ബെൻ സ്റ്റോക്സ് ന്യൂസിലാൻഡ് താരമാകേണ്ടതായിരുന്നു ; മുൻ ന്യൂസിലാൻഡ് ബാറ്റർ റോസ് ടൈലർ വെളിപ്പെടുത്തുന്നു

തന്റെ ആത്മകഥയായ ബ്ലാക്ക് ആൻഡ് വൈറ്റിലൂടെ ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുകയാണ് മുൻ ന്യൂസിലാൻഡ് ക്രിക്കറ്റ്‌ താരം റോസ് ടൈലർ. നേരത്തെ, ബ്ലാക്ക് ആൻഡ് വൈറ്റിലൂടെ റോസ് ടൈലർ അദ്ദേഹം നേരിട്ട വംശീയ അതിക്ഷേപവും, ഐപിഎൽ ടീം ഉടമ മുഖത്തടിച്ചതുമെല്ലാം പങ്കുവെച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ, റോസ് ടൈലർ നടത്തിയ മറ്റൊരു വെളിപ്പെടുത്തൽ ആണ് ശ്രദ്ധ നേടുന്നത്.

ഇംഗ്ലണ്ടിന്റെ ടെസ്റ്റ്‌ ക്യാപ്റ്റനായ ബെൻ സ്റ്റോക്സ് നേരത്തെ ന്യൂസിലാൻഡ് ക്രിക്കറ്റ്‌ ടീമിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് ടൈലറുടെ വെളിപ്പെടുത്തൽ. എന്നാൽ, ന്യൂസിലാൻഡ് ക്രിക്കറ്റ്‌ ബോർഡ് ഇക്കാര്യത്തിൽ വലിയ താൽപ്പര്യം കാണിച്ചില്ല എന്ന് ടൈലർ കുറ്റപ്പെടുത്തി. അന്ന് ന്യൂസിലാൻഡ് താൽപ്പര്യം കാണിച്ചിരുന്നെങ്കിൽ, ഇന്ന് ബെൻ സ്റ്റോക്സ് ന്യൂസിലാൻഡ് താരമാകുമായിരുന്നു എന്നും ടൈലർ തന്റെ ആത്മകഥയിൽ പരാമർഷിച്ചു.

“2010-ൽ ഡുർഹാമിന് വേണ്ടി കളിക്കുന്ന കാലം. അന്ന് ഡുർഹാമിന് വേണ്ടി കളിക്കുന്നതിനിടയിൽ, ഞാൻ അവനോട് (ബെൻ സ്റ്റോക്സ്) ന്യൂസിലാൻഡിന് വേണ്ടി കളിക്കാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചു. അന്ന് അവന് 18-19 വയസ്സ് പ്രായം കാണും. അവൻ ന്യൂസിലാൻഡിന് വേണ്ടി കളിക്കാൻ താൽപ്പര്യമുണ്ട് എന്ന് എന്നോട് പറഞ്ഞു,” റോസ് ടൈലർ പറയുന്നു.

“ഞാൻ ഇക്കാര്യം അന്നത്തെ ന്യൂസിലാൻഡ് ക്രിക്കറ്റ്‌ സിഇഒ ജസ്റ്റിൻ വോഗനുമായി സംസാരിച്ചു. എന്നാൽ, അവനോട് ന്യൂസിലാൻഡിൽ വന്ന് ആഭ്യന്തര മത്സരങ്ങൾ കളിക്കാൻ പറയു എന്നായിരുന്നു വോഗന്റെ മറുപടി. അദ്ദേഹത്തിന് അക്കാര്യത്തിൽ യാതൊരു താൽപ്പര്യവും ഇല്ലാത്ത പോലെയാണ് എനിക്ക് തോന്നിയത്. അന്ന് ക്രിക്കറ്റ്‌ ബോർഡ് ഇക്കാര്യം കാര്യമായി എടുത്തിരുന്നെങ്കിൽ, ഇന്ന് അവൻ ന്യൂസിലാൻഡ് ക്രിക്കറ്റർ ആകുമായിരുന്നു,” ടൈലർ പറഞ്ഞു.