സിനിമ സെറ്റിൽ ക്രിക്കറ്റ് കളിക്കാൻ ബാറ്റുമായി സഞ്ജു!!! രസകരമായ സിനിമ വിശേഷവുമായി ബേസിൽ ജോസഫ്

ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണും മലയാള സിനിമ സംവിധായകനും നടനുമായ ബേസിൽ ജോസഫും തമ്മിൽ വളരെ അടുത്ത സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. ഇരുവരും തിരുവനന്തപുരം സ്വദേശികൾ ആയതിനാൽ തന്നെ, പലപ്പോഴും കണ്ടുമുട്ടുകയും ഒരുമിച്ച് സമയം ചെലവഴിക്കാറുമുണ്ട്. ബേസിൽ ജോസഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ജയ ജയ ജയ ജയ ഹേയ്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ, ചിത്രത്തിന്റെ സെറ്റിൽ സഞ്ജു സാംസൺ എത്തിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ബേസിൽ ജോസഫ്.

വിപിൻ ദാസ്‌ സംവിധാനം ചെയ്ത ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേയ്’. ചിത്രത്തിന്റെ ഷൂട്ടിനിടെ ക്രിക്കറ്റ് ആയിരുന്നു തങ്ങളുടെ മെയിൻ ഹോബി എന്ന് ബേസിൽ ജോസഫ് പറയുന്നു. ഷൂട്ടിംഗ് ദിവസങ്ങൾ പുരോഗമിക്കുന്തോറും, ക്രിക്കറ്റ് ചൂടും വർദ്ധിച്ചുവന്നു എന്നാണ് ബേസിൽ ജോസഫ് പറയുന്നത്. “ഞങ്ങളുടെ ഒഴിവ് സമയങ്ങൾ ഞങ്ങൾ ക്രിക്കറ്റ് കളിക്കുകയാണ് ചെയ്യാറ്. അതും ചുമ്മാ ഉള്ള കളിയല്ല, വളരെ സീരിയസ് ആയി ആണ് ഞങ്ങൾ ക്രിക്കറ്റ് കളിച്ചിരുന്നത്,” ബേസിൽ ജോസഫ് പറയുന്നു.

“ഞാനും ചിത്രത്തിന്റെ നിർമ്മാതാവ് ഗണേഷ് മേനോനും എല്ലാം ഒരു ടീമായിരുന്നു. ഞാനായിരുന്നു എന്റെ ടീമിന്റെ ക്യാപ്റ്റൻ. എതിർ ടീമിന്റെ ക്യാപ്റ്റൻ സംവിധായകൻ ആയിരുന്നു. ദർശന എന്റെ ടീമിലെ ചിയർ ഗേൾ ആയിരുന്നു. അസീസിക്കയാണ് (അസീസ് നെടുമങ്ങാട്) ഞങ്ങളുടെ ടീമിലെ മെയിൻ കളിക്കാരൻ. അങ്ങനെ മത്സരം കൂടുതൽ ചൂട് പിടിച്ചു. ഷൂട്ടിംഗ് സെറ്റിനിടയിലും ഓരോ മുക്കിനും മൂലയിലും ക്രിക്കറ്റ് തന്നെയായിരുന്നു ചർച്ചാവിഷയം,” ബേസിൽ പറയുന്നു.

“അങ്ങനെ അവസാന ഫൈനൽ മത്സരം വന്നപ്പോഴേക്കും, അസീസിക്കയുടെ ഷൂട്ട് തീർന്ന് അദ്ദേഹം നാട്ടിലേക്ക് തിരിച്ചു പോയി. അങ്ങനെ എതിർ ടീം നിങ്ങൾ ആരെ വേണമെങ്കിലും കൊണ്ടുവന്നൊ എന്ന് പറഞ്ഞ് ഞങ്ങളെ വെല്ലുവിളിച്ചു. അങ്ങനെ ഞാൻ സഞ്ജുവിനെ വിളിച്ചു, അവൻ വരാമെന്നും പറഞ്ഞു. സഞ്ജു വരുന്നുണ്ട് എന്ന് അറിഞ്ഞതോടെ, അന്ന് ടർഫിന് ചുറ്റും ആളുകൾ തടിച്ചു കൂടാൻ തുടങ്ങി. സഞ്ജു എത്തിയെങ്കിലും ആൾക്കൂട്ടം കാരണം അവന് കളിക്കാൻ ആയില്ല. പിന്നെ ഞങ്ങൾ ഹോട്ടലിൽ പോയി ചിൽ ചെയ്തു,” ബേസിൽ ജോസഫ് പറഞ്ഞു.