നോ ഫോർ ഓൺലി സിക്സ്!!! റെക്കോർഡിൽ സഞ്ജു സാംസണെ തട്ടി ജോസ് ബറ്റ്ലർ

രാജസ്ഥാൻ റോയൽസിന്റെ തുടർച്ചയായ രണ്ടാം മത്സരത്തിലും റോയൽസിന്റെ ടോപ് സ്കോററായി ഇംഗ്ലീഷ് ബാറ്റർ ജോസ് ബറ്റ്ലർ. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിലെ റോയൽസിന്റെ മൂന്നാം മത്സരത്തിൽ, പുറത്താകാതെ 70 റൺസാണ് ബറ്റ്ലർ നേടിയത്. 47 പന്തിൽ 6 സിക്സറുകൾ അടങ്ങിയതായിരുന്നു റോയൽസ് ഓപ്പണറുടെ ഇന്നിംഗ്സ്. 20 ഓവർ ക്രീസിൽ തുടർന്ന ബറ്റ്ലർ തന്റെ ഇന്നിംഗ്സിൽ ഒരു ഫോർ പോലും നേടിയില്ല എന്നത് ശ്രദ്ധേയമാണ്.

ഇതോടെ ഒരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് സ്റ്റാർ ബാറ്റർ. ഐപിഎൽ ചരിത്രത്തിൽ ഒരു ഫോർ പോലും അടിക്കാതെ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്ററായി മാറിയിരിക്കുകയാണ് ജോസ് ബറ്റ്ലർ. നേരത്തെ, കോൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് ബാറ്റർ നിതിഷ് റാണ (62) യുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് ആണ് ബറ്റ്ലർ (70) മറികടന്നത്.

ഈ പട്ടികയിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ (61), മുൻ രാജസ്ഥാൻ റോയൽസ് താരമായിരുന്ന (നിലവിൽ ഗുജറാത്ത്‌ ടൈറ്റൻസ്) രാഹുൽ തിവാതിയ (53) എന്നിവരാണ്. ഈ സീസണിലെ ബറ്റ്ലറുടെ ഇന്നിംഗ്സുകൾ പരിശോധിച്ചാൽ, ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 35 റിൻസെടുത്ത ബറ്റ്ലർ, റോയൽസിന്റെ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ (100) സെഞ്ച്വറി നേടിയിരുന്നു.

ഇതോടെ, മൂന്ന് മത്സരങ്ങളിൽ നിന്ന് 205 റൺസെടുത്ത ജോസ് ബറ്റ്ലർ നിലവിൽ ഓറഞ്ച് ക്യാപ് റേസിൽ ഒന്നാമതാണ്. ബറ്റ്ലറുടെ സ്ഥിരതയാർന്ന ബാറ്റിംഗ് പ്രകടനം റോയൽസിനെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷകളാണ് നൽകുന്നത്. ഏപ്രിൽ 10-ന് ലഖ്നൗ സൂപ്പർ ജിയന്റ്സിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം.