നാല് വർഷം മനസ്സിൽ സൂക്ഷിച്ച പ്രതികാരം തീർത്ത് ഓസ്ട്രേലിയൻ ബാറ്റർ ; വിൻഡീസിൽ വെച്ച് തുടങ്ങിയ പകയ്ക്ക് പാകിസ്ഥാനിൽ മറുപടി
ആഗോള തലത്തിൽ ക്രിക്കറ്റിനെ ‘മാന്യന്മാരുടെ കളി’ എന്ന് വിശേഷിപ്പിക്കുമെങ്കിലും, വാശിയേറിയ മത്സരങ്ങൾക്കിടയിൽ വാക്ക് പോരും, പ്രകോപനപരമായ ആംഗ്യങ്ങളുമെല്ലാം ക്രിക്കറ്റ് പ്രേക്ഷകർക്ക് ഒരു സ്ഥിരം കാഴ്ച്ചയാണ്. എന്നാൽ, പെരുമാറ്റം അതിരുകടക്കുമ്പോൾ അത് കളിയുടെ മാന്യതയെ ചോദ്യം ചെയ്യുന്നു എന്നും പ്രേക്ഷകർക്ക് തോന്നിപ്പോകാറുണ്ട്. കഴിഞ്ഞ ദിവസം പാകിസ്ഥാൻ സൂപ്പർ ലീഗിൽ നടന്ന പെഷവാർ സാൽമിയും ക്വറ്റ ഗ്ലാഡിയേറ്റേഴ്സും തമ്മിലുള്ള മത്സരത്തിൽ സമാനമായ ഒരു കാഴ്ച്ചയ്ക്ക് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു.
പെഷവാർ സാൽമി – ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് മത്സരത്തിലെ ആദ്യ ഇന്നിംഗ്സിന്റെ 19-ാം ഓവറിലാണ് ഒരു പകപോക്കലിന് ആരാധകർ സാക്ഷികളായത്. 19-ാം ഓവർ എറിയാനെത്തിയ ഗ്ലാഡിയേറ്റേഴ്സ് താരം സൊഹൈൽ തഹൻവീറിനെ, തുടർച്ചയായി ആദ്യ മൂന്ന് പന്തും പെഷവാർ ബാറ്റർ ബെൻ കട്ടിംഗ് സിക്സ് പറത്തിയിടത്തുനിന്നാണ് സംഭവബഹുലമായ കാര്യങ്ങൾക്ക് തുടക്കമാവുന്നത്. തഹൻവീറിനെതിരെ ഹാട്രിക് സിക്സ് അടിച്ചതിന് ശേഷം, കട്ടിംഗ് തന്റെ ഇരു കയ്കളും ഉയർത്തി തഹൻവീറിന് നേരെ നടുവിരൽ നിവർത്തി കാണിച്ചാണ് സെലിബ്രേഷൻ നടത്തിയത്.
തുടർന്ന്, കട്ടിംഗിന്റെ പ്രവർത്തിയിൽ പ്രകോപിതനായ തൻവീർ കട്ടിംഗിന് നേരെ നടന്നടുക്കുകയും, ഇരുവരും വാക്തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. എന്നാൽ, അവിടം കൊണ്ടും കാര്യങ്ങൾ അവസാനിച്ചില്ല, തൻവീറിന്റെ അഞ്ചാം ബോളും സിക്സ് പറത്തി കട്ടിംഗ് തന്റെ ദേഷ്യമടക്കി. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അതോടെ അവസാനിച്ചു എന്ന് തോന്നിയെങ്കിലും, 20-ാം ഓവർ എറിയാനെത്തിയ നസീം ഷായുടെ ആദ്യ പന്തിൽ കട്ടിംഗ് തൻവീറിന്റെ ക്യാച്ചിൽ പുറത്തായതോടെ, തൻവീർ തനിക്ക് നേരെ കട്ടിംഗ് കാണിച്ച അതേ ആക്ഷൻ കട്ടിംഗിന് നേരെ കാണിക്കുകയും ചെയ്തു.
The entire Sohail Tanvir vs Ben Cutting battle. From 2018 to 2022. pic.twitter.com/XuV18PyiZ3
— Haroon (@hazharoon) February 15, 2022
അതേസമയം, തൻവീറും കട്ടിംഗും തമ്മിലുള്ള ഏറ്റുമുട്ടലിന് വർഷങ്ങളുടെ പഴക്കമുണ്ട് എന്ന് ആരാധകർ കണ്ടെത്തി. 2018 കരീബിയൻ പ്രീമിയർ ലീഗിൽ ഗയാന ആമസോൺ വാരിയേഴ്സും സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയറ്റ്സും തമ്മിലുള്ള മത്സരത്തിനിടെ, ഗയാനയെ പ്രതിനിധീകരിച്ച തൻവീർ, കട്ടിംഗിനെ പുറത്താക്കിയതിന് ശേഷം കട്ടിംഗിന് നേരെ നടുവിരൽ ഉയർത്തി സെലിബ്രേഷൻ നടത്തിയിരുന്നു. ഇതിനുള്ള മറുപടിയാണ് കട്ടിംഗ് കഴിഞ്ഞ ദിവസം നൽകിയത് എന്നാണ് ആരാധകർ പറയുന്നത്. എന്തുതന്നെ ആയാലും, പിഎസ്എൽ മത്സരത്തിനിടയിലെ മാന്യതയില്ലാത്ത പ്രവർത്തിയുടെ പേരിൽ ഇരു താരങ്ങൾക്കും ഫീൽഡ് അമ്പയർ മാച്ച് ഫീയുടെ 15% പിഴ ചുമത്തി.