ഒരൊറ്റ ബോളിൽ ഏഴ് റൺസ്‌ 😱ബംഗ്ലാദേശ് ഫീൽഡർമാരുടെ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ന്യൂസിലാൻഡ് ബംഗ്ലാദേശ് ടെസ്റ്റ്‌ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ, ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡിന് തകർപ്പൻ തുടക്കം. 88 ഓവറുകൾ പിന്നിടുമ്പോൾ, ഒരു വിക്കറ്റ് നഷ്ടത്തിൽ 345 റൺസ് എടുത്ത് കിവീസ് ബംഗ്ലാദേശിനെതിരെ ആധിപത്യം പുലർത്തുകയാണ്. എന്നാൽ, ഹാഗ്ലി ഓവൽ സ്റ്റേഡിയത്തിൽ ഇന്ന് (ഞായറാഴ്ച്ച) ആരംഭിച്ച മത്സരത്തിൽ, ബംഗ്ലാദേശ് ഫീൽഡർമാർക്ക് സംഭവിച്ച തുടർച്ചയായ അബദ്ധങ്ങൾ ശ്രദ്ധേയമായി.

മത്സരത്തിന്റെ 25-ാം ഓവറിലെ അവസാന പന്തിലാണ് രസകരമായ സംഭവം അരങ്ങേറിയത്. ബംഗ്ലാദേശ് പേസർ എബഡോത്ത് ഹൊസൈൻ, ന്യൂസിലൻഡ് ഓപ്പണർ വിൽ യങിന് നേരെ എറിഞ്ഞ അവസാന പന്ത്‌, യംഗ് ഓഫ് സ്റ്റംപിന് പുറത്ത് സ്ലിപ്പിലേക്ക് തട്ടിയിടുകയായിരുന്നു. എന്നാൽ, ഫസ്റ്റ് സ്ലിപ്പിലെ ഫീൽഡറുടെ കൈകളിലേക്ക് ചെന്ന പന്തിനെ സെക്കൻഡ് സ്ലിപ്പിലെ ഫീൽഡർ ഡൈവ് ചെയ്ത് തട്ടിയിടാനാൻ ശ്രമിക്കുകയായിരുന്നു. പക്ഷെ, പന്ത് ഫീൽഡറുടെ വിരലുകളിൽ നിന്ന് ഫൈൻ ലെഗിലേക്ക് വ്യതിചലിച്ച് ബൗണ്ടറി ലൈനിലേക് അടുത്ത് നീങ്ങി.

ന്യൂസിലാൻഡ് ബാറ്റർമാരായ യംഗും, ടോം ലഥാമും, മൂന്ന് റൺസ് ഓടിയെടുക്കുവയും ചെയ്തു. എന്നാൽ, ഫൈൻ ലെഗിലേക്ക് പോയ പന്തിനെ ബംഗ്ലാദേശ് ഫീൽഡർ നൂറുൽ ഹസൻ പിന്തുടർന്ന് ബൗണ്ടറി തടയുകയും, പന്ത് വിക്കറ്റ് കീപ്പറിലേക്ക് എറിയുകയും ചെയ്തു. എന്നാൽ, ന്യൂസിലാൻഡ് ബാറ്റർ നോൺ-സ്ട്രൈക്ക് എൻഡിൽ എത്തിയിട്ടില്ല എന്ന് മനസ്സിലാക്കിയ വിക്കറ്റ് കീപ്പർ, അതിവേഗം പന്ത് ബൗളിംഗ് എൻഡിലേക്ക് എറിയുകയായിരുന്നു.

എന്നാൽ, ഒട്ടും പ്രതീക്ഷിക്കാതെ വന്ന പന്ത് കൈകളിൽ ഒതുക്കാൻ എബഡോത്ത് ഹൊസൈന് സാധിക്കാതെ വന്നതോടെ, പന്ത് ഒഴിഞ്ഞ മൈതാനത്തിലൂടെ നീങ്ങുകയും, ഒടുവിൽ ബൗണ്ടറി ലൈൻ തൊടുകയും ചെയ്തു. ഇതോടെ ഒരു പന്തിൽ 7 റൺസും ഒരു ലൈഫ്‌ലൈനും ന്യൂസിലൻഡ് ഓപ്പണർ വിൽ യങിന് ലഭിച്ചു. 54 റൺസെടുത്ത യങിന്റെ വിക്കറ്റ് മാത്രമാണ് ന്യൂസിലാൻഡിന് നഷ്ടമായിരിക്കുന്നത്. ടോം ലഥാം (186), ഡിവോൺ കോൺവെ (95) എന്നിവർ ന്യൂസിലാൻഡിന് വേണ്ടി ക്രീസിൽ തുടരുന്നു.