേണ്ടി SRM യൂണിവേഴ്സിറ്റിയിൽ ചേർന്ന മുത്ത് സാം നീണ്ട അഞ്ചു വർഷത്തെ പഠനത്തിനൊടുവിൽ ഇന്ന് ഏഷ്യൻ ഗെയിംസിനുള്ള സീനിയർ ഇന്ത്യൻ ക്യാമ്പ് വരെ എത്തിനിൽക്കുന്നു .

തമിഴ്നാട് സംസ്ഥാന സബ്‌ജൂനിയർ ടീമിനെ ദേശീയ ചാമ്പ്യന്മാരാക്കിക്കൊണ്ടു തുടക്കമിട്ട മുത്ത് സാം സംസ്ഥാന ടീമിന് ജൂനിയർ കിരീടവും നേടിക്കൊടുത്തിട്ടുണ്ട് , ദ്രോണാചാര്യ ദക്ഷിണ മൂർത്തി സാറിന്റെ കീഴിൽ പരിശീലനം തുടങ്ങിയ മുത്ത് സാമിന്‌ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല , SRM പഠന കാലയളവിൽ മൂന്നു തവണ അവരെ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യന്മാരാക്കാനും ഈ സൗമ്യനായ പ്ലേയ്‌മേക്കർക്ക് കഴിഞ്ഞു .

SRM നു വേണ്ടി പുറത്തെടുത്ത മിന്നും പ്രകടനം ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിലേക്ക് വഴി തെളിച്ചു , ഉക്ര പാണ്ഡ്യന് പിൻഗാമിയെ തേടിക്കൊണ്ടിരിക്കുന്ന തമിഴ്‌നാട് ടീമിലേക്ക് വരവറിയിക്കാൻ 2015 ദേശീയ ചാമ്പ്യൻഷിപ്പിൽ മുത്ത് സാമിന്‌ കഴിഞ്ഞു , റെയിൽവേക്ക് പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്ത തമിഴ്‌നാടിന്റ സെക്കന്റ് സെറ്ററായി ഈ ഇരുപതുകാരൻ ഉണ്ടായിരുന്നു ,ബംഗളുരു ചാമ്പ്യൻഷിപ്പിന് ശേഷം ഇന്ത്യയിലെ ഏറ്റവും മികച്ച ഡിപ്പാർട്ട്മെന്റിലേക്കുള്ള വിളിയാണ് മുത്തുസാമിനെ കാത്തിരുന്നത് .

വോളിബോൾ കളത്തിൽ കളിയുടെ കടിഞ്ഞാൺ നിയന്ത്രിക്കുന്നവരാണ് സെറ്റർമാർ , സെറ്റർമാരുടെ പ്രകടനത്തിനനുസരിച്ചായിരിക്കും 85% വിജയ പരാചയങ്ങൾ നിർണയിക്കപ്പെടുന്നത് , ബിപിസിൽ കൊച്ചിയിലെത്തിയതോടെ മുത്ത് സാം എന്ന താരത്തിന്റെ കരിയറിൽ വലിയ വളർച്ചയാണുണ്ടായത് ആദ്യ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ എറണാകുളത്തിന് കിരീടം സമ്മാനിച്ച സാം നേരെ സംസ്ഥാന ടീമിലേക്ക് , മുത്തുസാമിന്റെ വോളിബോൾ ലൈഫ് ൽ ഒരു ടേൺ ഓവർ ആയ ചാംപ്യൻഷിപ്പായിരുന്നു കഴിഞ്ഞ വർഷം ചെന്നൈയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പ് .

ചെന്നൈയിൽ നിന്ന് കിരീടം സ്വന്തമാക്കുന്നത് വരെ മുത്തുസാം കേരളത്തിലെ വോളിബോൾ ആരാധകർക്ക് സുപരിചതനല്ലായിരുന്നു എന്നാൽ ഇന്ന് മുത്തുസം എന്ന തമിഴ്നാട്ടുകാരൻ നമ്മുടെ സ്വപ്ങ്ങൾക്ക് ചിറക് വിരിക്കുന്ന മാലാഖയാണ് , ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ തടിച്ചു കൂടിയ തമിഴ് നാടിന്റെ ആരാധകരെ സാക്ഷി നിർത്തി സെമി ഫൈനലിലെ അഞ്ചു സെറ്റ് പോരാട്ടത്തിനൊടുവിൽ പിറന്ന നാടിനെ കീഴടക്കാൻ കേരളത്തിനൊപ്പം പടപൊരുതിയ മുത്തുസാം നമുക്ക് ഹീറോ ആവുന്നത് ആ നിമിഷം മുതലാണ് .

SRM ൽ നിന്ന് തന്റെ സീനിയർ ആയിരുന്ന ജെറോമുമായി മികച്ച കോമ്പിനേഷൻ ഗെയിം ഒരുക്കിയാണ് കഴിഞ്ഞ ദേശീയ ചാമ്പ്യൻഷിപ്പ് മുത്തുസാം കേരളത്തിലെത്തിച്ചത് പിന്നാലെ വാരണാസിയിൽ നടന്ന ഫെഡറേഷൻ കപ്പിൽ രണ്ടാം സ്ഥാനവും ഈ താരത്തിന്റെ കൈകളിലൂടെ കേരളത്തിന് ലഭിച്ചു , കളിച്ച ആദ്യ ഫെഡറേഷൻ കപ്പിൽ തന്നെ മികച്ച സെറ്റർക്കുള്ള പുരസ്കാരം വാങ്ങിയ താരം പിന്നീട് കേരളത്തിൽ നടന്ന നിരവധി ഓൾ ഇന്ത്യ ചാംപ്യൻഷിപ്പുകളിൽ ബിപിസിൽ കൊച്ചിയുടെ കളി മെനയാൻ മുന്നിൽ നിന്നു .

കൈവിട്ടുപോയേക്കാവുന്ന കളികൾ തിരിച്ചു പിടിക്കാൻ അപാര കഴിവുള്ള മുതുസാമിന്റെ ബാക് ബോൾ സെറ്റിങ്ങുകൾ എതിരാളികൾക്ക് മനസ്സിലാക്കാൻ പ്രയാസമാണ് , നിലവിൽ ഇന്ത്യൻ സെറ്റർമാരുടെ പോരായ്മയായി മാറുന്ന ബ്ലോക്കിങ് റീച്ച് 3.35 മീറ്റർ മുകളിൽ നിന്ന് ബ്ലോക്കൊരുക്കി മുത്ത് സാം മറികടക്കും , 3.38 മീറ്ററാണ് സ്പൈക്ക് റീച്ച് ..തുടർച്ചയായ രണ്ട് ദേശീയ ചാമ്പ്യൻഷിപ്പുകൾ ഫൈനൽ കളിച്ചു ഈ തമിഴ്നാട്ടുകാരൻ .