കഴിഞ്ഞ ഐപിഎൽ സീസണിലെ മോശം പ്രകടനത്തിൽ നിന്ന് തിരിച്ചു വരുന്നതിന്റെ ഭാഗമായി, കഴിഞ്ഞ ഡിസംബറിൽ നടന്ന മിനി താരലേലത്തിൽ ടീമിൽ ചില അഴിച്ചുപണികൾ ചെന്നൈ സൂപ്പർ കിംഗ്സ് നടത്തിയിരുന്നു. വെസ്റ്റ് ഇൻഡീസ് വെറ്റെറൻ ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോയെ ടീമിൽ നിന്ന് ഒഴിവാക്കി പകരം ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെ ടീമിൽ എത്തിച്ചത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ സ്ക്വാഡ് കരുത്ത് വർദ്ധിപ്പിച്ചിരുന്നു. എന്നാൽ, ഐപിഎൽ 2023 സീസണിന് തയ്യാറെടുക്കുന്ന ചെന്നൈക്ക് ഇപ്പോൾ ഒരു തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്.
എംഎസ് ധോണി ഐപിഎൽ 2023 സീസൺ തന്റെ കരിയറിലെ അവസാന ഐപിഎൽ സീസൺ ആയിരിക്കും എന്ന് ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, ധോണി ടീം വിട്ടതിന് ശേഷം, ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൂടി ബെൻ സ്റ്റോക്സിനെ പരിഗണിക്കുന്നുണ്ട്. എന്നാൽ, ഐപിഎൽ 2023 സീസണിൽ മുഴുവൻ മത്സരങ്ങളിലും ബെൻ സ്റ്റോക്സിന്റെ സേവനം ചെന്നൈ സൂപ്പർ കിങ്സിന് ലഭിച്ചേക്കില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അയർലണ്ടിനെതിരെ ടെസ്റ്റ് മത്സരം ഉള്ളതിനാൽ, ബെൻ സ്റ്റോക്സ് സീസണിന്റെ പാതിവഴിയിൽ ഇംഗ്ലണ്ടിലേക്ക് തിരിക്കും എന്നാണ് കരുതപ്പെടുന്നത്. ഇംഗ്ലണ്ടും അയർലണ്ടും തമ്മിൽ ആകെ ഒരു ടെസ്റ്റ് മത്സരമാണ് നിശ്ചയിച്ചിരിക്കുന്നത്. ജൂൺ 1 മുതലാണ് മത്സരം ആരംഭിക്കുക. എന്നാൽ, ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ കൂടിയായ ബെൻ സ്റ്റോക്സിന്, അയർലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി വിശ്രമം ആവശ്യമാണെന്നും, അതുകൊണ്ട് അദ്ദേഹം ഐപിഎൽ അവസാനിക്കാൻ കാത്തുനിൽക്കില്ല എന്നുമാണ് റിപ്പോർട്ടുകൾ.
എന്തുതന്നെയായാലും, ഗ്രൂപ്പ് സ്റ്റേജിലെ എല്ലാ മത്സരങ്ങളിലും ചെന്നൈ സൂപ്പർ കിങ്സിന് ബെൻ സ്റ്റോക്സിന്റെ സേവനം ലഭ്യമായേക്കും. എന്നാൽ, ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ പ്ലേഓഫിലേക്ക് കടന്നാൽ, ഇംഗ്ലീഷ് ഓൾറൗണ്ടറുടെ സേവനം ചെന്നൈക്ക് ആശ്രയിക്കാൻ കഴിയില്ല. ഐപിഎൽ 2023-ന്റെ പ്ലേഓഫ് ഫിക്സ്ചർ ഇതുവരെ ബിസിസിഐ പുറത്തുവിട്ടിട്ടില്ല. ഓസ്ട്രേലിയൻ താരങ്ങൾക്കും ഐപിഎൽ 2023-ലെ മുഴുവൻ മത്സരങ്ങളിലും കളിക്കാൻ ആകില്ല എന്നാണ് കരുതപ്പെടുന്നത്.