ഉമ്രാൻ മാലിക്കിനെ നേരിടാൻ ദക്ഷിണാഫ്രിക്ക പ്രത്യേക തയ്യാറെടുപ്പുകൾ നടത്തും ; ക്യാപ്റ്റൻ ബാവുമ പറയുന്നു

ഇന്ത്യൻ ടീമിലെ യുവ സ്പീഡ്സ്റ്ററായ ഉമ്രാൻ മാലിക് തന്റെ ടീമിന് ഭീഷണിയാണെന്നും, അതുകൊണ്ട് ഉമ്രാൻ മാലിക്കിനെ നേരിടുന്നതിൽ തന്റെ ടീം ജാഗ്രത പുലർത്തുമെന്നും ദക്ഷിണാഫ്രിക്കൻ വൈറ്റ്-ബോൾ ക്യാപ്റ്റൻ ടെംബ ബാവുമ പറഞ്ഞു, എന്നാൽ, തങ്ങളുടെ ബൗളിംഗ് ഡിപ്പാർട്ട്‌മെന്റിൽ തുല്യ വേഗതയിൽ പന്തെറിയാൻ കെൽപ്പുള്ള ബൗളർമാർ ഉള്ളതിനാൽ തങ്ങൾ നന്നായി തിരിച്ചടിക്കുമെന്ന് ടെംബ ബാവുമ മുന്നറിയിപ്പ് നൽകി.

ഐ‌പി‌എൽ 2022 സീസണിൽ മികച്ച പേസിലൂടെ തിളങ്ങിയ ഉംറാൻ മാലിക്, സീസണിലെ രണ്ടാമത്തെ വേഗതയേറിയ ഡെലിവറിയുടെ (157 കിലോമീറ്റർ) ഉടമ കൂടിയാണ്. ഈ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ജമ്മു കശ്മീർ താരത്തിന് ദക്ഷിണാഫ്രിക്കക്കെതിരായ 5 ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരക്കുള്ള ദേശീയ ടീമിലേക്ക് കന്നി കോൾ അപ്പ് ലഭിച്ചത്.

“150 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്നവർ ഞങ്ങൾക്കുണ്ട്. അതുകൊണ്ട് ഞങ്ങളുടെ ആയുധപ്പുരയിലും ആ ആയുധമുണ്ട് എന്ന് ഓർക്കണം. എന്നാൽ, ഉമ്രാൻ മാലിക് ടീം ഇന്ത്യയ്ക്ക് ഒരു പ്രത്യേക പ്രതിഭയാണ്, അന്താരാഷ്ട്ര ക്രിക്കറ്റിൽ അദ്ദേഹത്തിന് ഐപിഎൽ പ്രകടനം അനുകരിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” പരമ്പരയ്ക്ക് മുന്നോടിയായി ബാവുമ പറഞ്ഞു. തീർച്ചയായും, എല്ലാ ടീമുകളും ടി20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ബാവുമയും ഇതേ അഭിപ്രായം പ്രകടിപ്പിക്കുകയും മാർക്വീ ഇവന്റിന് അനുയോജ്യമായ കളിക്കാരെ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

“കളിക്കാർക്ക് വിശ്രമം നൽകാൻ ഞങ്ങൾക്ക് ഒരുപാട് താരങ്ങളില്ല. ഇന്ത്യ കുറച്ച് കളിക്കാർക്ക് വിശ്രമം നൽകിയേക്കാം, പക്ഷേ അവർക്ക് വേണ്ടി ഞങ്ങൾക്കെതിരെ കളിക്കാൻ വരുന്നവർ മികച്ച ഫോമിലാണ്, മികച്ച കളിക്കാരാണ്. ലോകകപ്പിന് തയ്യാറെടുക്കുക എന്നതാണ് പ്രധാനം. ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുന്നതിന്റെ ഒരു പ്രധാന പ്രക്രിയയായിരിക്കും ഇന്ത്യക്കെതിരായ പരമ്പര,” ക്യാപ്റ്റൻ ബാവുമ പറഞ്ഞു.

Rate this post