ഇതൊന്നും മാന്യത അല്ല 😳😳😳ഞങ്ങളാണേൽ അവർ ബാറ്റ് ചെയ്യാൻ തിരികെ വിളിക്കും: അഭിപ്രായവുമായി ജോസ് ബട്ട്ലർ

കളിയുടെ നിയമം അനുശാസിക്കുന്ന ഏതൊരു മാർഗ്ഗവും സ്വീകരിച്ച് തന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കുക എന്നതിനാണ് ഏതൊരു കളിക്കാരനും പ്രഥമ പരിഗണന നൽകുക. ക്രിക്കറ്റിൽ മങ്കാദിങ് വിക്കറ്റ് വീഴ്ത്താൻ ക്രിക്കറ്റ് നിയമങ്ങൾക്ക് വിധേയമായ ഒരു മാർഗമാണ്. നേരത്തെ, മങ്കാദിങ് അൺഫെയർ രീതിയായിയാണ് കണ്ടിരുന്നതെങ്കിലും, പിന്നീട് മങ്കാദിങ് റൺഔട്ട് ആയി പരിഗണിക്കുന്ന രീതിയിൽ ക്രിക്കറ്റ് നിയമങ്ങൾ പുതുക്കുകയായിരുന്നു. തുടർന്ന്, നിരവധി തവണ പല ക്രിക്കറ്റർമാരും മങ്കാദിങ് പ്രയോജനപ്പെടുത്തിയിട്ടുമുണ്ട്.

എന്നാൽ, മങ്കാദിങ് ഇപ്പോഴും ഒരു വിഭാഗം ക്രിക്കറ്റർമാർ ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേർന്നതല്ലാത്ത പ്രവർത്തിയായി ആണ് കാണുന്നത്. അടുത്തിടെ, ഇന്ത്യ – ഇംഗ്ലണ്ട് വനിത ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിന്റെ നിർണ്ണായക വിക്കറ്റ് മങ്കാദിങ് വഴി ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ വീഴ്ത്തിയത്, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്രിക്കറ്റ് ലോകത്ത് വലിയ സംസാര വിഷയമായിട്ടുണ്ട്. ഇപ്പോൾ, ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് വൈറ്റ് ബോൾ ക്യാപ്റ്റൻ ജോസ് ബട്ട്ലർ.

നേരത്തെ, ഐപിഎല്ലിൽ ഇന്ത്യൻ സ്പിന്നർ അശ്വിൻ ജോസ് ബട്ട്ലറെ മങ്കാദിങ് വഴി പുറത്താക്കിയിട്ടുണ്ട്. മങ്കാദിങ് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേർന്ന പ്രവർത്തിയല്ല എന്ന് വാദിക്കുന്ന കൂട്ടത്തിലുള്ള താരമാണ് ബട്ട്ലർ. “ഞാൻ ഇപ്പോഴും പറയുന്നു അത് (മങ്കാദിങ്) ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേർന്നതല്ല. എന്റെ സഹതാരങ്ങൾ ഇത്തരത്തിൽ എതിർ താരങ്ങളെ പുറത്താക്കിയാൽ ഞാൻ അവരെ തിരികെ വിളിക്കും, അത് ലോകകപ്പിൽ ആയാലും,” ബട്ട്ലർ പറയുന്നു.

“കാരണം, അത്തരത്തിൽ ഒരു സംഭവം നടന്നാൽ, ക്രിക്കറ്റ്‌ ലോകം മുഴുവൻ അതിനെക്കുറിച്ച് മാത്രമായിരിക്കും സംസാരിക്കുക. ക്രിക്കറ്റിൽ എപ്പോഴും ബോളും ബാറ്റും തമ്മിലുള്ള പോരാട്ടത്തെ കുറിച്ച് സംസാരിക്കണം എന്ന് കരുതുന്ന ആളാണ് ഞാൻ,” ബട്ട്ലർ പറഞ്ഞു. അതേസമയം, ബോൾ ഡെലിവേർഡ് ചെയ്യുന്നതിന് മുൻപ് നോൺ സ്ട്രൈക്ക് ബാറ്റർമാർ ക്രീസ് വിടുന്നത് പ്രയോജനപ്പെടുത്തുന്നത് തടയാൻ വേണ്ടി പുതിയ നിയമങ്ങൾ അവതരിപ്പിക്കണമെന്നും ബട്ട്ലർ പറഞ്ഞു.